തൃശ്ശൂര്‍: ഭിന്നശേഷിക്കാരുടെ, സമൂഹത്തില്‍നിന്ന് ഉള്‍വലിയുന്ന ശീലമുള്ള അമ്മമാരെ പുറത്തെത്തിക്കുകയാണ് പ്രിയജ മധു എന്ന വീട്ടമ്മ. ഇതിനായി ഉപയോഗപ്പെടുത്തിയത് ഭിന്നശേഷിക്കാരിയുടെ അമ്മ എന്ന സ്വന്തം അനുഭവവും കടലാസ്പേന നിര്‍മാണം എന്ന ചെറിയ തൊഴിലും. 

ഇപ്പോള്‍ പ്രിയജയുടെ പരിശീലനം നേടി വരുമാനമുണ്ടാക്കുന്നത് 22 വീട്ടമ്മമാര്‍. ഇവരുടെ വിത്തുപേന വിറ്റഴിയുന്നത് ഇന്ത്യയിലും മറ്റു 14 രാജ്യങ്ങളിലും. മധു പണിക്കരുടെ ഭാര്യയും പരപ്പനങ്ങാടി ഉണ്ണികൃഷ്ണപ്പണിക്കരുടെ മകളുമാണ് പ്രിയജ.

തൃശ്ശൂര്‍ കഴിമ്പ്രത്തെ പ്രിയജയുടെ മകള്‍ അനഘയ്ക്ക് സെറിബ്രല്‍ പാള്‍സിയാണ്. മകള്‍ പഠിച്ച സ്‌കൂളില്‍നിന്ന് വിരമിക്കുന്ന അധ്യാപകന് നല്‍കാനായി അധ്യാപക രക്ഷാകര്‍തൃസംഘടന ആവശ്യപ്പെട്ട 100 കടലാസ്പേനകള്‍ നല്‍കാനായതാണ് കടലാസ്പേന നിര്‍മാണത്തിലെ വഴിത്തിരിവ്. പിന്നീട്, ഭിന്നശേഷിക്കാരായ മക്കളുടെ അമ്മമാരെ കണ്ടെത്തി വിത്ത് കടലാസ്പേന നിര്‍മാണത്തില്‍ സൗജന്യ പരിശീലനം നല്‍കി. ഇപ്പോള്‍ പരിശീലനം നേടിയവര്‍ 22 ആയി. ഇന്ത്യയിലും വിദേശത്തുമായി ഈ അമ്മക്കൂട്ടായ്മ വിറ്റഴിച്ചത് രണ്ടരലക്ഷം കടലാസ്പേനകള്‍. ഈ കൂട്ടായ്മയ്ക്ക് പേരില്ല. രജിസ്‌ട്രേഷനില്ല.

മകള്‍ അനഘ വരുമാനവും അംഗീകാരവും കിട്ടുന്ന ഏതെങ്കിലും മേഖലയിലെത്തണമെന്ന തീരുമാനത്തോടെയാണ് പ്രിയജ ഹാന്‍ഡിക്രോപ്സ് എന്ന സംഘടനയില്‍ അംഗത്വമെടുത്തതും കടലാസ്പേന നിര്‍മാണം പഠിച്ചതും. സൗഹൃദങ്ങള്‍ ഉപയോഗപ്പെടുത്തി കാനഡ, ഓസ്‌ട്രേലിയ, ജപ്പാന്‍, അമേരിക്ക, ജര്‍മനി, ഫ്രാന്‍സ്, ഗള്‍ഫ് രാജ്യങ്ങള്‍ തുടങ്ങി 14 രാജ്യങ്ങളിേലക്ക് പേന അയയ്ക്കുന്നു. പേരുള്ള സ്റ്റിക്കര്‍ വേണ്ടാത്ത പേനയ്ക്ക് എട്ടുരൂപയാണ്. പേരുള്ളതിന് ഒന്‍പതും. പേനനിര്‍മാണത്തിനുള്ള ഗുണമേറിയ വസ്തുക്കള്‍ മൊത്തമായി വാങ്ങിനല്‍കുന്നതും പ്രിയജയാണ്. ഒരു പേനയില്‍ ഒരു വീട്ടമ്മയ്ക്ക് നാലുരൂപ വരെ വരുമാനം കിട്ടുന്നുണ്ട്.

ലോക്ഡൗണ്‍കാലത്ത് വീട്ടമ്മമാരെ ചാണകപ്പൊടി-മരപ്പശ സമ്മിശ്ര ചെരാത് നിര്‍മാണവും പേപ്പര്‍ ബാഗ് നിര്‍മാണവും സ്‌ക്രീന്‍ പ്രിന്റിങ്ങും പ്രിയജ പരിശീലിപ്പിച്ചു. ശക്തിപ്രസാദാണ് മകന്‍.

content highlights: mothers of differently abled children makes paper pen with seeds