കാസര്‍ഗോഡ് തായന്നൂരിലെ ചിത്രകലാ അധ്യാപകന്‍ തോമസ് സേവനം പൂര്‍ത്തിയാക്കി സ്‌കൂളിന്റെ പടിയിറങ്ങിയത് വലിയൊരു സമ്പാദ്യവുമായിട്ടായിരുന്നു. താന്‍ പഠിപ്പിച്ച കുട്ടികളുടെയത്രയും രേഖാചിത്രങ്ങളായിരുന്നു ആയുസ്സുള്ള കാലത്തോളം സൂക്ഷിക്കാനായി കരുതിവെച്ച ആ സമ്പാദ്യം. ഇടയ്ക്ക് താന്‍ പഠിപ്പിച്ച കുട്ടികളില്‍ ആരെങ്കിലും അതുവഴി വന്നാല്‍ ഒരുവേള അദ്ദേഹം രേഖാചിത്രങ്ങളില്‍ പരതും. എങ്ങാനും കിട്ടിപ്പോയാല്‍ മാഷിനും സന്തോഷം, പിന്നെ മാഷിനെ തേടിയെത്തിയ കുട്ടിക്കും സന്തോഷം.
1980 കളില്‍ എറണാകുളത്തുനിന്ന് ഇങ്ങ് കാസര്‍കോട്ടെ തായന്നൂര്‍ സ്‌കൂളില്‍ ചിത്രകലാധ്യാപകനായി എത്തുമ്പോള്‍ തോമസിന്റെ മനസ്സില്‍ നിറയെ ശൂന്യതയായിരുന്നു. സാമ്പത്തികമായി വളരെ പിന്നാക്കമായ പ്രദേശം. വികസനത്തിന്റെ വെളിച്ചം പേരിനുപോലും കടന്നുവന്നിട്ടില്ലായിരുന്നു.
സ്‌കൂളില്‍ അധ്യാപകര്‍ വിരലിലെണ്ണാവുന്നവര്‍മാത്രം. ഉച്ചഭക്ഷണസമയത്ത് ഏറിയ കുട്ടികളുടെയും പാത്രങ്ങളില്‍ ഓന്നോ രണ്ടോ കപ്പപൂളും മുളകും മാത്രം. കുട്ടികള്‍ അത് കഴിക്കുന്നതുകണ്ട് കണ്ണ് നിറഞ്ഞിട്ടുണ്ട്... ഇപ്പോ എല്ലാം മാറീല്ലേ...സ്‌കൂളും സ്‌കൂളിലെ കുട്ടികളുമൊക്കെ -തോമസ് പറയുന്നു.
വരയിലൊതുങ്ങാത്ത സൗഹൃദം
സര്‍വീസില്‍നിന്ന് വിരമിക്കുന്ന കാലത്ത് സ്‌കൂളിലുണ്ടായിരുന്ന എഴുന്നൂറിലധികം കുട്ടികളുടെ രേഖാചിത്രം വരയ്ക്കുക...എന്നിട്ട് ഓരോ ചിത്രത്തിനുമടിയില്‍ ആ കുട്ടിയുടെ പേരും ഒപ്പും വാങ്ങുക...വെള്ളക്കടലാസുകളില്‍ വരച്ചുകൂട്ടിയ ആ ചിത്രങ്ങളാണ് തോമസ് തായന്നൂര്‍ സ്‌കൂളില്‍നിന്ന് യാത്രപറഞ്ഞിറങ്ങുമ്പോള്‍ കൈയില്‍ കരുതിയത്. ഒരധ്യാപകന് താന്‍ പഠിപ്പിച്ച കുട്ടികളെ ഇത്രയൊക്കെ സ്‌നേഹിക്കാനാകുമോയെന്ന് ചിലപ്പോഴെങ്കിലും തോന്നിപ്പോകും. പക്ഷേ കിട്ടുന്ന ഇടവേളയില്‍ തായന്നൂരുള്ള തോമസിന്റെ വീട്ടിലേക്ക് കയറിയാല്‍ മതി...65 പിന്നിട്ടെങ്കിലും പ്രായത്തിന്റെ അവശതകള്‍ അശേഷം മങ്ങലേല്‍പ്പിക്കാത്ത നിഷ്‌കളങ്കമായ ചിരിയോടെ ഇന്നും മാഷ് കര്‍മനിരതനായിരിക്കുന്നത് കാണാം.
1980 മുതല്‍ തായന്നൂര്‍ സ്‌കൂളില്‍നിന്ന് പഠിച്ചിറങ്ങിയ കുട്ടികളുടെ മനസ്സിലെല്ലാം തോമസ് ഇന്നും വരയാന്‍ പഠിപ്പിച്ച അധ്യാപകനായി തെളിഞ്ഞു നില്‍ക്കുന്നുണ്ടാകും. എത്ര വഴക്കുപറഞ്ഞാലും അധ്യാപകര്‍ വിദ്യാര്‍ഥികളുടെ പ്രിയപ്പെട്ടവരാകുമ്പോള്‍ അവര്‍ക്കത് പറഞ്ഞറിയിക്കാന്‍ കഴിയാത്ത സന്തോഷമാണ്.
