"ഒരുപാട് പേരെ രക്ഷിക്കാനാവും എന്നെയിങ്ങനെ ഇട്ടിരിക്കുന്നത്." ഷൗക്കത്തലി എന്ന അമ്പത്തിയെട്ടുകാരന് ജീവിതം മടുത്തതിന്റെ നിരാശയല്ല, മറിച്ച് ചാരിതാര്‍ഥ്യവും ആത്മസംതൃപ്തിയുമാണ്. അച്ചന്‍കോവിലാറിന്റെ ആഴപ്പരപ്പിലേക്ക് മുങ്ങിത്താണ് അവസാനിക്കേണ്ടിയിരുന്ന ഒരുപാട് ജീവനുകളാണ് ഷൗക്കത്തലി തിരികെ നല്‍കിയത്, തന്റെ വലതുകാലിനുള്ള സ്വാധീനക്കുറവ് ആ നിമിഷങ്ങളില്‍ ഷൗക്കത്തലി മനഃപൂര്‍വ്വം മറക്കും. അവസാനിക്കാന്‍ തുടങ്ങുന്ന ജീവനെ കുറിച്ച് മാത്രമാണ് ആ നേരത്ത് കൊല്ലക്കടവ് വലിയപറമ്പില്‍ തെക്കേതില്‍ ഷൗക്കത്തലി ചിന്തിക്കുക. 

ആത്മഹത്യ- പലരുടേയും അവസാനമാര്‍ഗ്ഗമാണ്

ജീവനൊടുക്കാന്‍ അച്ചന്‍കോവിലാറിലേക്ക് ചാടിയതും കൊല്ലക്കടവ് പാലത്തില്‍ ചുറ്റിത്തിരിഞ്ഞതുമായ നിരവധി പേരെ ഷൗക്കത്തലി ജീവിതത്തിലേക്ക് തിരിച്ചയച്ചു. അതില്‍ ഏറ്റവും ഒടുവിലത്തേതാണ് തിങ്കളാഴ്ചത്തേത്. കൊല്ലക്കടവ് പാലത്തില്‍നിന്ന് ഉച്ചയ്ക്ക് ആറ്റിലേക്ക് ചാടിയ ഇരുപത്തിനാലുകാരിയെ ഒപ്പം ചാടി മുടിയില്‍ പിടിച്ചാണ് ഷൗക്കത്തലി ജീവിതത്തിലേക്ക് തിരികെ ഉയര്‍ത്തിയത്. തന്റെ മുച്ചക്ര സ്‌കൂട്ടറില്‍ പോകുകയായിരുന്ന ഷൗക്കത്തലിയെ തടഞ്ഞു നിര്‍ത്തിയാണ് റോഡില്‍ നിന്ന ഒരാള്‍ യുവതി ആറിനരികെ നില്‍ക്കുന്ന കാര്യം ധരിപ്പിച്ചത്. ഷൗക്കത്തലി അരികിലെത്തുന്നതിന് തൊട്ടുമുമ്പ് യുവതി വെള്ളത്തിലേക്ക് ചാടി. 

ഒട്ടും വൈകിയില്ല ഷൗക്കത്തലി. പിന്നാലെ ചാടി യുവതിയെ കരക്കെത്തിച്ചു. പിന്നീട് പോലീസിനെ വിവരമറിയിച്ചു. പോലീസെത്തി ആശുപത്രിയിലേക്ക് മാറ്റിയ യുവതി ഇപ്പോള്‍ ദയാഭവനില്‍ സംരക്ഷണയിലാണ്. വീഴ്ചയില്‍ യുവതിയ്ക്ക് പരിക്കുകളുണ്ടെങ്കിലും ഗുരുതരമല്ല. ദയാഭവന്റെ ചുമതലയുള്ള ഫാ. പി.കെ. വര്‍ഗ്ഗീസ്  വിളിച്ചതിനെ തുടര്‍ന്ന് ദയാഭവനിലെത്തി യുവതിയെ കണ്ടെങ്കിലും യുവതിയോട് സംസാരിക്കാന്‍ ഷൗക്കത്തലി ശ്രമിച്ചില്ല. 

