തൊടുപുഴ: "പള്ളിക്കൂടം വിട്ടു വന്നപ്പോള്‍ അച്ഛന്‍ കാണിച്ചൊരു പുത്തന്‍കുട
ചുവന്ന നിറമാര്‍ന്ന ആ കുടയില്‍ അമ്മ എന്റെ പേരും
അച്ഛന്‍ എന്റെ നമ്പറുമെഴുതി വെച്ചു. സന്തോഷത്തോടെ ഞാനാ കുട
സ്‌കൂള്‍ ബാഗിലെടുത്തു വച്ചു
"


പൂച്ചപ്ര ഗവണ്‍മെന്റ് ഹൈസ്‌കൂളിലെ നാലാംക്ലാസ് വിദ്യാര്‍ഥിയായ റൂബന്‍ പയസിന്റെ 'പുത്തന്‍ കുട' എന്ന ചെറുകവിതയാണിത്. കവിത പോലെ തന്നെ മനോഹരമായ ഒരു ചിത്രവും 'പുത്തന്‍കുട' എന്ന പുസ്തകത്തിലുണ്ട്. റൂബന്റെ സഹപാഠിയായ അഭിനവ് അനിലാണ് ചിത്രം വരച്ചത്. റൂബന്റെ 21 കവിതകള്‍ക്ക് അഭിനവിന്റെ 21 ചിത്രങ്ങള്‍ കൂട്ട്. ക്ലാസിലെ കൂട്ടുകാര്‍ അങ്ങനെ പുസ്തകത്തില്‍ കവിയും ചിത്രകാരനുമായി.

കവിതയെഴുത്ത് ചെറുപ്പം മുതല്‍ ഒരു ഹരമാണ് റൂബന്. അതുപോലെ വായനയും. കൈയില്‍ കിട്ടുന്നതെന്തും വായിക്കും. അതില്‍ കിട്ടുന്ന ആശയങ്ങളും കാണുന്ന കാഴ്ചകളും ചെറിയ കവിതകളാക്കി അധ്യാപകരെ കാണിക്കും. അവര്‍ അത് ക്ലാസില്‍ ഉറക്കെ വായിക്കും. അങ്ങനെ പത്തു വയസുകാരന്റെ എഴുത്തിനെ പ്രോത്സാഹിപ്പിക്കാന്‍ അധ്യാപകര്‍ പി.ടി.എ.യുടെ സഹകരണത്തോടെ കവിതകള്‍ പുസ്തകമാക്കാന്‍ ആലോചിച്ചു.

കവിതയ്ക്ക് ചേര്‍ന്ന ചിത്രം വരയ്ക്കാനും അവര്‍ക്ക് വേറെ ആളെ തേടേണ്ടി വന്നില്ല. ഒന്നാം ക്ലാസ് മുതല്‍ ചിത്രരചനയില്‍ സ്‌കൂളിലേക്ക് സമ്മാനങ്ങള്‍ കൊണ്ടുവരുന്ന അഭിനവ് ആ ദൗത്യം ഭംഗിയായി പൂര്‍ത്തിയാക്കിയതോടെ ' പുത്തന്‍കുട' പ്രകാശിതമായി. പ്രഥമാധ്യാപിക പി.ടി.രതി അവതാരികയും ക്ലാസ് അധ്യാപികയായ ടി.കെ.ലിസ്സിമോള്‍ പുസ്തകത്തിന് ആമുഖവുമെഴുതി.

ഇളംദേശം കുഴികണ്ടത്തില്‍ പയസ് ജോസഫിന്റെയും ജെറ്റ്‌സി പയസിന്റെയും മകനാണ് റൂബന്‍. കവിതകളിലെ ആശയങ്ങള്‍ ഉള്‍ക്കൊണ്ട് ചിത്രങ്ങള്‍ വരച്ച അഭിനവ് അനില്‍ പൂച്ചപ്ര ഒളിയറയ്ക്കല്‍ അനില്‍ കുമാറിന്റെയും ഉഷയുടെയും മകനാണ്.

content highlights: poochapra school puthankuda book by ruban and abhinav