ചാവക്കാട്: പാടശേഖരങ്ങളില്‍ കീടനാശിനി ഒഴിവാക്കി പഴയ കാര്‍ഷികരീതികള്‍ തിരിച്ചെത്തിയതോടെ കീടങ്ങളെ തിന്നൊടുക്കാന്‍ കൂട്ടംകൂട്ടമായി പക്ഷികളെത്തിത്തുടങ്ങി. രാസവളത്തോട് വിടപറഞ്ഞ് ജൈവവളങ്ങളെ മാത്രം കര്‍ഷകര്‍ ആശ്രയിച്ചതോടെയാണ് നെല്‍ച്ചെടികളില്‍ തലപൊക്കുന്ന കീടങ്ങളെ അകത്താക്കാന്‍ ദേശാടനപ്പക്ഷികളടക്കമുള്ള കിളികളെത്തുന്നത്.

എളവള്ളി മുതല്‍ ഏനാമാവ് വരെ നീണ്ടുകിടക്കുന്ന കോള്‍ മേഖലയിലാണ് കര്‍ഷകമിത്രങ്ങളായി പക്ഷികള്‍ മാറിയതെന്ന് പക്ഷിനിരീക്ഷകന്‍ പി.പി. ശ്രീനിവാസ് അഭിപ്രായപ്പെടുന്നു. നെല്‍ച്ചെടികള്‍ക്കിടയില്‍ മടലുകള്‍ കുത്തിനിര്‍ത്തി പക്ഷികളെ വിളിച്ചുവരുത്തുന്ന സമ്പ്രദായം ഇവിടങ്ങളില്‍ വിജയംകണ്ടത് മറ്റു പാടശേഖരങ്ങളിലുള്ളവര്‍ക്കും പ്രചോദനമായിട്ടുണ്ട്. ഇരിപ്പിടമൊരുക്കിക്കൊടുത്തതോടെ വയലുകളില്‍ കീടങ്ങളെ മുഴുവന്‍ തിന്നൊതുക്കി ആഘോഷിക്കുന്നത് ആനറാഞ്ചിയും കാക്കത്തമ്പുരാട്ടിയുമൊക്കെയാണ്.

വയലുകളില്‍ കീടനാശിനിപ്രയോഗം നിലച്ചത് സൈബീരിയന്‍ ദേശാടകര്‍ക്കും പ്രാദേശികര്‍ക്കുമൊക്കെ പ്രിയങ്കരമായി എന്നുവേണം കരുതാന്‍. കതിരിടുംമുമ്പേ പാടങ്ങളില്‍ കീടനാശിനി അടിച്ചുതുടങ്ങുമായിരുന്ന കര്‍ഷകര്‍ ഇത്തവണ അത് അകറ്റിനിര്‍ത്തിയത് കോളുകളിലെത്തുന്ന പക്ഷികളുടെ എണ്ണത്തിലും വലിയ വര്‍ധനയുണ്ടാക്കിയിട്ടുണ്ട്.

ആനറാഞ്ചിയും വേലിത്തത്തകളും കരിയിലയും വയല്‍കോതിയും കതിര്‍വാലന്‍ കുരുവിയും കാലിമുണ്ടിയുമൊക്കെ കൃഷിയിടങ്ങളിലെ കീടങ്ങളെ തിന്നുതീര്‍ക്കുന്ന തിരക്കിലാണിപ്പോള്‍. രാത്രിയില്‍ തെങ്ങോലമടലുകളെ ആശ്രയിക്കുന്ന മൂങ്ങവര്‍ഗക്കാരും ഇരതേടാനെത്തുന്നുണ്ട്. കൃഷിയിടങ്ങളിലെ വിളഞ്ഞ നെല്ല് നശിപ്പിക്കാനെത്തുന്ന എലികളെ ഒന്നടങ്കം തുരത്തുന്നവരാണിവര്‍. കീടനാശിനി ഉപയോഗിച്ചില്ലെങ്കില്‍ വിള നശിക്കുമെന്ന വാദത്തിന് ഇതോടെ മാറ്റം വരികയാണ്.

content highlights: pesticide free farming migrating birds