raju
കുടനിര്‍മാണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന രാജു

തൃശ്ശൂര്‍: പത്തില്‍ പഠിക്കുമ്പോള്‍ ചാവക്കാട് സ്‌കൂളില്‍നടന്ന ജില്ലാ കായികമേളയില്‍ പോള്‍വാള്‍ട്ടില്‍ ഒന്നാംസ്ഥാനം നേടിയപ്പോള്‍ കൂട്ടുകാര്‍ ഉയര്‍ത്തിയ ആരവം മനസ്സിലിപ്പോഴുമുണ്ട് -രാജുവിനെ തോല്‍പ്പിക്കാനാവില്ലെടാ... തുടിക്കുന്ന യൗവനത്തില്‍ പനിയെത്തുടര്‍ന്ന് ശരീരത്തിന്റെ മുക്കാല്‍ഭാഗവും തളര്‍ന്നപ്പോള്‍ രാജുവിന്റെ മനസ്സിന് പ്രേരണയായത് അന്നത്തെ ആ ആരവമാണ്.

കട്ടിലില്‍ തളര്‍ന്നുകിടക്കുമ്പോഴും തൊഴില്‍ചെയ്ത് പണം സമ്പാദിക്കുന്ന രാജുവിന് ഈ ചെറിയ ലോക്ഡൗണില്‍ തളര്‍ന്നുപോയവരോട് പറയാന്‍ ഇത്രമാത്രം -"36 വര്‍ഷമായി സമ്പൂര്‍ണ ലോക് ഡൗണിലാണ് ഞാന്‍ സഹോദരരേ. തളര്‍ന്നത് ശരീരം മാത്രം, മനസ്സല്ല".

തൃശ്ശൂര്‍ ചേലക്കര കുറുമല വട്ടുള്ളിയിലെ വീട്ടില്‍ രാജുചെയ്യാത്ത ജോലികള്‍ ഒന്നുമില്ല. കുടനിര്‍മാണം, കുട നന്നാക്കല്‍, പേപ്പര്‍പേന നിര്‍മാണം, ആംപ്ലിഫയര്‍ നിര്‍മാണം, എയര്‍കണ്ടീഷന്‍ അറ്റകുറ്റപ്പണി, റേഡിയോ സര്‍വീസ്, വയറിങ്ങിനുള്ള സ്‌കെച്ച് തയ്യാറാക്കല്‍, എല്‍.ഇ.ഡി. അലങ്കാരപ്പണികള്‍ തുടങ്ങി എന്തുംചെയ്യും.

ഷൊര്‍ണൂരിലെ ഐ.ടി.ഐ.യില്‍നിന്ന് എ.സി. മെക്കാനിക്ക് കോഴ്‌സ് പൂര്‍ത്തിയാക്കിയ രാജു 1980-ല്‍ ജോലിക്കായി മുംബൈയിലെത്തി. തിരക്കുപിടിച്ച ജോലിയും നല്ലവരുമാനവുമായി മുന്നേറുമ്പോഴാണ് 1984-ല്‍ ചെറിയ പനി പിടിപെട്ടത്. മൂത്രതടസ്സത്തിന് മരുന്നുതേടി ആശുപത്രിയിലെത്തിയ രാജു പിറ്റേന്ന് തളര്‍ന്ന് കിടപ്പിലായി. 28 ദിവസത്തെ ആശുപത്രിവാസത്തിനുശേഷം തിരിച്ച് നാട്ടിലെത്തി.

പരിചരിക്കാന്‍ അച്ഛനും അമ്മയും രണ്ടു സഹോദരന്മാരും ഉണ്ടായിരുന്നു. എന്നാല്‍, ഏറെ വൈകാതെ അവരെല്ലാം ഈ ലോകത്തുനിന്ന് യാത്രയായി. ഇതോടെ ഉപജീവനത്തിനായി രാജു റേഡിയോ സര്‍വീസ് ആരംഭിച്ചു. റേഡിയോ ജനങ്ങളില്‍നിന്ന് അകന്നപ്പോള്‍ കുട നന്നാക്കല്‍ തുടങ്ങി. അങ്ങനെ ഓരോ മേഖലയിലേക്ക് പതിയെ പ്രവേശിച്ചു. 2008-ല്‍ ജീവിതപങ്കാളിയായി കൊല്ലത്തെ ചിന്നമ്മ എത്തി.

ജില്ലാ പഞ്ചായത്ത് നല്‍കിയ മുച്ചക്ര സ്‌കൂട്ടറുണ്ട്. ചിന്നമ്മ രാജുവിനെ എടുത്ത് അതില്‍ ഇരുത്തും. പിന്നില്‍ ചിന്നമ്മ ഇരിക്കും. ആ വണ്ടിയില്‍ തൃശ്ശൂര്‍ ടൗണിലെത്തി കുടക്കമ്പനിയില്‍നിന്ന് കിറ്റുവാങ്ങും. ഒരു കിറ്റിന് 195 രൂപയാണ് വില. വീട്ടിലെത്തി കുട നിര്‍മിച്ച് വില്‍ക്കും. 250 മുതല്‍ 300 രൂപവരെ കിട്ടും. കൂറിയര്‍ ആയും കുട അയച്ചുകൊടുക്കും.

രാജുവിനെ സഹായിക്കാന്‍ ഏറെപ്പേരുള്ളതിനാല്‍ വില്‍പ്പനയ്ക്ക് പഞ്ഞമില്ല. പേപ്പര്‍ പേന വാങ്ങാന്‍വേണ്ടി വിദ്യാര്‍ഥികളും അധ്യാപകരും ഏറെയുണ്ട്. ലോക്ഡൗണില്‍ ക്ലാസുകള്‍ ഇല്ലാതായതോടെ വില്‍പ്പന കുറഞ്ഞു. ആംപ്ലിഫയര്‍ വാങ്ങാനും വയറിങ് സേവനം തേടിയും ആള്‍ക്കാരെത്താറുണ്ട്. ആ വഴിക്കുമുണ്ട് ചെറിയ വരുമാനം. പ്രായം 59 ആയി. ഇപ്പോഴും അന്ന് ചാവക്കാട്ട് പോള്‍വാള്‍ട്ട് മത്സരം നടന്നപ്പോഴുണ്ടായിരുന്ന ചെറുപ്പമാണ് മനസ്സിനെന്ന് രാജു പറയുന്നു.

content highlights: story of raju- paralyzed man from thrissur, who overcomes disabilities