"താലി കെട്ടിയതിനു ശേഷം അവളെ എടുത്തുയര്‍ത്തിയപ്പോള്‍ ഹിമാലയം കീഴടക്കിയ സന്തോഷമായിരുന്നു." ആലപ്പുഴ ചെട്ടികുളങ്ങര സ്വദേശി വിനീതയുമായുള്ള വിവാഹശേഷം ഭര്‍ത്താവ് സുബ്രഹ്‌മണ്യന്‍ പറഞ്ഞ വാക്കുകളാണിത്. ശാരീരിക പരിമിതികളുള്ള വിനീതയും പാലക്കാട് സ്വദേശിയായ സുബ്രഹ്‌മണ്യനും തമ്മിലുള്ള വിവാഹം ഇക്കഴിഞ്ഞ ദിവസമാണ് നടന്നത്. 

മസ്‌കുലാര്‍ ഡിസ്‌ട്രോഫി ബാധിതയായ വിനീത കഴിഞ്ഞ 13 വര്‍ഷമായി വീല്‍ച്ചെയറിന്റെ സഹായത്തിലാണ് നീങ്ങുന്നത്. വിവാഹം കഴിക്കാന്‍ താല്‍പര്യമുണ്ടെന്ന് സുബ്രഹ്‌മണ്യന്‍ അറിയിച്ചപ്പോള്‍, ശാരീരിക പരിമിതിയെന്ന കാരണം മുന്‍നിര്‍ത്തി വിനീത സമ്മതമല്ലെന്ന് പറഞ്ഞിരുന്നു. പക്ഷെ, മനസ്സുകൊണ്ട് ഇഷ്ടം തോന്നിയ ഒരാളെ അങ്ങനെ കൈവിട്ടുകളയാന്‍ സുബ്രഹ്‌മണ്യന്‍ തയ്യാറായിരുന്നില്ല. കാത്തിരുന്നും വിനീതയുടെ കുടുംബാംഗങ്ങളുമായി സംസാരിച്ചും സുബ്രഹ്‌മണ്യന്‍ വിനീതയെ ജീവിതത്തിലേക്ക് ഒപ്പം ചേര്‍ത്തു.

പരിചയം, സൗഹൃദം, പ്രണയം 

'അറിവിന്റെ പാലാഴി' എന്ന വാട്ട്‌സ്ആപ്പ് കൂട്ടായ്മയിലൂടെയാണ് വിനീതയും സുബ്രഹ്‌മണ്യനും പരിചയപ്പെടുന്നത്. 2019-അവസാനമായിരുന്നു അത്. പരിചയപ്പെട്ട് കുറച്ചു നാളുകള്‍ക്കുള്ളില്‍ത്തന്നെ വിനീതയെ ജീവിതത്തിലേക്ക് ഒപ്പം കൂട്ടണമെന്ന് സുബ്രഹ്‌മണ്യന് ആഗ്രഹം തോന്നി. ഇക്കാര്യം വിനീതയെ അറിയിക്കുകയും ചെയ്തു. പക്ഷെ അനുകൂല മറുപടി ആയിരുന്നില്ല ലഭിച്ചത്. മനസ്സില്‍ ഇഷ്ടമുണ്ടായിരുന്നെങ്കിലും വിവാഹത്തിന് സമ്മതം മൂളാന്‍ തടസ്സമായത് ശാരീരിക പരിമിതികളായിരുന്നെന്ന് വിനീത പറയുന്നു. 

