ഗൂഡല്ലൂർ: ദേശത്തിനപ്പുറത്തുനിന്നും അധ്യാപന ജോലിയിലെത്തി, പിന്നെയുണ്ടായ സൗഹൃദം നന്മയുടേതാണ്. രണ്ടധ്യാപകർ, ആർ. സമുദ്രപാണ്ഡ്യനും മുഹമ്മദ് അഷ്‌റഫും. നെല്ലിയാളം നഗരസഭയിലെ പന്തല്ലൂർ ബസ് സ്റ്റാൻഡിലിറങ്ങി കിഴക്കുഭാഗത്ത് ദേശീയ മൈതാനത്തിനു നേരെമുന്നിലായി കുറച്ചുമാറി രണ്ട്‌ പുത്തൻവീടുകളുണ്ട്. സൗഹൃദത്തിന്റെ രണ്ടടയാളങ്ങൾപോലെ അപ്പുറവും ഇപ്പുറവുമായി. ആ വീടുകളിലെ ഗൃഹനാഥൻമാർ ഈ അധ്യാപകരാണ്. എരുമാട് സ്കൂളിലേക്ക് പ്രഥമാധ്യാപകനായി സ്ഥാനക്കയറ്റം കിട്ടി മുഹമ്മദ് അഷ്‌റഫും ദേവാലയയിലെ മിഡിൽ സ്കൂളിൽ പ്രഥമാധ്യാപകനായി സ്ഥാനക്കയറ്റം കിട്ടി സമുദ്രപാണ്ഡ്യനുമെത്തുന്നു. മുഹമ്മദ് അഷ്‌റഫ് പന്തല്ലൂരിൽ വീടുവെക്കാൻ സ്ഥലം വാങ്ങിച്ച ഇടത്തിനടുത്തായി യാദൃച്ഛികമായി വീടുവെക്കാൻ സമുദ്രപാണ്ഡ്യനും സ്ഥലം വാങ്ങുന്നു. ഈ സാഹചര്യത്തിലാണ് ഇവർ ആദ്യമായി കണ്ടുമുട്ടുന്നത്.

കൂട്ടായ്മയുടെ വെളിച്ചം കിട്ടിയ അക്ഷരനക്ഷത്രങ്ങൾ

ആദിവാസിക്കോളനികളിലെ കുട്ടികളുടെ പഠന പിന്നാക്കാവസ്ഥയ്ക്ക് പരിഹാരമായി ഇരുവരും ചെയ്ത കാര്യങ്ങൾ ഒട്ടേറെ കുട്ടികളെയാണ് അക്ഷരലോകത്തേക്ക്‌ നയിച്ചത്. സ്കൂളുകളിൽ ‘ഡ്രോപ്പ് ഔട്ട്’ വരുത്താതിരിക്കാൻ ഇരുവരും കുട്ടികൾക്കുവേണ്ടി ആദിവാസി ഊരുകളിലേക്ക്‌ പോകാത്ത ദിവസങ്ങൾ ചുരുക്കം. ഇരുവരും വീടുകളിലെത്തിയപ്പോൾ പഠിക്കാനെത്തിയത് കാടുകളിൽ കായ്‌കനികളും തേനും മറ്റും തിരഞ്ഞുനടക്കുന്ന കുട്ടികളാണ്.

ഈ അധ്യാപകരുടെ ഇടപെടലുകളിലൂടെയാണ് അടുത്തകാലത്ത് കാട്ടുനായ്ക്കർ വിഭാഗത്തിലെ അഞ്ചുപെൺകുട്ടികൾ ബെണ്ണൈ ആദിവാസി സെറ്റിൽമെന്റിൽനിന്ന് ആദ്യമായി എസ്.എസ്.എൽ.സി. പരീക്ഷ വിജയിച്ച് ഉന്നതപഠനത്തിന് അർഹതനേടിയത്. അവരിലൂടെയാണ് അക്ഷരജ്ഞാനമില്ലാത്ത മുതിർന്നവരെ ‘കറുപ്പോം എഴുതുവോ’ പദ്ധതിയിലൂടെ അക്ഷരലോകത്തേക്ക്‌ ഇവർ കൈപിടിച്ചുകയറ്റിയത്.

പുതിയ പാതകൾ തുറന്നവർ

നശിച്ചുകൊണ്ടിരുന്ന ആദിവാസി കലാരൂപങ്ങളെ ആദിവാസി തമ്പുകൾക്കകത്ത് സജീവമാക്കി അവയെ പൊതുശ്രദ്ധയിലേക്ക്‌ കൊണ്ടുവന്നിട്ടുണ്ട് ഈ അധ്യാപകർ. അക്ഷരലോകം വികസിപ്പിക്കാൻ വായനാസംഘങ്ങൾ രൂപവത്കരിച്ച് ആനുകാലികങ്ങൾ പരിചയപ്പെടുത്തുന്ന പദ്ധതികൾക്ക് ഇവർ തുടക്കം കുറിച്ചു. ഈ അധ്യാപകർക്ക് താങ്ങും തണലുമായി ജീവിതത്തിലേക്ക്‌ കടന്നുവന്നത് രണ്ടധ്യാപികമാരാണ്. ചേരങ്കോട് പഞ്ചായത്ത് മിഡിൽ സ്കൂളിലെ അധ്യാപിക എ.എം. അസിതയും പന്തല്ലൂർ സെയ്ന്റ് ഫ്രാൻസിസ് പ്രൈമറി സ്കൂളിലെ അധ്യാപിക ഡെയ്‌സിയുമാണ് അവർ. ഇരുവർക്കും രണ്ടുവീതം മക്കളും.

