ലോകം അത്രയ്ക്ക് മോശമല്ലെന്നും നന്മയുടെ തരികള്‍ അവിടിവിടെ ഇപ്പോഴും തിളങ്ങുന്നുണ്ടെന്നും തെളിയിക്കുന്ന ചില വാര്‍ത്തകളുണ്ട്. അങ്ങനെയൊരു നല്ലവാര്‍ത്ത വരുന്നു അങ്ങ്‌ അമേരിക്കയില്‍നിന്ന്. രണ്ടുവര്‍ഷം മുന്‍പ് ഭര്‍ത്താവ് മരിച്ച, തുടര്‍ന്ന്‌ വന്‍സാമ്പത്തിക ബാധ്യതയില്‍ അകപ്പെട്ട ഒരു ഇന്ത്യന്‍വനിത. സരോജ് ഗോയല്‍ എന്നാണ് അവരുടെ പേര്. 

ഭര്‍ത്താവ് ഗോയലിന്റെ മരണവും സാമ്പത്തിക ബാധ്യതകളും ഉലച്ചുകളഞ്ഞ സരോജിന്റെ ജീവിതത്തിലേക്ക് വില്ലനായി സ്തനാര്‍ബുദവുമെത്തി. സഹായിക്കാന്‍ ആരുമില്ല. ചികിത്സയ്ക്കാവശ്യമായ പണവും കൈവശമില്ല. ആകെ വലഞ്ഞുനില്‍ക്കുന്ന സരോജിന്റെ ജീവിതകഥ ഹ്യൂമന്‍സ് ഓഫ് ന്യൂയോര്‍ക്ക് എന്ന ഫെയ്‌സ്ബുക്ക് പേജിലൂടെ പുറത്തെത്തി. സാമ്പത്തിക ബാധ്യതകള്‍ തീര്‍ക്കാനും ചികിത്സാച്ചിലവിനുമായി ഏകദേശം 1,30,000 ഡോളര്‍(ഏകദേശം 96,65,960 രൂപ) ആയിരുന്നു സരോജിന് വേണ്ടിയിരുന്നത്. സരോജിന്റെ ജീവിതം, ഹ്യൂമന്‍സ് ഓഫ് ന്യൂയോര്‍ക്കിലൂടെ പുറത്തെത്തിയതിനു പിന്നാലെ അവര്‍ക്കായി സഹായപ്രവാഹം ഒഴുകിയെത്തി. ആവശ്യമായതിലും അധികം തുക- ഏകദേശം 4,92,000 ഡോളറാണ്(3,65,82,691 രൂപ) എത്തിയത്. അതും വെറും മൂന്നേമൂന്നുദിവസം കൊണ്ട്.

നാല്‍പ്പതുവര്‍ഷം മുന്‍പാണ് സരോജും ഗോയലും വിവാഹിതരാകുന്നത്. ന്യൂയോര്‍ക്കില്‍ കൈത്തറി ഇന്ത്യന്‍ വസ്ത്രങ്ങളും ഫാബ്രിക്കുകളും വില്‍ക്കുന്ന കട നടത്തുകയായിരുന്നു ഗോയല്‍. എന്നാല്‍ രണ്ടുവര്‍ഷം മുന്‍പ് അദ്ദേഹം മരിച്ചു. അതോടെ സ്ഥാപനം സാമ്പത്തിക ബാധ്യതയിലേക്ക് കൂപ്പുകുത്തുകയായിരുന്നു.

ഏറെക്കാലത്തിനു ശേഷം, ഇതാദ്യമായി ഈ അഭിമുഖത്തിന് വേണ്ടിയാണ് ഞാന്‍ സാരിയുടുത്തതും ചുണ്ടില്‍ അല്‍പം ചായം പുരട്ടിയതും. കാരണം ഒരുങ്ങാന്‍ ആരും എന്നോട് ഇപ്പോള്‍ പറയാറില്ല- ഹ്യൂമന്‍സ് ഓഫ് ന്യൂയോര്‍ക്ക് പ്രതിനിധി ബ്രണ്‍ഡന്‍ സ്റ്റാന്‍ന്റോണിനോട് സരോജ് പറഞ്ഞു. വിശേഷാവസരങ്ങളില്‍ ഭംഗിയായി വസ്ത്രം ധരിക്കാനും ഒരുങ്ങാനും ഭര്‍ത്താവ് ആവശ്യപ്പെട്ടിരുന്നതായും സരോജ് ഓര്‍മിക്കുന്നു. ഞാന്‍ ഒരു രാജ്ഞിയെ പോലെ വസ്ത്രം ധരിക്കാനായിരുന്നു അദ്ദേഹം താല്‍പര്യപ്പെട്ടിരുന്നത്. ഞങ്ങള്‍ ഒരു പാര്‍ട്ടിക്കു പോവുകയാണെങ്കില്‍, ഏറ്റവും നല്ല സാരി ധരിക്കൂ.. കുറച്ചുകൂടി ആഭരണങ്ങള്‍ അണിയൂ എന്നൊക്കെ അദ്ദേഹം പറയുമായിരുന്നു. ഓ ഗോയല്‍ ദയവായി ഒന്ന് നിര്‍ത്താമോ എന്ന് ഞാന്‍ അദ്ദേഹത്തോടു പറയുമായിരുന്നു- സരോജ് ഓര്‍മിക്കുന്നു.