പക്ഷെ, തന്റെ സ്‌നേഹത്തെ അങ്ങനെ വിട്ടുകളയാന്‍ സുബ്രഹ്‌മണ്യന്‍ തയ്യാറായിരുന്നില്ല. ജീവിതത്തിലൊരു കൂട്ടുണ്ടെങ്കില്‍ അത് വിനീത തന്നെ മതിയെന്ന് സുബ്രഹ്‌മണ്യനും ഉറപ്പിച്ചു. വിവാഹം കഴിക്കാനുള്ള താല്‍പര്യം സുബ്രഹ്‌മണ്യന്‍ വീണ്ടും അറിയിച്ചതോടെ എന്നാല്‍പ്പിന്നെ വീട്ടില്‍ വന്ന് സംസാരിക്കൂവെന്ന് വിനീത മറുപടി നല്‍കി. വീട്ടിലാരും സമ്മതിച്ചില്ലെങ്കില്‍ ഒഴിവാക്കാം എന്നു കരുതിയാണ് അങ്ങനെ പറഞ്ഞത്- വിനീത പറയുന്നു. പക്ഷെ വീട്ടുകാര്‍ സമ്മതിച്ചു. അതോടെ വിനീതയും സുബ്രഹ്‌മണ്യനും ജീവിതത്തിലും ഒരുമിക്കാന്‍ തീരുമാനിച്ചു. 

മഞ്ചും ഐസ് ക്രീമും കപ്പലണ്ടി മിഠായിയുമായി ഒരു പെണ്ണുകാണല്‍ 

വീട്ടില്‍ വന്ന് ആലോചിച്ചോളൂ എന്ന വിനീതയുടെ വാക്കിനു പിന്നാലെ സുബ്രഹ്‌മണ്യനും സുഹൃത്തും പാലക്കാട്ടുനിന്ന് മാവേലിക്കരയിലേക്ക് പുറപ്പെട്ടു. വെറുംകയ്യോടെ ആയിരുന്നില്ല യാത്ര. വിനീതയ്ക്കിഷ്ടമുള്ള മഞ്ച്, ഐസ് ക്രീം, മാതളനാരങ്ങ, കപ്പലണ്ടി മിഠായി ഒക്കെയായി സുബ്രഹ്‌മണ്യനും സുഹൃത്തും വിനീതയുടെ നാട്ടിലെത്തി. വിനീതയുടെ മാതാപിതാക്കളോടു സംസാരിച്ചപ്പോള്‍ വീട്ടുകാര്‍ക്ക് പൂര്‍ണസമ്മതം.

മസ്‌കുലര്‍ ഡിസ്‌​ട്രോഫി മാറ്റിമറിച്ച ജീവിതം 

13-14 വയസ്സുവരെ മറ്റു പെണ്‍കുട്ടികളെ പോലെ തന്നെയായിരുന്നു വിനീതയും. ഇടയ്ക്കിടെയുണ്ടാകുന്ന വീഴ്ച, അത് മസിലിന് ബലക്കുറവുണ്ടാക്കുന്ന മസ്‌കുലാര്‍ ഡിസ്‌ട്രോഫി എന്ന രോഗമാണെന്ന് ആദ്യം മനസ്സിലായതുമില്ല. പിന്നീടാണ് രോഗം ശരീരത്തെ കീഴ്‌പ്പെടുത്താന്‍ തുടങ്ങിയെന്ന് തിരിച്ചറിയുന്നത്. കോട്ടയം മെഡിക്കല്‍ കോളേജിലാണ് രോഗം സ്ഥിരീകരിക്കുന്നത്. എന്നാല്‍ അപ്പോഴും രോഗത്തിന്റെ ഗുരുതര സ്വഭാവത്തെ കുറിച്ച് ധാരണയുണ്ടായിരുന്നില്ല. മെല്ലെ ഭേദമാകും എന്നാണ് കരുതിയിരുന്നത്. രോഗം ശക്തിപ്രാപിച്ചതോടെ അത് വിനീതയുടെ വിദ്യാഭ്യാസത്തെയും ബാധിച്ചു. പഠനം ഏഴാം ക്ലാസില്‍ അവസാനിപ്പിക്കേണ്ടി വന്നു. 