പരാധീനതകളുടെ ബാല്യകാലം

മുഹമ്മദ് അഷ്‌റഫ് പഠിച്ചതെല്ലാം സർക്കാർ സ്കൂളുകളിലാണ്. ഹംസയുടെയും റുഖിയയുടെയും മകനാണ്. തേയില എസ്റ്റേറ്റ് സൂപ്പർവൈസറായിരുന്നു പിതാവ് ഹംസ. അഞ്ച്‌ പെൺകുട്ടികൾക്ക് ഏകസഹോദരൻ. പഠനത്തിന്റെ മാർഗത്തെ സാമ്പത്തികപരാധീനത ബാധിച്ചെങ്കിലും പൊരുതിനേടിയതായിരുന്നു ഉന്നതബിരുദം. അധ്യാപകനായി ഏറെക്കാലം തുച്ഛമായ വരുമാനത്തിന് സ്വകാര്യസ്കൂളിൽ ജോലിചെയ്തു. ആറുവർഷം കഴിഞ്ഞാണ് സർക്കാർ വിദ്യാലയത്തിൽ അധ്യാപകനായി ദേവർഷോലയിലെ പാടുന്തറ സ്കൂളിെലത്തുന്നത്‌. അസി. പ്രഥമാധ്യാപകനെന്ന നിലയിൽ അപ്പർ മിഡിൽ സ്കൂളിനെ ഹൈസ്കൂളാക്കി ഉയർത്താനും 650-ലേറെ കുട്ടികൾ പഠിക്കുന്ന സ്കൂളാക്കി മാറ്റിയതും മുഹമ്മദ് അഷ്‌റഫിന്റെ പ്രവർത്തനത്തിന്റെ ഭാഗമായിട്ടായിരുന്നു. 2008 ജൂണിൽ എരുമാട് മിഡിൽ പ്രൈമറി സ്കൂളിൽ പ്രഥമാധ്യാപകനായി മാറ്റംകിട്ടി. തമിഴ്‌നാട്ടിലെ പ്രമുഖ മലയാളംമീഡിയം വിദ്യാലയമാണ് എരുമാട് മിഡിൽ പ്രൈമറി സ്കൂൾ.

എം.എ. (യോഗ), എം.കോം., എം.ഫിൽ., ബി.എഡ്., പി.എച്ച്.ഡി. ബിരുദങ്ങൾ നേടിയ മാതൃകാധ്യാപകനാണ് സമുദ്രപാണ്ഡ്യൻ. തീർത്തും ദരിദ്രപശ്ചാത്തലത്തിൽ വളർന്ന ബാല്യം. അച്ഛന്റെ മുഖം മനസ്സിൽ പതിയുന്നതിനുമുമ്പെ ഈ ലോകത്തുനിന്ന്‌ മറഞ്ഞു. എസ്.എസ്.എൽ.സി.ക്ക്‌ പഠിച്ച സർക്കാർ സ്കൂളിൽ മൂന്നാംറാങ്ക്. പ്ലസ്ടുവിന് ഗ്രൂപ്പിൽ ആദ്യറാങ്കുകാരനായി. അമ്മയാണ് കഷ്ടപ്പെട്ട് പഠിപ്പിച്ചത്. അവധിദിവസങ്ങളിൽ കൂലിവേലയ്ക്കുപോയി ഇടാനുള്ള വസ്ത്രങ്ങൾ വാങ്ങിച്ചു. കാർഗുഡിയിലെ സ്കൂളിലെ പ്രഥമാധ്യാപകയായ ഇന്ദ്രാണിയുടെ സഹായമാണ് സമുദ്രപാണ്ഡ്യനെ പഠിപ്പിച്ചതെന്നത് നന്ദിയോടെയാണ് ഓർക്കുന്നത്. തന്റെ ജീവിതത്തിൽനിന്നും പാഠമുൾക്കൊണ്ട്

ഒട്ടേറെ നിർധനകുട്ടികളെ സൗജന്യമായി പഠിപ്പിച്ചു സമുദ്രപാണ്ഡ്യൻ. കഴിഞ്ഞവർഷത്തെ ദേശീയ അധ്യാപക അവാർഡും സുമദ്രപാണ്ഡ്യനെത്തേടിയെത്തി.