മാഷ് വരച്ച് സൂക്ഷിക്കുന്ന ഈ രേഖാചിത്രങ്ങളിലുള്ള കുട്ടികള്‍ മാഷേ എന്റെ ചിത്രം ഇപ്പോഴുമുണ്ടോ കൈയില്‍ എന്ന് ചോദിച്ചുവരാറുണ്ടോയെന്ന് ചോദിച്ചാല്‍ മറുപടിയായി ഒരു പൊട്ടിച്ചിരിയാണ്.... എവിടെ... അന്നത്തെ പൊടിക്കുട്ടികളെല്ലാം ഇപ്പോ വല്യ കുട്ടികളായില്ലേ... കുട്ടിപ്പാവാടയും കുപ്പായവുമൊക്കെ ഇട്ടു നടന്നവര്‍ ഇന്ന് സാരിയൊക്കെ ഉടുത്ത് ഇതുവഴി പോകുന്ന കാണുമ്പോ എങ്ങാനും സംശയം തോന്നി ഞാന്‍ ഈ ചിത്രങ്ങളൊക്കെ എടുത്തു നോക്കും. ആ പോയ ആള് ഇതിലുണ്ടോന്ന്...അത്രതന്നെ..'' വാക്കുകള്‍ പകുതിയും ആ ചിരിയില്‍ കുരുങ്ങി പുറത്തേക്കുവരാന്‍ വിസമ്മതിക്കുകയായിരുന്നു.
പടിയിറക്കം വിദ്യാലയമുറ്റത്ത് ഗാന്ധിശില്‍പം തീര്‍ത്ത്
പഠിപ്പിച്ച സ്‌കൂളില്‍നിന്ന് പടിയിറങ്ങുമ്പോള്‍ മനസ്സില്‍ വലിയൊരാഗ്രഹമുണ്ടായിരുന്നു... സ്‌കൂളിന്റെ വിശാലമായ അങ്കണത്തില്‍ മൂന്നരയടി ഉയരവും രണ്ടടിയോളം വീതിയുമുള്ള ഗാന്ധിപ്രതിമ. സ്തൂപത്തിന്റെ വശങ്ങളില്‍ രാഷ്ട്രീയ, സാമൂഹിക, ശാസ്ത്ര മേഖലകളിലെ 14 മഹത് വ്യക്തിത്വങ്ങള്‍. പക്ഷേ കാണുന്ന സ്വപ്നങ്ങളൊക്കെ പൂര്‍ത്തിയായാല്‍ പിന്നെ കാണാന്‍ സ്വപ്നങ്ങള്‍ ബാക്കിയുണ്ടാവാത്തത് കൊണ്ടാവും ഗാന്ധിപ്രതിമ മാത്രം മതിയെന്ന് എല്ലാരും തിരുമാനിച്ചത്... മാഷ് പറയുന്നു. ആഗ്രഹം പൂര്‍ത്തിയായില്ലേലും സ്തൂപത്തിലേക്ക് നിര്‍മിച്ച ഐന്‍സ്റ്റീനും വിവേകാനന്ദനും നെഹ്രുവും രാജീവ് ഗാന്ധിയും ശ്രീനാരായണഗുരുവുമൊക്കെ ഇപ്പോഴും മാഷിന്റെ വീടിന്റെ അകത്തളങ്ങളിലുണ്ട്.
മാഷ് ഇപ്പോഴും തിരക്കിലാണ്
തോമസ് മാഷ് സര്‍വീസില്‍നിന്ന് വിരമിച്ചിട്ട് 14 വര്‍ഷം കഴിഞ്ഞു. എന്നാലും മാഷ് ഇപ്പോഴും തിരക്കിലാണ്. വീട്ടിലെ അകത്തളങ്ങളില്‍ ജീവിച്ചിരിക്കുന്നവരും അല്ലാത്തവരുമായ പലരുടെയും എണ്ണച്ചായാചിത്രങ്ങളാണ്. പലരുടെയും ആവശ്യപ്രകാരം വരച്ചതാണൊക്കെയും. വരച്ച ചിത്രങ്ങള്‍ വിട്ടുകൊടുക്കാന്‍ ചെറിയൊരു വിഷമമുണ്ടാകുന്നതിനാല്‍ പലപ്പോഴും വരച്ചുതീര്‍ത്ത വിവരം ഉടമസ്ഥരോട് പറയാറില്ല. പിന്നെ ഉടമസ്ഥര്‍ പതിയെ ചിത്രത്തിന്റെ കാര്യമങ്ങ് മറന്നുതുടങ്ങും.അതുകൊണ്ടുതന്നെ മാഷിന്റെ വീട്ടില്‍ മലയോരത്തെ ആദ്യകാല പ്രശസ്തരുടെയടക്കം പൂര്‍ണകായ ചിത്രങ്ങള്‍ ഇന്നും തൂങ്ങിനില്‍ക്കുന്നുണ്ട്. വീടിന്റെ ടെറസ്സിലും മുറ്റത്തുമായി അനേകം ശില്പങ്ങള്‍ വേറെയും. മുറ്റത്ത് ഉണ്ണിയെ മാറോടണച്ച് ശരീരമില്ലാതെ വസ്ത്രങ്ങള്‍മാത്രം ധരിച്ചുള്ള മാതാവിന്റെ രൂപം. സ്‌നേഹത്തിനും കരുതലിനും മുന്നില്‍ ശരീരം ഒന്നുമല്ലെന്ന മാഷിന്റെ തോന്നലാകാം ഈ ശില്‍പം. 1971-ല്‍ വരച്ച അത്ഭുത ദിവ്യശിശു എന്ന ചിത്രമാണ് ആദ്യ എണ്ണച്ചായചിത്രം.