നടക്കുമ്പോള്‍ വീഴുക, പടി കയറാന്‍ ബുദ്ധിമുട്ട്, ഇരുന്നിട്ട് എഴുന്നേല്‍ക്കാന്‍ ബുദ്ധിമുട്ട് തുടങ്ങിയവയൊക്കെ അനുഭവപ്പെട്ടു തുടങ്ങി. 13 വര്‍ഷം മുന്‍പുവരെ തനിച്ചു നടക്കാനും സ്വന്തം കാര്യങ്ങള്‍ ചെയ്യാനും സാധിച്ചിരുന്നു. പക്ഷെ പിന്നൊരിക്കല്‍ വീണ് കാലൊടിഞ്ഞു. മൂന്നു മാസം പ്ലാസ്റ്ററിട്ട് കിടക്കേണ്ടി വന്നു. ഇതോടെ എഴുന്നേറ്റ്‌ നടക്കാന്‍ ബുദ്ധിമുട്ടായി. വീല്‍ചെയറിലേക്ക് മാറേണ്ടിവന്നു. ചെറിയ കാര്യങ്ങളല്ലാതെ തനിയെ ഒന്നും ചെയ്യാന്‍ പറ്റാത്ത അവസ്ഥയിലേക്ക് എത്തുകയായിരുന്നു. ജീവിതത്തില്‍ വിവാഹമേ വേണ്ടെന്ന നിലപാടായിരുന്നു വിനീതയ്ക്ക്. സുബ്രഹ്‌മണ്യന്‍ വിവാഹാലോചനയുമായി വന്നപ്പോള്‍ നിരസിക്കാനുള്ള കാരണവും ഇതു തന്നെ. 

'എത്ര സന്തോഷമെന്ന് പറഞ്ഞറിയിക്കാനാവുന്നില്ല' 

vineetha"പറഞ്ഞറിയിക്കാന്‍ പറ്റാത്ത സന്തോഷം. വാക്കുകളില്ല. എന്താണ് പറയേണ്ടത് എന്ന് അറിയില്ല. സ്വപ്‌നമാണെന്നാണ് എന്റെ വിചാരം. ഇങ്ങനെ ഒക്കെ സംഭവിച്ചു എന്ന് ഇപ്പോഴും ഉള്‍ക്കൊള്ളാന്‍ സാധിക്കുന്നില്ല."- താലി കെട്ടിയ ശേഷം എടുത്തുയര്‍ത്തിയതിനെ കുറിച്ച് വിനീത പറയുന്നത് ഇങ്ങനെ. 

പാലക്കാട് പട്ടാമ്പി ആലൂര് സ്വദേശിയാണ് സുബ്രഹ്‌മണ്യന്‍. ഷാലിമാര്‍ എന്ന ക്വാറിയിലെ ജീവനക്കാരനാണ് ഇദ്ദേഹം. സി.പി.എമ്മിന്റെ സജീവ പ്രവര്‍ത്തകരാണ് സുബ്രഹ്‌മണ്യനും വിനീതയും. പാര്‍ട്ടിയുടെ സജീവ പങ്കാളിത്തവും ഇവരുടെ വിവാഹത്തിനുണ്ടായിരുന്നു. വിനീതയ്ക്ക് സ്വര്‍ണം സമ്മാനിച്ചും ബാങ്കില്‍ നിശ്ചിത തുക നിക്ഷേപിച്ചും പാര്‍ട്ടി ഒപ്പം നിന്നു.

യു. പ്രതിഭ എം.എല്‍.എ., മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍. ഇന്ദിരാദാസ്, ചെട്ടിക്കുളങ്ങര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി. സുധാകരക്കുറുപ്പ്, സി.പി.എം. ലോക്കല്‍ കമ്മിറ്റി സെക്രട്ടറി കെ. ശ്രീപ്രകാശ് എന്നിവര്‍ ചേര്‍ന്നാണ് വിനീതയെ വിവാഹപ്പന്തലിലേക്ക് ആനയിച്ചത്. സി.പി.എം. ജില്ലാ സെക്രട്ടറി ആര്‍. നാസര്‍, എ.എം. ആരിഫ് എം.പി., എം.എസ്. അരുണ്‍കുമാര്‍ എം.എല്‍.എ., എ. മഹേന്ദ്രന്‍, കെ. മധുസൂദനന്‍, എസ്. സുനില്‍കുമാര്‍, കെ.ജെ. ജോയി തുടങ്ങി സി.പി.എം.നേതാക്കളുടെ വന്‍നിര നവദമ്പതിമാര്‍ക്ക് ആശംസ നേരാന്‍ എത്തിയിരുന്നു.

content highlights: palakkad native subrahmanyan marries mascular atrophy patient vineetha