അരക്കുപറമ്പ് (മലപ്പുറം): അഞ്ചുവര്‍ഷം മുന്‍പത്തെ ശിശുദിനത്തില്‍ നിര്‍ധന കുടുംബത്തിലെ വിദ്യാര്‍ഥിക്ക് ഒരു പെണ്ണാടിനെക്കൊടുത്തപ്പോള്‍ സ്‌കൂളധികൃതര്‍ ഇങ്ങനെ പറഞ്ഞു. 'ഇതു പ്രസവിക്കുന്ന പെണ്ണാട്ടിന്‍കുട്ടിയെ അടുത്ത ശിശുദിനത്തില്‍ തിരിച്ചുതരണം'. ആ കുട്ടി വാക്കുപാലിച്ചു. അതു മറ്റൊരു കുട്ടിക്കു കൊടുത്തു. 'ആട് കണ്ണി' മുറിയാതെ നീണ്ടപ്പോള്‍ ഗ്രാമത്തിനത് ഉപജീവനമാര്‍ഗമായി.

മലപ്പുറം ജില്ലയിലെ അരക്കുപറമ്പ് പുത്തൂര്‍ വി.പി.എ.എം.യു.പി. സ്‌കൂളാണ് 'ആട് ഗ്രാമം പദ്ധതി' നടപ്പാക്കിയത്. 2016-ലെ ശിശുദിനത്തിന് സ്‌കൂളിലെ സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്സ് യൂണിറ്റാണ് പദ്ധതി തുടങ്ങിയത്. വിദ്യാര്‍ഥികളുടെയും കുടുംബാംഗങ്ങളുടെയും സഹകരണത്തോടെ 'ആട് ഗ്രാമം പദ്ധതി' ആറുവര്‍ഷം പിന്നിട്ടു.

ആടുകളെ കിട്ടിയ കുടുംബങ്ങളെല്ലാം അവയെ നല്ല രീതിയില്‍ വളര്‍ത്തുന്നു. വര്‍ഷത്തില്‍ രണ്ടുപ്രാവശ്യം പ്രസവിക്കുകയും ഒരു പ്രസവത്തില്‍ രണ്ടില്‍ക്കൂടുതല്‍ കൂടുതല്‍ കുഞ്ഞുങ്ങള്‍ ഉണ്ടാവുകയും ചെയ്യുന്നതിനാല്‍ ആടുവളര്‍ത്തല്‍ ആദായകരമാണെന്ന് വീട്ടുകാര്‍ പറയുന്നു. പ്രതിരോധശേഷി കൂടുതലുള്ള നാടന്‍ ഇനങ്ങളായതിനാല്‍ രോഗം പിടിപ്പൊടാനുള്ള സാധ്യതയും കുറവാണ്.

2016-ല്‍ അരക്കുപറമ്പ് കുന്നത്ത് മുരളീധരന്റെ മകള്‍ അനാമികയ്ക്കാണ് ആടിനെ നല്‍കിയത്. ഇവര്‍ക്കിപ്പോള്‍ 15 ആടുകളുണ്ട്. 2017-ല്‍ കൊമ്പാക്കല്‍ക്കുന്നിലെ ഇരച്ചിപള്ളി റഷീദിന്റെ മകന്‍ സിയാദിനു നല്‍കി. ഇവര്‍ക്കിപ്പോള്‍ 20 ആടുകളായി. പിറ്റേക്കൊല്ലം കെ. അബ്ദുല്‍ ബാസിത്ത്, പിന്നീട് കണ്ണാത്തിയില്‍ രമേശിന്റെ മകള്‍ ശ്രീരുദ്ര, പുല്ലരിക്കോട്ടെ കിരായോടന്‍ ഉമ്മറിന്റെ മകന്‍ മുഹമ്മദ് സിനാന്‍, കാഞ്ഞിരത്തടം പൂവംപറമ്പില്‍ കരീമിന്റെ മകന്‍ മുഹമ്മദ് അന്‍സിഫ് എന്നിവര്‍ക്കും ആടുകളെ കിട്ടി.

പ്രഥമാധ്യാപകനും സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്സ് മലപ്പുറം ജില്ലാ കമ്മിഷണറുമായ സി. യൂസഫ്, സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്സ് അധ്യാപകരായ എം. നബീല്‍, എം.എന്‍. രോഷ്നി, വി.പി. ബല്‍ക്കീസ്, ടി. നാദിയ എന്നിവരാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. 2017-ല്‍ സാമൂഹിക സേവനത്തിനുള്ള പ്രധാനമന്ത്രിയുടെ ഷീല്‍ഡും 2019-ല്‍ സാമൂഹിക സേവനത്തിനുള്ള ദേശീയ പുരസ്‌കാരമായ ലക്ഷ്മി മജൂംദാര്‍ പുരസ്‌കാരവും സ്‌കൂളിനു കിട്ടിയിട്ടുണ്ട്.

content highlights: puthur vpamup school aadu gramam programme