salini
ശാലിനി

ഒറ്റപ്പാലം: ''അഞ്ചുവയസ്സുകാരിയായ മകള്‍. ജന്മനാ സെറിബ്രല്‍ പാള്‍സി ബാധിച്ച മകന്‍. പട്ടാളത്തിലായിരുന്ന ഭര്‍ത്താവ് 13 വര്‍ഷം മുമ്പ് മരിക്കുമ്പോള്‍ ആകെയൊരു അന്ധാളിപ്പായിരുന്നു.'' -പുലാപ്പറ്റ ഇരഞ്ഞിക്കോവില്‍ വീട്ടില്‍ പത്മ ഒരു നെടുവീര്‍പ്പോടെ പറഞ്ഞുനിര്‍ത്തി. ''അതിനെന്താ ഞാനില്ലേ അമ്മേ...'' -ചിരിച്ചുകൊണ്ട് ഉടന്‍ മകള്‍ ശാലിനി അമ്മയെ തിരുത്തി. ശാലിനി അമ്മ പത്മയ്ക്കും സഹോദരന്‍ ശരത് ബാബുവിനും ബന്ധുക്കള്‍ക്കുമെല്ലാം അഭിമാനമാണ്. തന്റെ നൃത്തപാടവംകൊണ്ട് ഒട്ടേറെ കാഴ്ചക്കാരുള്ള യൂട്യൂബറാണ് ശാലിനി.

ആത്മവിശ്വാസത്തോടെ

'പത്മ ശാലിനി' എന്ന യൂട്യൂബ് ചാനലിന് ഒരു ലക്ഷം സബ്സ്‌ക്രൈബേഴ്സാണിപ്പോള്‍. 2020-ലെ ലോക്ഡൗണ്‍ കാലത്ത് സമയം ചെലവഴിക്കാനുള്ള ഒരു മാര്‍ഗം. അങ്ങനെയാണ് 'തുളസിക്കതിര്‍ നുള്ളിയെടുത്ത്' എന്ന പാട്ടിന് ചുവടുവെച്ച് ആദ്യവീഡിയോ യൂട്യൂബില്‍ പോസ്റ്റ് ചെയ്യുന്നത്. ഇതുവരെ 10 ലക്ഷം പേരാണ് ആ നൃത്തരൂപം കണ്ടത്. പ്രകീര്‍ത്തനങ്ങളും പ്രശംസയും കമന്റ് ബോക്സില്‍ നിറഞ്ഞപ്പോള്‍ ശാലിനിക്കും അമ്മയ്ക്കും അത് ആത്മവിശ്വാസം നല്‍കി. പിന്നീട് ഓരോ ആഴ്ചയിലും വിവിധ പാട്ടുകള്‍ക്ക് നൃത്താവതരണവുമായി ശാലിനിയെത്തി. എല്ലാ വീഡിയോകള്‍ക്കും കുറഞ്ഞത് ഒരു ലക്ഷം കാഴ്ചക്കാരെ കിട്ടി, ഈ യുവനര്‍ത്തകിക്ക്. അങ്ങനെ യൂട്യൂബ് ചാനല്‍ തളിര്‍ത്തു. പുലാപ്പറ്റയിലെ വീടും കാടും മൈതാനവും ചെറുവെള്ളച്ചാട്ടവുമെല്ലാം പശ്ചാത്തലമായി. ലോക്ക്ഡൗണിലായ ഈ ഒരു വര്‍ഷം മാത്രം 85 വീഡിയോകള്‍ക്കായി ഒന്നര കോടിയിലേറെ കാഴ്ചക്കാരെ സ്വന്തമാക്കി ഈ പതിനെട്ടുകാരി.

