കോട്ടയം: ഏഴാം വയസ്സില്‍ അച്ഛനമ്മമാരെ നഷ്ടപ്പെട്ട് കൊല്ലം ചില്‍ഡ്രന്‍സ് ഹോമിലെത്തിയതായിരുന്നു തെങ്കാശി സ്വദേശി ജയസൂര്യ. വര്‍ഷങ്ങള്‍ക്കിപ്പുറം, മൂന്നാഴ്ചമുമ്പ് കോട്ടയം തിരുവഞ്ചൂര്‍ ചില്‍ഡ്രന്‍സ് ഹോമില്‍ കൗണ്‍സലറുടെ ഉദ്യോഗക്കസേരയില്‍ അദ്ദേഹമെത്തിയത് ജീവിതാനുഭവങ്ങളുടെ പരീക്ഷണകാലവും കടന്നാണ്. 23-ാം വയസ്സില്‍ ജോലി സ്വന്തമാക്കിയ ജയസൂര്യ ഇപ്പോള്‍ നിറമുള്ള ഭാവി സ്വപ്നംകാണുന്നു.

''ഇത്തരമൊരു സാഹചര്യത്തില്‍ വളര്‍ന്നതുകൊണ്ട് ഇവിടത്തെ കുട്ടികളുടെ മാനസികാവസ്ഥ നന്നായി മനസ്സിലാകും. 18 വയസ്സുവരെയേ ഈ ആഹാരവും വസ്ത്രവും കിട്ടൂ. അതുകഴിഞ്ഞ് തനിയെ ജീവിക്കേണ്ടതുണ്ട്. നന്നായി പഠിച്ചാല്‍മാത്രമേ രക്ഷപ്പെടൂ'' -സ്വന്തം ജീവിതപാഠം ജയസൂര്യ കുട്ടികളോടുപറയും.

സാമൂഹിക സേവനത്തില്‍ പിഎച്ച്.ഡി. പഠനത്തിനുള്ള കേന്ദ്ര സര്‍വകലാശാലയുടെ ദേശീയതല പ്രവേശനപ്പരീക്ഷയില്‍ ജയസൂര്യയ്ക്കു കിട്ടിയത് 24-ാം റാങ്ക്. എന്നിട്ടും പഠിക്കാന്‍ പോകാഞ്ഞതിന് ഒറ്റക്കാരണമേയുള്ളൂ. കൈയില്‍ പണമില്ല. 18 വയസ്സ് കഴിഞ്ഞാല്‍ ചില്‍ഡ്രന്‍സ് ഹോമിലെ കുട്ടികള്‍ക്ക് തുടര്‍പഠനം അസാധ്യമാകുന്നുവെന്ന വിഷയം ഗവേഷണത്തിനായി ജയസൂര്യ തിരഞ്ഞെടുക്കാന്‍ കാരണവും സ്വന്തം ജീവിതാനുഭവമായിരുന്നു. ''തത്കാലം ജോലികിട്ടിയത് ആശ്വാസമായി. ഇനി പൈസ സമ്പാദിച്ച് പഠിക്കാന്‍ പോകണമെന്നാണു മോഹം'' -ജയസൂര്യ പറയുന്നു.

കൊല്ലം എസ്.എന്‍.ട്രസ്റ്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍നിന്ന് 80 ശതമാനം മാര്‍ക്കോടെ പ്ലസ്ടു വിജയം. കളമശ്ശേരി രാജഗിരി കോളേജ് ഓഫ് സോഷ്യല്‍ സയന്‍സില്‍ ബി.എസ്.ഡബ്‌ള്യു., എം.എസ്.ഡബ്‌ള്യു. എന്നിവ പൂര്‍ത്തിയാക്കിയതും ഉയര്‍ന്ന മാര്‍ക്കോടെ. അന്നൊക്കെ ചെറിയ ജോലികള്‍ചെയ്താണ് പഠിക്കാനുള്ള പൈസ കണ്ടെത്തിയത്.

''എട്ടുവയസ്സുള്ളപ്പോള്‍ കൊല്ലത്ത് ഒരു കുടുംബം ദത്തെടുത്തു. പക്ഷേ, അഞ്ചുമാസം കഴിഞ്ഞപ്പോള്‍ തിരികെക്കൊണ്ടാക്കി. കാരണംപറഞ്ഞത് കുട്ടി പഠിക്കാന്‍ തീരെ പോരാ എന്നാണ്. അന്നുവരെ അനാഥാലയത്തില്‍ വളര്‍ന്ന എനിക്ക് അതിലൊരു സങ്കടമില്ലായിരുന്നു. പക്ഷേ, കുടുംബം നഷ്ടപ്പെടുന്ന വേദനയറിഞ്ഞത് അന്നാണ്. അതോടെ പഠിക്കണമെന്ന വാശിയായി. ഒരു തരത്തില്‍ അവര്‍ ഉപേക്ഷിച്ചത് നന്നായി. അല്ലെങ്കില്‍ ആ കുടുംബത്തിന്റെ സുരക്ഷിതത്വത്തില്‍ ഞാന്‍ പഠിക്കാതെ പോയേനേ'' -ജയസൂര്യ പറയുന്നു.

സിനിമയിലൂടെയാണ് കുടുംബത്തിന്റെ സന്തോഷവും ജീവിതവുമൊക്കെ അറിഞ്ഞതെന്ന് ജയസൂര്യ പറയുന്നു. ''മമ്മൂട്ടിയുടെ 'കാഴ്ച'യും 'അരവിന്ദന്റെ അതിഥിക'ളുമാണ് ഇഷ്ടസിനിമകള്‍. കാരണം, ആ സിനിമകള്‍ പറയുന്നത് എന്റെ കഥ കൂടിയാണല്ലോ''-ജയസൂര്യ പറയുന്നു.

അച്ഛനുമമ്മയും തെങ്കാശിയിലായിരുന്നു താമസം. അവരുടെ പേര് ഓര്‍മയില്ല. താമസം ഒരു റെയില്‍വേ പാളത്തിനടുത്ത്. അല്‍പം അകലെയായി താമസിച്ചിരുന്ന അമ്മൂമ്മ പ്രഭയ്‌ക്കൊപ്പമാണു വളര്‍ന്നത്. എങ്ങനെയാണ് കൊല്ലത്ത് വന്നതെന്നറിയില്ല. ''കളമശ്ശേരിയില്‍ പഠിക്കാന്‍ പോകുമ്പോഴാണ് ആദ്യമായി കടയില്‍ പോയി നല്ല ഷര്‍ട്ട് വാങ്ങുന്നത്. കൂട്ടുകാര്‍ നല്ല ഭക്ഷണം വാങ്ങിത്തരുന്നത്. അക്കാലത്താണ് കണ്ണൂര്‍ക്കാരി പെണ്‍കുട്ടിയെ കൂട്ടായി കിട്ടുന്നതും''- ജയസൂര്യ പറഞ്ഞു.

content highlights: raised in a children home, now works at another children home; inspiring story of jayasurya