കുരുമുളക് കോച്ചലുകളില്‍ വിരിഞ്ഞ ശില്‍പം
കാര്‍ഷികവിളകളുടെ വിലയിടിവിനെതിരെയുള്ള പ്രതിഷേധം മാഷ് പ്രകടിപ്പിച്ചത് ശ്രദ്ധേയമായിരുന്നു. കുരുമുളക് കോച്ചലുകളില്‍ (കുരുമുളക് മണി അടര്‍ത്തിയെടുത്തതിനു ശേഷമുള്ള തിരി) പ്രതിഷേധത്തിന്റെ പ്രതിരൂപമായി ഒരു കര്‍ഷകന്റെ അര്‍ധകായ പ്രതിമ നിര്‍മിച്ചു. 2006-ല്‍ തീര്‍ത്ത പ്രതിമ വീടിന്റെ ഉമ്മറത്ത് ഇന്നും കാണാം. 2017-ല്‍ ലളിതകലാ അക്കാദമിയുടെ ആര്‍ട്ട് എക്‌സിബിഷനിലും മാഷിന്റെ ഈ കൗതുകശില്‍പം ശ്രദ്ധനേടിയിരുന്നു.
അംഗീകാരങ്ങള്‍
കൊച്ചിന്‍ സ്‌കൂള്‍ ഓഫ് ആര്‍ട്സിലായിരുന്നു പഠനം. എറണാകുളം ആലങ്ങാട് സ്വദേശിയായ എം.വി.തോമസ് എന്ന തോമസ് മാഷിനെത്തേടി ഇപ്പോഴും വിവിധ ഭാഗങ്ങളില്‍നിന്ന് ചിത്രകലാ വിദ്യാര്‍ഥികളും അധ്യാപകരും വീട്ടിലെത്തും. ശില്‍പങ്ങളെ ക്കുറിച്ചും ചിത്രങ്ങളെക്കുറിച്ചും പഠിക്കാന്‍. എണ്ണച്ചായചിത്രങ്ങളില്‍ മലയോരത്തിന്റെ രവിവര്‍മയാണ് മാഷ്.
ജീവിതത്തില്‍ കിട്ടിയ വലിയ അംഗീകാരമേതാണെന്ന് ചോദിച്ചാല്‍ മനസ്സുനിറഞ്ഞ് മാഷ് പറയും - എന്റെ അപ്പന്‍ വര്‍ഗീസിന്റെയും അമ്മ അന്നത്തിന്റെയും ഒരുചിത്രം പണ്ട് ഞാന്‍ വരച്ചിരുന്നു. കിടപ്പിലായ അമ്മ ആ ചിത്രം കൈയില്‍ പിടിച്ച് അതിലെ അമ്മയുടെ മേക്കാമോതിരം(കമ്മല്‍) ഊരിയെടുക്കാന്‍ നോക്കുന്ന കണ്ടപ്പോള്‍ കണ്ണ് നിറഞ്ഞു. ചിത്രത്തിന് ജീവനുണ്ടെന്ന് തിരിച്ചറിഞ്ഞ നിമിഷം..'' -മാഷ് പറയുന്നു.
അഹമ്മദാബാദിലെ കാലാസാരഥി ആര്‍ട്ട് ഫൗണ്ടേഷന്റേതുള്‍പ്പെടെ നിരവധി അംഗീകാരങ്ങള്‍ മാഷിനെ തേടിയെത്തിയിട്ടുണ്ട്. മുന്‍ അധ്യാപിക വത്സമ്മയാണ് ഭാര്യ. ഡോണ്‍ തോമസ് (സെമിനാരി വിദ്യാര്‍ഥി), ഹണി തോമസ് (അധ്യാപിക, സെയ്ന്റ് തോമസ് കോളേജ്, കാഞ്ഞിരപ്പള്ളി) എന്നിവര്‍ മക്കളാണ്.
content highlights: retired teacher who keeps sketches of more than 700 students