അമ്മയാണെല്ലാം

'പത്മ ശാലിനി' എന്ന യുട്യൂബ് ചാനല്‍ ശാലിനിയുടേത് മാത്രമല്ല, അമ്മ പത്മയുടേത് കൂടിയാണ്. വസ്ത്രാലങ്കാരം, ക്യാമറ, പാട്ട് നിശ്ചയിക്കല്‍...അങ്ങനെ നൃത്തത്തിന് വേണ്ടതെല്ലാം ഒരുക്കുന്നത് അമ്മയാണ്. വീഡിയോകള്‍ ചെയ്തുചെയ്ത് അമ്മ ഒരു നല്ല ക്യാമറാവുമണ്‍കൂടിയായെന്ന് ശാലിനി. നൃത്തം ചെയ്തശേഷം എഡിറ്റിങ്ങും പോസ്റ്റിങ്ങുമെല്ലാം ശാലിനി ഒറ്റയ്ക്കാണ്.

salini
ശാലിനി അമ്മ പത്മയ്ക്കും സഹോദരന്‍ ശരത് ബാബുവിനുമൊപ്പം

പ്രശംസിച്ചവരിലുണ്ട് പ്രമുഖരും

നൃത്തത്തില്‍ മഞ്ജുവാര്യരെയും ശോഭനയെയും ആരാധിക്കുന്ന ശാലിനിക്ക് ആത്മവിശ്വാസം നല്‍കിയ വാക്കുകള്‍ പറഞ്ഞത് മഞ്ജു വാര്യര്‍തന്നെ. ചലച്ചിത്രതാരം സ്വാസിക, പിന്നണിഗായകന്‍ വിധുപ്രതാപ്, നര്‍ത്തകിയായ സൗമ്യ ബാലഗോപാല്‍, ഗായിക അഖില ആനന്ദ്, ഗാനരചയിതാവ് വാസുദേവന്‍ പോറ്റി തുടങ്ങി ശാലിനിയുടെ നൃത്തത്തെ പ്രശംസിച്ചവരേറെ. ഒന്നാംക്ലാസുമുതലേ നൃത്തമഭ്യസിക്കുന്ന ശാലിനി ഭരതനാട്യം, കുച്ചുപ്പുടി, ഓട്ടന്‍തുള്ളല്‍ തുടങ്ങിയ നൃത്തരൂപങ്ങളെല്ലാം പഠിച്ചിട്ടുണ്ട്. എല്ലാറ്റിനും പിന്തുണയും സഹായവുമായി വല്യച്ഛന്‍ സൂര്യനാരായണനും അമ്മാവന്‍ ജയകൃഷ്ണനും മറ്റ് ബന്ധുക്കളും ഒപ്പമുണ്ട്.

ജ്യേഷ്ഠനെ നോക്കണം, നഴ്സാവണം

പ്ലസ് ടു പൂര്‍ത്തിയാക്കി ഐ.ടി. മേഖലയിലേക്ക് തിരിയാനായിരുന്നു ശാലിനിക്ക് ആദ്യം ആഗ്രഹം. എന്നാല്‍, മുറിയില്‍നിന്ന് പുറത്തിറങ്ങാനാകാത്ത ജ്യേഷ്ഠനെ പരിപാലിക്കണമെന്ന ചിന്ത മിന്നിമറഞ്ഞു. അതിനായാണ് സ്വയം നേഴ്സിങ് മേഖലയിലേക്ക് വഴിതിരിച്ചുവിട്ടത്. ഇപ്പോള്‍ മലമ്പുഴ സി-മെറ്റ് കോളേജ് ഓഫ് നേഴ്സിങ്ങില്‍ ഒന്നാം വര്‍ഷ നേഴ്സിങ് ബിരുദവിദ്യാര്‍ഥിയാണ് ശാലിനി. അച്ഛന്‍ മണികണ്ഠന്റെ സര്‍വീസ് പെന്‍ഷനും ജ്യേഷ്ഠന്റെ വികലാംഗപെന്‍ഷനുമാണ് ഈ കുടുംബത്തിന്റെ പ്രധാനവരുമാനം. ഇടയ്ക്ക് ക്ഷേത്രപരിപാടികള്‍ക്ക് പോവുമ്പോഴും ശാലിനിക്ക് വരുമാനം ലഭിച്ചിരുന്നു. ഇപ്പോള്‍ യൂട്യൂബില്‍നിന്ന് ചെറിയ വരുമാനം ലഭിക്കുന്നുണ്ട്. പഠനം പൂര്‍ത്തിയാക്കി ജോലി നേടി കുടുംബത്തിന് താങ്ങാവണം. ഒപ്പം നൃത്തവും കൊണ്ടുപോകണം -ശാലിനി പറയുന്നു.

content highlights:padmasalini: story of dancer- youtuber salini