great hornbill
വേഴാമ്പല്‍കുഞ്ഞിനെ നെല്ലിയാമ്പതി തൂത്തമ്പാറ
വനമേഖലയില്‍ തുറന്നുവിട്ടപ്പോള്‍

നെല്ലിയാമ്പതിയില്‍ പറക്കുന്നതിനിടെ വീണ് ഒറ്റപ്പെട്ടുപോയ മലമുഴക്കിവേഴാമ്പല്‍ക്കുഞ്ഞ് ഒടുവില്‍ പൂര്‍ണാരോഗ്യത്തോടെ നെല്ലിയാമ്പതി കാട്ടില്‍ ഇനി കൂട്ടരോടൊപ്പം വിഹരിക്കും. വനം വകുപ്പിന്റെ അകമല വനചികിത്സാകേന്ദ്രത്തിലെ ഒരുമാസത്തിലേറെ നീണ്ട ചികിത്സയ്ക്കും പരിപാലനത്തിനും ശേഷം ആരോഗ്യം വീണ്ടെടുത്ത വേഴാമ്പല്‍ക്കുഞ്ഞിനെ ചൊവ്വാഴ്ച നെല്ലിയാമ്പതി വനത്തിലെ തൂത്തമ്പാറ വനമേഖലയില്‍ തുറന്നുവിട്ടു.

പറക്കലിനിടെ മുറിവേറ്റ് ഒറ്റപ്പെട്ടുപോയ വേഴാമ്പല്‍ക്കുഞ്ഞിനെ രക്ഷപ്പെടുത്തി കാട്ടിലേക്ക് തുറന്നുവിടുന്നത് സംസ്ഥാനത്തുതന്നെ അപൂര്‍വ സംഭവമാണെന്ന് ചികിത്സയ്ക്ക് നേതൃത്വം നല്‍കിയ തൃശ്ശൂര്‍ ഫോറസ്റ്റ് ഡിവിഷനിലെ അസി. ഫോറസ്റ്റ് വെറ്ററിനറി ഓഫീസര്‍ ഡോ. ഡേവിഡ് അബ്രഹാം പറഞ്ഞു. ചൊവ്വാഴ്ച രാവിലെ ഡോക്ടറോടൊപ്പം വേഴാമ്പല്‍ക്കുഞ്ഞിനെ തുറന്നുവിടാന്‍ കാട്ടിലേക്ക് പോയ നെല്ലിയാമ്പതി വനപാലകസംഘത്തിലെ അംഗങ്ങളും പക്ഷിക്കുഞ്ഞിനെ രക്ഷിക്കാനായതില്‍ ഏറെ സന്തോഷം പ്രകടിപ്പിച്ചു.

നെല്ലിയാമ്പതി റേഞ്ച് ഓഫീസര്‍ കൃഷ്ണദാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ജൂലായ് 16-ന് നെല്ലിയാമ്പതി ഫോറസ്റ്റ് റോഡില്‍ പരിക്കേറ്റ നിലയില്‍ നാല് മാസത്തോളം പ്രായമുള്ള പെണ്‍വേഴാമ്പല്‍ക്കുഞ്ഞിനെ കണ്ടെത്തിയത്. സംരക്ഷണം ഏറെ ആവശ്യമുള്ള ഷെഡ്യൂള്‍ ഒന്നില്‍ ഉള്‍പ്പെടുന്ന വേഴാമ്പല്‍ക്കുഞ്ഞിനെ വനപാലകര്‍ തൃശ്ശൂര്‍ വടക്കാഞ്ചേരി അകമലയ്ക്ക് അടുത്തുള്ള വനചികിത്സാ കേന്ദ്രത്തിലെത്തിച്ചു. നെഞ്ചിനും ചിറകിനും നേരിയ പരിക്കുണ്ടായിരുന്ന വേഴാമ്പല്‍ കുഞ്ഞിന് ഡോ. ഡേവിഡ് അബ്രഹാമിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ആവശ്യമായ ചികിത്സകള്‍ നല്‍കിയത്.

great hornbill
വനം വകുപ്പ് രക്ഷിച്ച വേഴാമ്പല്‍ കുഞ്ഞിനെ വനത്തിലേക്ക് തുറന്നുവിടുന്നതിന് നെല്ലിയാമ്പതിയിലെത്തിച്ചപ്പോള്‍

ആരോഗ്യം വീണ്ടെടുത്ത പക്ഷിക്കുഞ്ഞിന് പറക്കാനാവുമെന്ന് കണ്ടെത്തിയതോടെ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ കാട്ടില്‍ തുറന്നുവിടാന്‍ (സോഫ്റ്റ് റിലീസ്) അനുമതി നല്‍കി. ഇതേത്തുടര്‍ന്ന് 16-ന് പക്ഷിക്കുഞ്ഞിനെ നെല്ലിയാമ്പതിയിലെത്തിച്ച് വലിയ കൂട്ടിലേക്ക് മാറ്റി.

വലിയ കൂട്ടില്‍ ഒരാഴ്ചത്തെ നിരീക്ഷണത്തിന് ശേഷം നെല്ലിയാമ്പതിയിലെ കാലാവസ്ഥയുമായി ഇണങ്ങിത്തുടങ്ങിയ വേഴാമ്പല്‍ക്കുഞ്ഞ് പുറത്തിറങ്ങിയതോടെ തൂത്തമ്പാറ വനമേഖലയില്‍ എത്തിച്ച് തുറന്ന് വിടുകയായിരുന്നു. ആയിരത്തോളം വേഴാമ്പലുകളുള്ള മേഖലയില്‍ കൂട്ടരുമായി ഇണങ്ങിച്ചേരാന്‍ കുഞ്ഞിന് അധികസമയം വേണ്ടിവരില്ലെന്നാണ് പ്രതീക്ഷ. സ്വന്തമായി ഇരതേടാനാവാതെ വേഴാമ്പല്‍ക്കുഞ്ഞ് തിരിച്ചുവന്നാല്‍ ഭക്ഷണം നല്‍കുന്നതടക്കമുള്ളവ വീണ്ടും തുടരുമെന്ന് വനപാലകര്‍ പറഞ്ഞു.

content highlights: rescued baby great hornbill released to forest