ത് വെറുമൊരു സൗഹൃദമല്ല, ജാക്ക് എന്ന നായ്ക്കുട്ടിയുടേയും സുബീക്കിന്റേയും കഥയാണ്. സുഹൃത്തിന്റെ പെറ്റ് ഷോപ്പില്‍ നിന്നാണ് പന്തളം ജനമൈത്രി പോലീസ് സ്റ്റേഷനിലെ ബീറ്റ് ഓഫീസറായ സുബീക്ക് അബ്ദുള്‍ റഹ്മാന്, ജാക്ക് എന്ന നായ്ക്കുട്ടിയെ കിട്ടുന്നത്. എഴുന്നേറ്റ് നില്‍ക്കാനോ നടക്കാനോ കഴിയാതിരുന്ന ജാക്ക് ഇന്ന് മിടുക്കനായി നടക്കും. നടക്കുമെന്ന് മാത്രമല്ല ഷോര്‍ട്ഫിലിമിലും അഭിനയിച്ച് താരമായ ജാക്കിന് ഇപ്പോള്‍ സാമൂഹികമാധ്യമങ്ങളില്‍ നിരവധി ആരാധകരാണ് ഉള്ളത്. ജാക്കിന്റെ വിശേഷങ്ങള്‍ പങ്കുവെക്കുകയാണ് സുബീക്ക്. 

കയ്യിലെത്തുമ്പോള്‍ 45 ദിവസമായിരുന്നു പ്രായം

പെറ്റ് ഷോപ്പിന്റെ ഉടമ വിഷ്ണു, സുബീക്കിന്റെ സുഹൃത്താണ്. ഒരു നായ്ക്കുട്ടി ഉണ്ടെന്നും അതിനെ അഡോപ്റ്റ് ചെയ്യാമോ എന്നും വിഷ്ണു വിളിച്ച് സുബീക്കിനോട് ചോദിക്കുകയായിരുന്നു. ഒരു മുന്‍കാല്‍ ഇല്ലെന്നും തീരെ നടക്കാന്‍ കഴിയാത്ത അവസ്ഥയിലാണെന്നുമാണ് വിഷ്ണു പറഞ്ഞത്. എന്തായാലും ജാക്കിനെ കൂടെക്കൂട്ടാമെന്ന് തന്നെ സുബീക്ക് വിചാരിച്ചു. അങ്ങനെ ജന്മനാവൈകല്യം ബാധിച്ച ജാക്കിനെ വീട്ടിലേക്ക് കൊണ്ടുവരുകയായിരുന്നു. 45 ദിവസം മാത്രമായിരുന്നു പ്രായം. സ്വിറ്റ്സര്‍ലന്‍ഡ് ബ്രീഡായ സെന്റ് ബെര്‍ണാഡ് ഇടത്തില്‍പ്പെട്ട ജാക്ക് അങ്ങനെ വീട്ടിലേക്ക് എത്തി. കുറച്ചു കഴിഞ്ഞ് മറ്റ് ആര്‍ക്കെങ്കിലും കൊടുക്കാമെന്ന് കരുതിയാണ് ജാക്കിനെ കൊണ്ടുവന്നതെങ്കിലും പിന്നീട് അത് വേണ്ടെന്ന് വെക്കുകയായിരുന്നു. പക്ഷേ വീട്ടില്‍ കൊണ്ടുവന്ന് കുറച്ച് ദിവസം കഴിഞ്ഞപ്പോഴാണ് അവന്റെ ഒരു പിന്‍കാലിന് സ്വാധീനം ഇല്ലെന്ന് മനസിലായത്. 