saroj
Photo: facebook.com/humansofnewyork

ഗോയലും സരോജും ചേര്‍ന്ന് നാല്‍പ്പതു കൊല്ലം കട നടത്തി. അക്കാലമത്രയും ഞാനായിരുന്നു അദ്ദേഹത്തിന്റെ സഹായി. ഞാന്‍ വലിയ നാണക്കാരിയായിരുന്നു. അദ്ദേഹമാണ് കടയില്‍ എത്തുന്നവരുമായി എപ്പോഴും സംസാരിച്ചിരുന്നത്- സരോജ് പറയുന്നു. എപ്പോഴും തമാശകള്‍ പറയുന്ന ആളായിരുന്നു ഗോയലെന്നും ഒരുമിനിട്ടില്‍ നൂറു തമാശകളെങ്കിലും പറയുമായിരുന്നു. ആശുപത്രിയില്‍ നഴ്‌സുമാരെ പോലും അദ്ദേഹം ചിരിപ്പിച്ചിരുന്നതായും സരോജ് ഓര്‍മിക്കുന്നു. അസുഖത്തോട് ഗോയല്‍ ഏറെക്കാലം പോരാടി. തന്റെ ഒരു വൃക്ക ഗോയലിന് നല്‍കാന്‍ സരോജ് തയ്യാറായിരുന്നെങ്കിലും ചേര്‍ച്ചയില്ലാത്തതിനെ തുടര്‍ന്ന് അത് നടക്കാതെ പോയി. എനിക്ക് മരിക്കാന്‍ ആഗ്രഹമില്ല. എനിക്ക് മരിക്കണ്ട- ഗോയല്‍ ഇങ്ങനെ പറഞ്ഞിരുന്നെന്ന് സരോജ് ഓര്‍മിക്കുന്നു. മരണം സംഭവിച്ച ദിവസം, എന്നെ കൊണ്ടുപോകാന്‍ ഭഗവാന്‍ കൃഷ്ണന്‍ വന്നുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞതായി അവര്‍ കൂട്ടിച്ചേര്‍ത്തു. 

ഗോയലിന്റെ മരണം വൈകാരികമായി മാത്രമല്ല, സാമ്പത്തികമായും സരോജിനെ തകര്‍ത്തുകളഞ്ഞു. സാമ്പത്തികകാര്യങ്ങളെ കുറിച്ചും കട നടത്തിക്കൊണ്ടു പോകുന്നതിനെ കുറിച്ചും പരിമിതമായ അറിവു മാത്രമാണ് സരോജിനുണ്ടായിരുന്നത്, അവര്‍ വലിയ സാമ്പത്തിക ബാധ്യതയില്‍ അകപ്പെട്ടു. എന്നെ ചിരിപ്പിക്കാന്‍ അദ്ദേഹം എന്തും ചെയ്യുമായിരുന്നു. എന്നാല്‍ ഒന്നും പറയുമായിരുന്നില്ല. അക്കൗണ്ടിങ്ങിനെ കുറിച്ചോ കടത്തെ കുറിച്ചോ നികുതിയെ കുറിച്ചോ ഒന്നും- സരോജ് പറയുന്നു. ഇത്തരമൊരു അവസ്ഥയില്‍ എന്നെയിട്ടു പോയതില്‍ അദ്ദേഹത്തോട് അല്‍പം പരിഭവമുണ്ടെന്നും സരോജ് കൂട്ടിച്ചേര്‍ക്കുന്നു. 

കോവിഡ് മഹാമാരി പടര്‍ന്നതോടെ സരോജിന് കട അടയ്‌ക്കേണ്ടി വന്നു. കട വീണ്ടും തുറന്നപ്പോഴാകട്ടെ, ആരും വന്നതുമില്ല. ഇപ്പോള്‍ തനിക്ക് വലിയ സാമ്പത്തിക ബാധ്യതയുണ്ടെന്നും രണ്ടുവര്‍ഷത്തെ വാടക കുടിശ്ശികയുണ്ടെന്നും സരോജ് ഹ്യൂമന്‍സ് ഓഫ് ന്യൂയോര്‍ക്കിനോട് പറഞ്ഞിരുന്നു. സരോജ്- ഗോയല്‍ ദമ്പതിമാരുടെ രണ്ടുമക്കളും ഏറെ അകലെയാണ് താമസിക്കുന്നത്. സാമ്പത്തിക ബാധ്യതകളോടും അര്‍ബുദത്തോടുമുള്ള തനിച്ചുള്ള പോരാട്ടത്തിലാണ് ഇപ്പോള്‍ സരോജ്. ജൂലായ് 23-നാണ് സരോജിന്റെ കഥ ഫെയ്‌സ്ബുക്ക് പേജില്‍ പ്രത്യക്ഷപ്പെട്ടത്. നാലുദിവസങ്ങള്‍ക്കപ്പുറം അവരുടെ സാമ്പത്തിക ബാധ്യത പരിഹരിക്കാനാവശ്യമായ തുക എത്തിച്ചേരുകയായിരുന്നു.

content highlights: saroj goyal-widow suffering from cancer gets financial support