തൃശ്ശൂര്‍: മലയണ്ണാന്‍ തിന്നുപേക്ഷിച്ചുപോയ കരിക്കിന്‍ തൊണ്ട്. കിളികള്‍ പാതി കൊത്തിത്തിന്ന പപ്പായ. കാട്ടുപന്നിയും എലിയും കുത്തിയിളക്കിയ കപ്പച്ചുവട്. കുരങ്ങുകള്‍ കടിച്ച് മധുരം പരീക്ഷിച്ച ആത്തച്ചക്ക. കുരുവികള്‍ രുചിനോക്കിയ കാന്താരി - കാടിന് സമാനമായ ഒരേക്കറിലെ കാഴ്ചകള്‍ ഓരോന്നും ഗോപാലകൃഷ്ണനെ ഹരം പിടിപ്പിക്കുന്നതാണ്.

ഫലവൃക്ഷങ്ങളാല്‍ സമ്പന്നമായ ഈ സ്ഥലത്തുനിന്ന് ഇതേവരെ ഒരു കാന്താരിമുളകുപോലും വിളവെടുത്തിട്ടില്ല ഇദ്ദേഹം. ഇവിടത്തെ ഫലങ്ങള്‍ പക്ഷിമൃഗാദികള്‍ക്ക് തിന്നുല്ലസിക്കാനുള്ളതാണ്. മരങ്ങള്‍ അവയ്ക്ക് ചേക്കേറാനും ഭൂമിക്ക് തണലാകാനും.

'മനുഷ്യരെ സഹായിക്കാന്‍ കൂട്ടുകാരും നാട്ടുകാരും സര്‍ക്കാരുമുണ്ട്. ഭൂമിയുടെ അവകാശികളായ പക്ഷിമൃഗാദികളെ സഹായിക്കാന്‍ ആരുണ്ട്'-ബാങ്കില്‍നിന്ന് വിരമിച്ച ഗോപാലകൃഷ്ണന്‍ കാലങ്ങളായി കൊണ്ടുനടന്ന ചോദ്യത്തിന് ഉത്തരമാണ് തൃശ്ശൂര്‍ മാന്ദാമംഗലത്ത് വനഭൂമിയോടു ചേര്‍ന്ന ഒരേക്കര്‍.

സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറില്‍നിന്ന് 2014-ല്‍ കംപ്യൂട്ടര്‍ ഓപ്പറേറ്ററായി വിരമിച്ചപ്പോള്‍ കിട്ടിയ ആനുകൂല്യം 15 ലക്ഷം. ഇതുപയോഗിച്ചാണ് മാന്ദാമംഗലത്ത് വനഭൂമിയോടുചേര്‍ന്ന ഒരേക്കര്‍ റബ്ബര്‍ത്തോട്ടം വാങ്ങിയത്. കൈവശമുണ്ടായിരുന്ന പണംകൊണ്ട് റബ്ബര്‍മരങ്ങളെല്ലാം വെട്ടിമാറ്റി ഫലവൃക്ഷങ്ങള്‍ നട്ടു. ഒപ്പം ഔഷധച്ചെടികളും കാട്ടുചെടികളും അപൂര്‍വ മരങ്ങളും.

ഇന്നിവിടെ മുന്നൂറ്റി അമ്പതില്‍പ്പരം മരങ്ങളുള്‍പ്പെടെ ആയിരത്തിലധികം സസ്യ വകഭേദങ്ങളുണ്ട്്. ഇതില്‍ ഇരുനൂറോളം ഫലവൃക്ഷങ്ങളാണ്- ചക്ക മുതല്‍ കുരുവില്ലാ ഞാവല്‍ വരെ, ദുരിയന്‍ പഴം മുതല്‍ ചെറുകിളികളുടെ സ്വന്തം കൊങ്കിണിക്കായ വരെ. എണ്‍പതോളം ഔഷധച്ചെടികളുണ്ടിവിടെ. അത്തിയും ഇത്തിയും പേരാലും അരയാലും പൈനും ഉള്‍പ്പടെ നാല്‍പതിലധികം തണല്‍, വനവൃക്ഷങ്ങളും.

ഇവിടേയ്ക്ക് പക്ഷിമൃഗാദികള്‍ക്ക് മാത്രം സ്വാഗതം. അതിനാല്‍ റോഡില്‍നിന്ന് 500 മീറ്ററോളം അകലെയുള്ള ഇവിടേയ്ക്ക് ഒറ്റയടിപ്പാതമാത്രം. സൈക്കിള്‍പോലും ഈ വഴി വരാനാകില്ല. ഗോപാലകൃഷ്ണനും ഭാര്യ ചിന്നമ്മയും ഈ സ്ഥലത്തിന് 'പ്രാണ' എന്ന് പേരിടാനിരിക്കുകയാണ്. പൊന്നൂക്കരയിലെ കാലന്‍പറമ്പില്‍ വീട്ടിലാണ് താമസം.

ഏക മകന്‍ ആസാദ് കൊച്ചിയില്‍ സോഫ്റ്റ്വേര്‍ എന്‍ജിനിയറാണ്. ശ്രീനാരായണീയ ദര്‍ശനങ്ങളുടെ സത്ത പ്രാവര്‍ത്തികമാക്കി ജീവിക്കുന്ന ഗോപാലകൃഷ്ണന്‍ 1984-ല്‍ പത്രത്തില്‍ പരസ്യംനല്‍കി മറ്റൊരു മതസ്ഥയെ കണ്ടെത്തി വിവാഹം കഴിക്കുകയായിരുന്നു.

content highlights: man develops forest in 15 lakh land for birds and animals