കൃത്യമായ പരിശീലനം നല്‍കി 

ജാക്കിനെ കൊണ്ടുവന്ന ആദ്യ ദിവസങ്ങളിലൊക്കെ അവന് നടക്കാന്‍ കഴിയില്ലായിരുന്നു. പാല് കുടിക്കാന്‍ പോലും എഴുന്നേറ്റ് നില്‍ക്കാന്‍ സാധിക്കില്ലായിരുന്നു. പക്ഷേ മെല്ലെ മെല്ലെ നടത്തിക്കാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു. കൂടാതെ നീന്താനും കൊണ്ടുപോകാന്‍ തുടങ്ങി. അതോടെ അവന്‍ പതിയെ നടക്കാന്‍ തുടങ്ങി. നീന്താന്‍ പോയി തുടങ്ങിയതോടെ ഒന്നുകൂടെ ഉഷാറാവുകയായിരുന്നു. രാവിലെ 100 മീറ്ററും വൈകുന്നേരം 200 മീറ്ററും നടത്തിക്കാറുണ്ട്. ഭക്ഷണമൊക്കെ നിയന്ത്രിച്ചാണ് ഇപ്പോള്‍ ജാക്കിന്റെ പരിപാലനം. അഞ്ചുമാസത്തെ പരിശീലനത്തിന് ശേഷമാണ് ജാക്കിന് ഇപ്പോള്‍ മുടന്തിയാണെങ്കിലും നടക്കാന്‍ സാധിക്കുന്നത്.

jack
ജാക്ക്

അവന്റെ കാലില്‍ നടക്കട്ടേ എന്നായിരുന്നു ആഗ്രഹം 

അവന്‍ സ്വന്തം കാലില്‍ തന്നെ നടക്കട്ടേ എന്നൊരു ആഗ്രഹം ഉണ്ടായിരുന്നു. അങ്ങനെ ഒരു കൃത്രിമക്കാല്‍ വെച്ച് പിടിപ്പിക്കാനുള്ള ശ്രമം നടത്തി. പക്ഷേ മുന്നിലെ കാല്‍ തിരിഞ്ഞാണ് ഉള്ളത്. അതുകൊണ്ടുതന്നെ കൃത്രിമക്കാല്‍ വെച്ചുപിടിപ്പിച്ചതുകൊണ്ട് മാത്രം അവന് നടക്കാന്‍ കഴിയുമായിരുന്നില്ല. കൂടാതെ അതേ വശത്തെ പിന്‍കാലിനാണ് സ്വാധീനക്കുറവ് ഉള്ളതും. ഈ രണ്ട് പ്രശ്നങ്ങളും ഉള്ളതുകൊണ്ട് തന്നെ കൃത്രിമക്കാല്‍ വെച്ചിട്ടും അവന് നടക്കാന്‍ സാധിച്ചില്ല. ശസ്ത്രക്രിയ ചെയ്താല്‍ ഒരുപക്ഷേ ശരിയാകും. അങ്ങനെ വരുമ്പോള്‍ രണ്ട് മാസത്തോളം വിശ്രമം വേണ്ടി വരും. അങ്ങനെയാകുമ്പോള്‍ ചിലപ്പോള്‍ ഭാരം കൂടുകയും ചിലപ്പോള്‍ കുറച്ചുപോലും നടക്കാന്‍ കഴിയാത്ത സാഹചര്യം ഉണ്ടാകുകയും ചെയ്യും.

ഷോര്‍ട്‌ ഫിലിമിലും താരമായി ജാക്ക് 

ജാക്ക് ഇപ്പോള്‍ കൂടെ കൂടിയിട്ട് ആറ് മാസമായി. സൗത്ത് ഇന്ത്യന്‍ ഷോര്‍ട്‌ ഫിലിം- ഡോക്യുമെന്ററി പുരസ്‌കാരം ലഭിച്ച 'ഐ ആം യുവര്‍ ഷാഡോ' എന്ന ഷോട്ഫിലിമില്‍ അഭിനയിച്ചിട്ടുണ്ട് ജാക്ക്. ജാക്കിന് വേണ്ടി ഇതിനോടകം തന്നെ ഇന്‍സ്റ്റഗ്രാമില്‍ ഒരു പേജും തുടങ്ങിയിട്ടുണ്ട് സുബീക്ക്. ജാക്കിന്റെ വിശേഷങ്ങളെല്ലാം സുബീക്ക് ഇന്‍സ്റ്റഗ്രാമിലൂടെയാണ് പങ്കുവെക്കാറുള്ളത്. നിരവധി ആരാധകരാണ് ജാക്കിന് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളിലുള്ളത്.

content highlights: police officer from panthalam takes care of his differently abled furry friend jack