കാന്‍സറിനോട് എനിക്ക് യാതൊരു ദേഷ്യവുമില്ല. സ്‌നേഹം മാത്രമേയുള്ളൂ. പ്രിയപ്പെട്ടവര്‍ ഇത്രയും നന്നായി പിന്തുണയ്ക്കുമ്പോഴും ഒപ്പമുണ്ടാകുമ്പോഴും ക്യാന്‍സറിനോട് എങ്ങനെ ദേഷ്യമുണ്ടാകാനാണ്? മറ്റുള്ളവര്‍ക്ക് ക്യാന്‍സറാണെന്ന് അറിയുമ്പോള്‍ മുമ്പൊക്കെ വലിയപേടിയായിരുന്നു. പക്ഷെ ഇപ്പോള്‍ അങ്ങനെയില്ല. ഒരു പോറലുപോലും ഏല്‍പിക്കാതെയും നെഗറ്റീവ് ചിന്തകളെ എപ്പോഴും അകറ്റി നിര്‍ത്തുകയും ചെയ്യുന്ന ഭര്‍ത്താവ് ബാദുഷയാണ് ഏറ്റവും വലിയ പിന്തുണ- കാന്‍സറിനെ അതിജീവിച്ചു കൊണ്ടിരിക്കുന്ന തൃശ്ശൂര്‍ സ്വദേശിനി ശ്രുതിയുടെ വാക്കുകളാണിത്. 

ഇക്കഴിഞ്ഞ നവംബര്‍ ഒന്നാം തിയതിയായിരുന്നു ശ്രുതിയുടെയും തൃശ്ശൂര്‍ കേച്ചേരി സ്വദേശിയായ ബാദുഷയുടെയും ഒന്നാം വിവാഹവാര്‍ഷികം. വിവാഹവാര്‍ഷികത്തില്‍ ശ്രുതിക്ക് ആശംസകള്‍ നേര്‍ന്നുകൊണ്ട് ബാദുഷ എഴുതിയ ഫെയ്‌സ്ബുക്ക് പോസ്റ്റ് സാമൂഹികമാധ്യമങ്ങളില്‍ വൈറലായിരുന്നു. 

ഇങ്ങനെയായിരുന്നു ബാദുഷയുടെ ഫെയ്‌സ്ബുക്ക് കുറിപ്പ്....

facebook
Image courtesy:
Facebook/Shaan Ibraahim Badhshah

ഒരു ചെമ്പരത്തിപ്പൂവിലായിരുന്നു തുടങ്ങുന്നത്. കോളേജ് ലൈഫ് തുടങ്ങുമ്പോള്‍ ഒരു വെല്ലുവിളിയുമായി കടന്നുവന്ന പെണ്‍കുട്ടി. ചെമ്പരത്തി പൂവും ചെവിയില്‍ വെച്ച് വരാന്തയിലൂടെ ഒന്ന് നടക്കണം. കയ്യില്‍ ചേര്‍ത്ത് പിടിക്കാന്‍ ഒരു പെണ്ണുണ്ടെങ്കില്‍ നടക്കാം എന്ന് ഞാനും പറഞ്ഞു. അന്നുമുതല്‍ എന്റെ ജീവിതത്തില്‍ ശ്രുതി ചെമ്പു ആവുകയായിരുന്നു.പുറകെ നടന്നു ശല്യം ചെയ്ത ചെക്കന്‍മാരെ കണ്ട് പേടിച്ച അവളുടെ കൈകള്‍ ചേര്‍ത്ത് പിടിച്ച് ഞാന്‍ അവരോട് പറഞ്ഞു...??'നോക്കണ്ട എന്റെ പെണ്ണാ'. മനസ്സില്‍ ഒരുപാട് സന്തോഷം ഒളിപ്പിച്ച് മുഖവും വീര്‍പ്പിച്ച് അവള്‍ പോയി. ശ്രുതി ചെമ്പു വായി, ചെമ്പു കൂട്ടുകാരി ആയി,പ്രണയമായി,പ്രണയിനി ജീവനായി .
പ്രണയം ജീവിതമാക്കാന്‍ വേണ്ട പരിശ്രമങ്ങള്‍ക്ക് കൂടെ കട്ടക്ക് നിന്നു എന്നെ സ്‌നേഹിച്ചു തോല്‍പ്പിച്ചു . ആ സ്‌നേഹത്തിന് സമ്മാനമായി കഴുത്തിലോരു മിന്നിട്ടു കൂടെ കൂട്ടി. പ്രണയിനി അങ്ങനെ ജീവിത സഖി ആയി

നമ്മുടെ പൂന്തോട്ടത്തില്‍ സുഗന്ധം നിറച്ചിരുന്ന പൂവിലെ ഒരു ഇതള്‍ അടര്‍ന്നു വീണിരിക്കുന്നു . .ഒരു വര്‍ഷം
തിരിച്ചറിവിന്റെ വര്‍ഷം... ജീവിതയാത്രയിലെ ആദ്യ വര്‍ഷം
Happy wedding anniversary ' 'പ്രിയ സഖി

തൃശ്ശൂര്‍ കോ ഓപ്പറേറ്റീവ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജിലെ സഹപാഠികളായിരുന്ന ശ്രുതിയും ബാദുഷയും 2017  നവംബര്‍ ഒന്നിനാണ് വിവാഹിതരാകുന്നത്. വ്യത്യസ്ത മതവിഭാഗത്തില്‍നിന്നുള്ളവരായതിനാല്‍തന്നെ വിവാഹത്തിന് ഇരുകുടുംബങ്ങളുടെയും സമ്മതമുണ്ടായിരുന്നില്ല. എങ്കിലും വീട്ടുകാരെ അറിയിച്ചു കൊണ്ടുതന്നെ ഇവര്‍ വിവാഹിതരായി. 