മുന്നില്‍ ശൂന്യതയും മനസ്സില്‍ കഠിനമായ നിരാശയും മാത്രം അവശേഷിക്കുമ്പോഴാണ് ഒരാള്‍ ആത്മഹത്യ തിരഞ്ഞെടുക്കുന്നത്. അവര്‍ പിന്നീട് സാധാരണ മനോനിലയിലേക്ക് മടങ്ങിയെത്താന്‍ സമയം വേണ്ടി വരും, ജീവിതത്തിലേക്ക് മടങ്ങിയെത്തിയാല്‍ തന്റെ ആത്മഹത്യാശ്രമത്തെ കുറിച്ച് ഓര്‍മിക്കാതിരിക്കാനാവും പിന്നീടവരുടെ തത്രപ്പാട്,  അതിനാല്‍ തന്നെ താന്‍ രക്ഷിച്ച ആളുകളെ പിന്നീടൊരിക്കലും ഷൗക്കത്തലി കണ്ടിട്ടില്ല, ആരും തന്നെ തിരഞ്ഞെത്തിയിട്ടില്ല, അതാണ് നല്ലത്. ഒരു ജീവന്‍ രക്ഷിക്കുക എന്നത് മാത്രമാണ് അത്തരമൊരവസരത്തിലെ ഏകലക്ഷ്യം. ആര്, എന്ത്, എന്തിന് എന്ന ചോദ്യങ്ങളൊക്കെ അപ്രസക്തം- ഷൗക്കത്തലി പറയുന്നു. 

ജീവന്‍രക്ഷാദൗത്യം ആരംഭിച്ചത് പതിനഞ്ചാം വയസ്സില്‍ 

പതിനഞ്ചാമത്തെ വയസ്സിലാണ് താന്‍ ആദ്യമായി ഒരാളെ വെള്ളത്തില്‍നിന്ന് രക്ഷിച്ചതെന്നാണ് ഷൗക്കത്തലിയുടെ ഓര്‍മ. പ്രായമേറിയ ഒരു പുരുഷനായിരുന്നു അത്. ജീവിക്കാന്‍ വഴിയില്ലാത്തതിനാല്‍ ജീവിതം അവസാനിപ്പിക്കാന്‍ എത്തിയതായിരുന്നു അയാള്‍. പിന്നീട് രക്ഷിച്ച ജീവനുകളില്‍ അധികവും പ്രായമുള്ളവരായിരുന്നു. അധ്വാനിച്ച് അന്നത്തിന് വക കണ്ടെത്താനുള്ള പ്രായം അതിക്രമിക്കുമ്പോള്‍, സ്‌നേഹമോ കരുതലോ നല്‍കാന്‍ ആരുമില്ലാതെ വരുമ്പോളാണ് പലരും ആത്മഹത്യയുടെ വഴി തിരഞ്ഞെടുക്കുന്നതെന്ന് ഷൗക്കത്തലി പറയുന്നു. 

ആറ്റിലേക്ക് ചാടിയവരെ മാത്രമല്ല പാലത്തിന് മുകളില്‍ ചാടാന്‍ കാത്ത് നില്‍ക്കുന്ന പലരേയും ബലമായി പിടിച്ചു മാറ്റുകയും ചെയ്തിട്ടുണ്ട് ഷൗക്കത്തലി. ആറ്റിലേക്കുള്ള ചാട്ടം മാത്രം ലക്ഷ്യമാക്കി നില്‍ക്കുന്നവരോട് പറഞ്ഞു മനസ്സിലാക്കാന്‍ നേരം കിട്ടിയെന്നു വരില്ല. കുതറി മാറുന്നതിന് മുമ്പ് പിടിച്ചു മാറ്റി ദൂരേക്ക് എത്തിക്കുന്നത് മാത്രമാണ് പോംവഴി. ചിലപ്പോള്‍ സെക്കന്‍ഡുകള്‍ക്കുള്ളില്‍ അവര്‍ക്ക് പരിസരബോധം തിരികെക്കിട്ടും. അപ്പോള്‍ ചിലര്‍ പൊട്ടിക്കരയും, ചിലര്‍ സങ്കടം പറയും, ആരുമില്ലെന്ന് വിതുമ്പും. ആരുമില്ലാത്തവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന നിരവധി സ്ഥാപനങ്ങളുണ്ടെന്നും എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരമുണ്ടെന്നും അവരെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കും. 

