പൂവറ്റൂര്‍ ഡി.വി.എന്‍.എസ്.എസ്. എച്ച്.എസ്.എസ്. കാമ്പസില്‍നിന്ന് പ്ലാസ്റ്റിക് പേനകള്‍ പടിയിറങ്ങുന്നു. ഇനി വിദ്യാര്‍ഥികള്‍ എഴുതുക സീഡ് പ്രകൃതിസൗഹൃദ കടലാസ് തൂലികകള്‍കൊണ്ട്.

സ്‌കൂളിലെ അസാപ് യൂണിറ്റിന്റെയും മാതൃഭൂമി സീഡ് യൂണിറ്റിന്റെയും നേതൃത്വത്തിലാണ് പ്ലാസ്റ്റിക്കില്‍നിന്ന് മോചനം പ്രകൃതിയിലേക്ക് മടക്കം എന്ന ലക്ഷ്യത്തോടെയുള്ള പദ്ധതിക്ക് തുടക്കമിട്ടത്. കുട്ടികള്‍തന്നെയാണ് പ്രകൃതിസൗഹൃദ കടലാസ് തൂലിക നിര്‍മിക്കുന്നത്. പദ്ധതിയുടെ തുടക്കമെന്നനിലയില്‍ മൂന്നോറോളം കടലാസ് തൂലികകള്‍ നിര്‍മിച്ചുകഴിഞ്ഞു. ഇത് കുട്ടികള്‍ക്ക് കൈമാറും. നിര്‍മാണസമയത്ത് കടലാസ് തൂലികയ്ക്കുള്ളില്‍ വിവിധതരത്തിലുള്ള വിത്തുകള്‍ ശേഖരിച്ചിട്ടുണ്ടാകം. ഉപേക്ഷിക്കപ്പെടുമ്പോള്‍ കടലാസുകള്‍ ദ്രവിച്ച് ഈ വിത്തുകള്‍ മണ്ണില്‍ പതിച്ച് പുതിയ തൈകളാവും.

ഒരു തൂലികയുടെ നിര്‍മാണത്തിന് മൂന്നു രൂപയോളം ചെലവുണ്ടെങ്കിലും വിദ്യാര്‍ഥികള്‍ക്ക് വിതരണം ചെയ്യുന്നത് സൗജന്യമായിട്ടാണ്. നിര്‍മാണത്തിനാവശ്യമായ കട്ടിയുള്ള കടലാസ് കുട്ടികള്‍തന്നെ വീടുകളില്‍നിന്നും മറ്റും ശേഖരിക്കുകയാണ് ചെയ്യുന്നത്. ഹയര്‍ സെക്കന്‍ഡറി തലത്തിലെ കുട്ടികളാണ് ആദ്യഘട്ടത്തില്‍ പ്ലാസ്റ്റിക് പേനകള്‍ ഒഴിവാക്കി മാതൃക കാട്ടുന്നത്. അടുത്ത അധ്യയനവര്‍ഷത്തോടെ ഹൈസ്‌കൂള്‍, യു.പി. തലവും കടലാസ് തൂലികകളിലേക്ക് വഴിമാറുമെന്ന് പ്രിന്‍സിപ്പല്‍ പറഞ്ഞു.

വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍.ദീപ കുട്ടികള്‍ നിര്‍മിച്ച വലിയ കടലാസ് തൂലിക പ്രിന്‍സിപ്പല്‍ വി.രാജീവ് കുമാറിന് കൈമാറി പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. അസാപ് പ്രോഗ്രാം ഓഫീസര്‍ സുമീഷ് ടി.ജെ., പത്തനംതിട്ട ഡി.പി.എം. പി.അനൂപ്, അസാപ് സ്‌കൂള്‍ കോ-ഓര്‍ഡിനേറ്റര്‍ ശ്രീദേവി, അസാപ് എസ്.ഡി.ഇ. ആശാലക്ഷ്മി, സീഡ് കോ-ഓര്‍ഡിനേറ്റര്‍ ജെ.പ്രീത, വിദ്യാര്‍ഥികളായ അരുന്ധതിദേവി, അപര്‍ണ എസ്., ശ്രീഷ്മ എസ്., ശ്രീലക്ഷ്മി എന്നിവര്‍ സംസാരിച്ചു.

content highlights: Poovattoor school children makes pens using paper