എടക്കാട്(കണ്ണൂര്‍):  മകന്റെ മനസ്സിന് താളംതെറ്റുന്നുവെന്ന് തിരിച്ചറിഞ്ഞതോടെയാണ് രക്ഷിതാക്കൾ ഷബീറിനെ തോട്ടടയിലെ ആശ്രയം സ്‌പെഷ്യൽ സ്‌കൂളിൽ ചേർത്തത്. അവനെ സാധരണ മനുഷ്യനായി മാറ്റിയെടുക്കണമെന്ന് മാതാപിതാക്കൾക്ക് വലിയ ആഗ്രഹമുണ്ടായിരുന്നു. അതിനുവേണ്ടി അവർ എല്ലാം സഹിച്ചു. 31-ാം വയസ്സിൽ വളപട്ടണം പ്ലൈവുഡ്‌സിൽ സ്ഥിരം ജീവനക്കാരനായി ജോലി ലഭിച്ചപ്പോൾ മൂവർക്കും നന്ദിപറയാൻ വാക്കുകളില്ല. ആശ്രയം സ്‌കൂളിനോട്, പഠിപ്പിച്ചു വളർത്തിയ അധ്യാപകരോട്, മാനേജ്‌മെന്റിനോട്, ജോലി ലഭിക്കാൻ സഹായിച്ച പ്ലൈവുഡ്‌സിലെ അധികാരികളോട്...

താളംതെറ്റിയ ജീവിതത്തിൽ മകൻ ഒറ്റപ്പെട്ടുപോകുമെന്ന ഭയത്തിൽനിന്ന് മുക്തമാവുകയാണ് കുടുംബം. പാപ്പിനിശ്ശേരി കാട്ടിലെപ്പീടികയിൽ വി.കെ.കെ.ഹൗസിൽ പി.കെ. അബൂബക്കറിന്റെയും സാബിറയുടെയും മൂന്നാമത്തെ മകനാണ് വി.കെ.കെ. ഷബീർ. ജനിച്ച് 50 ദിവസമെത്തിയപ്പോൾ ബാധിച്ച മഞ്ഞപ്പിത്തത്തെത്തുടർന്ന് നടത്തിയ ശസ്ത്രക്രിയക്കുശേഷമാണ് പ്രശ്നങ്ങളുടലെടുത്തത്.

പാപ്പിനിശ്ശേരി മാപ്പിള എൽ.പി. സ്‌കൂളിലും ആറോൺ യു.പി. സ്‌കൂളിലും ചേർത്തിരുന്നു. പിന്നീട്, മാനസികപ്രശ്നങ്ങൾ കാരണം അധ്യാപകരുടെയും ഡോക്ടർമാരുടെയും നിർദേശപ്രകാരം തോട്ടടയിലെ ആശ്രയം സ്‌പെഷ്യൽ സ്‌കൂളിൽ ചേർത്തു. ഒന്നും സ്വന്തമായി ചെയ്യാൻ സാധിക്കാത്ത സ്ഥിതിയിൽനിന്ന് ഇന്ന് കൃത്യമായി സംസാരിക്കാനും എഴുതാനും ഒപ്പിടാനും വരെ സാധിച്ചതിനു പിന്നിൽ ആശ്രയം സ്‌കൂളിലെ പഠനം തന്നെയെന്ന് പിതാവ് അബൂബക്കർ പറയുന്നു.

1994 മുതൽ 2005 വരെയാണ് ഷബീർ ആശ്രയത്തിൽ പഠിച്ചത്. മാതാവ് സാബിറ അത്യധ്വാനം ചെയ്താണ് മകനെ വീട്ടിൽനിന്ന് സ്‌കൂളിലെത്തിച്ചിരുന്നത്. പഠനത്തിനുശേഷം കണ്ണൂരിലെ മറ്റൊരു സ്ഥാപനത്തിലും ജോലിചെയ്തു. 2007 മുതൽ പ്ലൈവുഡ്‌സിൽ താത്‌കാലികജീവനക്കാരനായി. കഴിഞ്ഞ ഒക്‌ടോബറിൽ സ്ഥിരം നിയമനവും ലഭിച്ചു. പ്ലൈവുഡ്‌സിന്റെ മുൻ എം.ഡി. പരേതനായ പി.കെ. മുഹമ്മദിന്റെയും ഇപ്പോഴത്തെ എം.ഡി. മായിൻ മുഹമ്മദിന്റെയും സഹായംകൊണ്ടാണ് ജോലി ലഭിച്ചതെന്ന് അബൂബക്കർ പറഞ്ഞു. വർക്കർ തസ്തികയിലാണ് നിയമനം. സൂപ്പർവൈസർമാരിൽനിന്നും സഹപ്രവർത്തകരിൽനിന്നും ഷബീറിന് ആവശ്യമായ സഹായം ലഭിക്കുന്നു.

ജോലിയിൽനിന്ന് ലഭിച്ച ആദ്യശമ്പളമുപയോഗിച്ച് ആശ്രയം സ്‌കൂളിൽ എല്ലാവർക്കും ഭക്ഷണം നൽകാനാണ് ഷബീർ വീണ്ടുമെത്തിയത്. ശിശുദിനാഘോഷത്തിന്റെ ഭാഗമായി സ്‌കൂളിൽ മൂന്നുദിവസമായി നടക്കുന്ന കായികമേളയിൽ ഷബീറിന്റെ വക വിഭവസമൃദ്ധമായ സദ്യ. ആഘോഷച്ചടങ്ങിലും ഷബീർ സംസാരിച്ചു. ’ഞാൻ ഇവിടെ പഠിച്ചുവളർന്ന വിദ്യാർഥിയാണ്. എന്റെ ടീച്ചർമാരോട് വലിയ നന്ദിയുണ്ട്...’ ആർപ്പുവിളികളും കരഘോഷവും കൊണ്ടാണ് ആ വാക്കുകൾ കൂട്ടുകാർ എതിരേറ്റത്. സ്‌കൂൾ പ്രസിഡന്റ് ബീന വത്സരാജ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ചാന്ദിനി സന്തോഷ്, പി.പി.അബൂബക്കർ, ഹാരിസ്, റാസി, ഫദ്‌നിയ, ഗീത വത്സരാജ് എന്നിവർ സംബന്ധിച്ചു.

content highlights: shabeer old student of asrayam school gives sadya to teachers and student with his first salary