ജീവിതം ഇപ്പോഴും തന്റെ വലതുകാല്‍ പോലെയാണ്, പക്ഷെ പരാതിയില്ല

ഉപ്പയെ കണ്ട ഓര്‍മയില്ല ഷൗക്കത്തലിയ്ക്ക്. കുട്ടിക്കാലത്ത് തന്നെ ഉപ്പ നഷ്ടപ്പെട്ടതോടെ ഉമ്മ ആസിയ ബീവിയോടൊപ്പം  അച്ചന്‍കോവിലാറിന് സമീപത്തായിരുന്നു താമസം. പത്താം ക്ലാസ്സോടെ പഠനം നിര്‍ത്തി. പൊതുപ്രവര്‍ത്തനവും രാഷ്ട്രീയ പ്രവര്‍ത്തനവും മറ്റുമായി നടന്ന ഷൗക്കത്തലിയെ ജമാഅത്തും ബന്ധുക്കളും ചേര്‍ന്ന് വിവാഹം കഴിപ്പിച്ചു. ആറ് കൊല്ലം മുമ്പ് ഭാര്യ ബീന മരിച്ചു. നാല് കൊല്ലം മുമ്പ് ഉമ്മയും മരിച്ചു. രണ്ട് ആണ്‍കുട്ടികളാണ് ഷൗക്കത്തലിയ്ക്ക്. മുഹമമദ് സാദിഖും മുഹമ്മദ് സെയ്ദും. ഇളയമകനും മരുമകള്‍ക്കുമൊപ്പമാണ് ഷൗക്കത്തലി ഇപ്പോള്‍. മകന്‍ സെയ്ദിന് മത്സ്യക്കച്ചവടമാണ്. 

.
ഷൗക്കത്തലിയും  ഇളയമകന്‍ സെയ്ദും

പ്രായമേറുകയാണ്, മകന് ബാധ്യതയായിത്തീരുമോയെന്ന ആശങ്കയുണ്ട് ഷൗക്കത്തലിയ്ക്ക്. അംഗപരിമിതനായതിനാല്‍ പണിയ്ക്ക് വിളിക്കാന്‍ നാട്ടുകാര്‍ക്ക് മടിയായിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണവും പൊതുപ്രവര്‍ത്തനവുമായി ജീവിതം ഇവിടെ വരെയെത്തി. ഇനിയെത്രകാലം എന്നറിയില്ല. ആരെങ്കിലും ഇനി ആറ്റിലേക്ക് ചാടിയാല്‍ രക്ഷിക്കാനാവുമെന്ന് ഉറപ്പില്ല, ഒഴുകിയെത്തുന്ന മൃതശരീരങ്ങള്‍ കരയിലെത്തിക്കാനാവുമോയെന്നറിയില്ല.  കഴിഞ്ഞ ദിവസത്തെ ചാട്ടത്തിന് ശേഷം ശ്വാസം മുട്ടല്‍ അനുഭവപ്പെട്ടിരുന്നു. ആരോഗ്യം കുറഞ്ഞു വരുന്നതിന്റെ ലക്ഷണങ്ങള്‍. പക്ഷെ ഒരാള്‍ മുങ്ങിത്താഴുമ്പോള്‍ നോക്കി നില്‍ക്കാന്‍ തനിക്കാവില്ലെന്ന് ഷൗക്കത്തലി ആവര്‍ത്തിക്കുന്നു. 

നന്ദിവാക്കുകളുമായി ആരും വരേണ്ടതില്ല, രക്ഷപ്പെടുത്തിയ ആരേയും തേടി പോയിട്ടുമില്ല. പോലീസിനെ അറിയിച്ച് ആളെ ഏല്‍പിക്കുന്നതോടെ അവസാനിക്കുന്ന ഓരോ ദൗത്യവും നല്‍കുന്ന ആത്മസംപ്തൃപ്തിയാണ് ജീവിതസമ്പാദ്യമെന്ന് ഷൗക്കത്തലി പറയുന്നു. 

Content Highlights: Shoukkathali physically disabled saves people from suicide