മുപ്പതു വര്‍ഷം മുന്‍പ് ഒഡീഷയിലെ തുലുബി എന്ന ഉള്‍ഗ്രാമം. ഈ ഗ്രാമത്തെ പ്രധാനപാതയുമായി ബന്ധിപ്പിക്കാന്‍ ഒരു റോഡ് നിര്‍മിച്ചു തരുമോ എന്ന് അന്നത്തെ എം.എല്‍.എയോട് ഗ്രാമവാസികളിലൊരാള്‍ ചോദിക്കുന്നു. അക്കാര്യം നടപ്പില്ലെന്നായിരുന്നു എം.എല്‍.എയുടെ മറുപടി.

എന്നാല്‍ അക്കാര്യം ചോദിച്ചയാള്‍ അങ്ങനെ അങ്ങ് പിന്മാറാന്‍ തയ്യാറായിരുന്നില്ല. അയാള്‍ വനഭൂമിയിലൂടെ വഴിവെട്ടാന്‍ തുടങ്ങി. അങ്ങനെ മുപ്പതുവര്‍ഷത്തിനിപ്പുറം ഇന്ന് തുലുബിയെ അയാള്‍ പ്രധാനപാതയുമായി ബന്ധിപ്പിച്ചു.

തന്റെ ഉള്‍ഗ്രാമത്തെ പ്രധാനപാതയുമായി ബന്ധിപ്പിക്കാന്‍ ഇത്രയും കാലം അധ്വാനിച്ച ആ വ്യക്തിയുടെ പേര് ഹരിഹര്‍ ബെഹറ എന്നാണ്. സഹോദരനൊപ്പമായിരുന്നു ഹരിഹറിന്റെ വഴിവെട്ടല്‍. ഒഡീഷയിലെ നയാഗഢ് ജില്ലയിലാണ് തുലുബി ഗ്രാമം. 

ഇവിടെ റോഡില്ലായിരുന്നു. ഞങ്ങള്‍ റോഡ് വേണമെന്ന് ആവശ്യപ്പെട്ടപ്പോള്‍, ഇവിടെ ഒരിക്കലും റോഡ് നിര്‍മിക്കാനാവില്ലെന്നായിരുന്നു എം.എല്‍.എ. പറഞ്ഞത്. അന്നുമുതല്‍ ഹരിഹര്‍ സ്വന്തമായി റോഡ് നിര്‍മാണം ആരംഭിക്കുകയായിരുന്നു- ഗ്രാമവാസികളില്‍ ഒരാള്‍ വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയോടു പറഞ്ഞു. കഴിഞ്ഞ മുപ്പതുകൊല്ലം കൊണ്ടാണ് ഹരിഹറും സഹോദരനും ചേര്‍ന്ന് വനഭൂമിയിലൂടെ മൂന്നുകിലോമീറ്റര്‍ നീളത്തില്‍ റോഡ് നിര്‍മിച്ചത്. 

ചെളിനിറഞ്ഞ വഴി ആയിരുന്നതിനാല്‍ ഇങ്ങോട്ടേക്ക് വരാന്‍ ഞങ്ങളുടെ ബന്ധുക്കള്‍ക്ക് ബുദ്ധിമുട്ടായിരുന്നു. അവര്‍ വഴി മറന്നുപോകുമായിരുന്നു.  റോഡില്ലാത്തതിനാല്‍ വലിയ ബുദ്ധിമുട്ടായിരുന്നു. അങ്ങനെയാണ് ഞാനും എന്റെ സഹോദരനും ചേര്‍ന്ന് വഴി നിര്‍മിക്കാന്‍ തുടങ്ങിയത്. ഇപ്പോള്‍ ആ വഴി യാഥാര്‍ഥ്യമായിരിക്കുന്നു- ഹരിഹര്‍ പറഞ്ഞു. 

ഹരിഹര്‍ സ്വന്തമായി റോഡ് നിര്‍മിച്ചതിനു പിന്നാലെ ഇതിനെ  ഓള്‍ വെതര്‍ റോഡ് ആയി ഉയര്‍ത്താന്‍ ഒഡീഷ സര്‍ക്കാര്‍ സമ്മതിച്ചതായാണ് റിപ്പോര്‍ട്ട്. ഹരിഹറിന് അഭിനന്ദനവുമായി നിരവധിപേര്‍ രംഗത്തെത്തിയിട്ടുണ്ട്. വനഭൂമിയിലൂടെ റോഡ് നിര്‍മിക്കാന്‍ തയ്യാറായ ഹരിഹറിന്റെ നിശ്ചയദാര്‍ഢ്യത്തെ എ.ഡി.എം. ബി.സി. റോയ് അഭിനന്ദിച്ചു. ഏകദേശം മുപ്പതുവര്‍ഷം മുന്‍പാണ് ഹരിഹറും അദ്ദേഹത്തിന്റെ സഹോദരനും ചേര്‍ന്ന് വനഭൂമിയിലൂടെ റോഡ് നിര്‍മാണം ആരംഭിച്ചത്. ഇതൊരു പ്രചോദനാത്മകമായ പ്രവൃത്തിയാണ്. വനംവകുപ്പ് ഉദ്യോഗസ്ഥരുടെ അനുമതി ലഭിച്ചതിനു പിന്നാലെയായിരുന്നു റോഡ് നിര്‍മാണം. ഇപ്പോള്‍ ഗ്രാമത്തിന് പുറംലോകവുമായി ബന്ധമുണ്ട്- അദ്ദേഹം പറഞ്ഞു.

conetent highlights: odisha man carved a road through forest land in 30 years