sruthy and badusha
 ശ്രുതിയും ബാദുഷയും വിവാഹവേളയില്‍,
Photo courtesy:Shaan Ibraahim Badhshah

തുടര്‍ന്ന് ബാദുഷയുടെ ജോലിസ്ഥലമായ ഹൈദരാബാദിലേക്ക് പോയി. തൊട്ടടുത്ത മാസം ശ്രുതിയുടെ കഴുത്തില്‍ ഒരു മുഴ പ്രത്യക്ഷപ്പെട്ടു. ആദ്യം പരിശോധിച്ച ഡോക്ടറുടെ നിഗമനം അത് ടി ബിയാണെന്നായിരുന്നു. തുടര്‍ന്ന് ടി ബിക്കുള്ള ചികിത്സകള്‍ നടത്തി. പിന്നീട് നാലുമാസങ്ങള്‍ക്കു ശേഷമാണ് അസുഖം ലിംഫോമയാണെന്ന് തിരിച്ചറിയുന്നത്. 

പുതിയ ജീവിതത്തിലേക്ക് അപ്രതീക്ഷിതമായെത്തിയ ക്യാന്‍സര്‍ എന്ന അതിഥിയെ ഒട്ടുംഭയമില്ലാതെ നേരിടുകയായിരുന്നു പിന്നീട് ബാദുഷയും ശ്രുതിയും.ഇതിന്റെ ഭാഗമായി ബാദുഷ അവധിയെടുത്ത് ശ്രുതിയുമൊത്ത് നാട്ടിലെത്തി. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ശ്രുതിക്ക് ചികിത്സ തേടി. 12 കീമോതെറാപ്പികളാണ് ശ്രുതിക്ക് ചെയ്യേണ്ടത്. ഇതിനോടകം പത്ത് കീമോകള്‍ പൂര്‍ത്തിയായി. രണ്ടാഴ്ചയാണ് ഓരോ കീമോയും തമ്മിലുള്ള ഇടവേള. ഡിസംബര്‍ മൂന്നിനാണ് 12-ാമത്തെ കീമോ ചെയ്യേണ്ട തിയതി. 

sruthy and badusha
Photo courtesy:Shaan Ibraahim Badhshah

കീമോ തെറാപ്പി ചെയ്യുമ്പോള്‍ മുടി പോകുമെന്ന് ഡോക്ടര്‍ പറഞ്ഞിരുന്നു. രണ്ടാമത്തെ കീമോയോടെ മുടി വലിയ തോതില്‍ കൊഴിയാന്‍ തുടങ്ങി. എന്നാല്‍ പിന്നെ തല മുണ്ഡനം ചെയ്യാമെന്ന് തീരുമാനിച്ചു. അതിനായി പുറത്തുപോയപ്പോള്‍ ബാദ്ഷയും തല മുണ്ഡനം ചെയ്തു. ക്യാന്‍സര്‍ കാരണം നഷ്ടമായത് മുടി മാത്രമാണ്. മറ്റൊന്നുമില്ല- ശ്രുതി കൂട്ടിച്ചേര്‍ക്കുന്നു. രോഗം 90 ശതമാനത്തോളം ഭേദമായെന്ന് ചികിത്സിക്കുന്ന ഡോക്ടര്‍ കെ പവിത്രന്‍ പറഞ്ഞിട്ടുണ്ട്. ഡോക്ടറിലുള്ള വിശ്വാസവും രോഗത്തെ അതിജീവിക്കാന്‍ സഹായിച്ചുവെന്നും ആത്മവിശ്വാസത്തോടെ ശ്രുതി പറയുന്നു.

വേദനയും ഒറ്റപ്പെടലും എന്തെന്ന് അറിയുകയും അതിനെ അതിജീവിക്കാന്‍ സാധിച്ചതുകൊണ്ടുമാണ് ശ്രുതിക്ക് ഇങ്ങനെ ആത്മവിശ്വാസത്തോടെ സംസാരിക്കാന്‍ സാധിച്ചതെന്നാണ് ബാദുഷ പറയുന്നത്. അത്രയധികം വേദന ശ്രുതി സഹിച്ചിട്ടുണ്ട്- ബാദുഷ കൂട്ടിച്ചേര്‍ക്കുന്നു. രോഗമാണെന്ന് തിരിച്ചറിയുന്ന സമയത്ത് പലരും വിളിക്കും. പല മരുന്നുകളും മാര്‍ഗങ്ങളും പറയും. അതിലൂടെ രോഗം പൂര്‍ണമായി ഭേദമാകുമെന്നും അവകാശപ്പെടും. എന്നാല്‍ അത്തരം മാര്‍ഗങ്ങള്‍ക്ക്‌ പിന്നാലെ പോകുന്നതിനു പകരം ശാസ്ത്രീയമാര്‍ഗങ്ങള്‍ അവലംബിക്കുകയാണ് വേണ്ടതെന്നും ബാദുഷ കൂട്ടിച്ചേര്‍ക്കുന്നു. 

content highlights: Story of cancer patient sruthy and her supportive husband Shaan Ibraahim Badhshah