കോവിഡ് കാലം ഭൂരിഭാഗംപേര്‍ക്കും സാമ്പത്തിക ഞെരുക്കത്തിന്റേതു കൂടിയാണ്. നിത്യച്ചെലവ് കഴിഞ്ഞുകിട്ടാന്‍ ആളുകള്‍ പെടാപ്പാടുപെടുന്ന കാലം. കുട്ടികളുടെ സ്‌കൂള്‍ഫീസും മറ്റു ചെലവുകളുമൊക്കെ ദുഃസ്വപ്‌നങ്ങളായി മാറിയിട്ടുണ്ട് പലകുടുംബങ്ങളിലും. ഈ ദുരിതകാലത്ത്, സ്‌കൂള്‍ ഫീസ് അടയ്ക്കാന്‍ മാര്‍ഗമില്ലാതെനിന്ന കുട്ടികള്‍ക്കു വേണ്ടി 40 ലക്ഷത്തോളം രൂപ സമാഹരിച്ച് അവരുടെ പഠനം മുടങ്ങാതെ സംരക്ഷിച്ച ഒരു മലയാളി അധ്യാപികയുണ്ട് മുംബൈയില്‍. ഷേര്‍ളി പിള്ള എന്നാണ് ഇവരുടെ പേര്. മുംബൈയ്ക്കു സമീപത്തെ പവായി ഇംഗ്ലീഷ് ഹൈസ്‌കൂളിലെ പ്രിന്‍സിപ്പാളാണ് ഷേര്‍ളി. 

വിവിധ കോര്‍പറേറ്റ് സ്ഥാപനങ്ങളില്‍നിന്നും വ്യക്തികളില്‍നിന്നുമാണ് ഷേര്‍ളിക്ക് പണം ലഭിച്ചത്. ലഭിച്ച പണം കൊണ്ട് ഏകദേശം 200 കുട്ടികളുടെ ഫീസ് അടയ്ക്കാനും സാധിച്ചതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. നാലുവര്‍ഷമായി ഷേര്‍ളിയാണ് സ്‌കൂള്‍ പ്രിന്‍സിപ്പാള്‍. 2020 മാര്‍ച്ചില്‍ ലോക്ഡൗണ്‍ ആരംഭിച്ചതിനു പിന്നാലെയാണ് ഷേര്‍ളി ഈ ക്രൗഡ് ഫണ്ടിങ് ആരംഭിച്ചത്. 35 വര്‍ഷത്തെ അധ്യാപന ജീവിതത്തില്‍ ആദ്യമായിട്ടായിരുന്നു എന്റെ മേശയില്‍ റിപ്പോര്‍ട്ട് കാര്‍ഡുകള്‍ ഇങ്ങനെ കുന്നുകൂടി കിടന്നതും അവ വാങ്ങാന്‍ മാതാപിതാക്കള്‍ സ്‌കൂളില്‍ എത്താതിരുന്നതും- ഷേര്‍ളി പറയുന്നു. 

2,200 വിദ്യാര്‍ഥികളുള്ള സ്‌കൂളില്‍ വെറും അമ്പതുശതമാനം കുട്ടികള്‍ മാത്രമായിരുന്നു ഫീസ് അടച്ചിരുന്നത്. അധ്യാപകര്‍ രക്ഷിതാക്കളുമായി ബന്ധപ്പെട്ടപ്പോള്‍ മഹാമാരിയെ തുടര്‍ന്ന് രണ്ടറ്റവും കൂട്ടിമുട്ടിക്കാനുള്ള ബുദ്ധിമുട്ടിലാണ് അവരെന്ന് മനസ്സിലായി. ദിവസ വേതനക്കാരുടെയും ലോവര്‍ മിഡില്‍ ക്ലാസ് കുടുംങ്ങളില്‍നിന്നുമുള്ള കുട്ടികളും ഈ സ്‌കൂളില്‍ പഠിക്കുന്നുണ്ട്. പെണ്‍കുട്ടികള്‍ക്കാകും ആദ്യം പഠനം നിര്‍ത്തേണ്ടി വരികയെന്ന ആശങ്കയും ഉണ്ടായിരുന്നു-ഷേര്‍ളി കൂട്ടിച്ചേര്‍ക്കുന്നു.

2019-20 അധ്യയന വര്‍ഷത്തെ ഫീസില്‍ 25 ശതമാനം ഇളവ് ആദ്യം സ്‌കൂള്‍ അധികൃതര്‍ നല്‍കിയിരുന്നു. നേരത്തെ തന്നെ അധ്യാപകരും അനധ്യാപകരും ഉള്‍പ്പെടെയുള്ള 105 പേര്‍ മുപ്പത് മുതല്‍ അന്‍പതു ശതമാനം വരെ സാലറി കട്ടിനും തയ്യാറായിരുന്നു. എന്നാല്‍ അതും ബുദ്ധിമുട്ടായതോടെ പോവെയിലെ കോര്‍പറേറ്റുകളോടും വ്യക്തികളോടും സഹായം അഭ്യര്‍ഥിക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് ഷേര്‍ളി കൂട്ടിച്ചേര്‍ത്തു. 

ഒരു പ്രാദേശിക കമ്യൂണിറ്റി നെറ്റ് വര്‍ക്കിന്റെയും സാമൂഹിക മാധ്യമങ്ങളുടെയും സഹായത്തോടെ കുട്ടികളുടെ പഠനം സ്‌പോണ്‍സര്‍ ചെയ്യാമോ എന്ന അഭ്യര്‍ഥന ഷേര്‍ളി മുന്നോട്ടുവെക്കുകയായിരുന്നു. പ്രതികരണം ലഭിക്കാന്‍ കുറച്ച് വൈകിയെങ്കിലും ശ്രമം വിജയിച്ചതില്‍ സന്തോഷമുണ്ടെന്ന് അവര്‍ കൂട്ടിച്ചേര്‍ക്കുന്നു. ലഭിച്ച പണം ഉപയോഗിച്ച് 200 കുട്ടികളുടെ ഫീസ് അടച്ചതായും 2021-22 വര്‍ഷത്തേക്ക് കുട്ടികളെ സ്‌പോണ്‍സര്‍ ചെയ്യാന്‍ തയ്യാറുള്ളവര്‍ക്കു വേണ്ടിയുള്ള അന്വേഷണത്തിലാണെന്നും ഷേര്‍ളി കൂട്ടിച്ചേര്‍ത്തു. കുട്ടികളോട് എല്ലാവരോടും ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ഫീസിന്റെ കാര്യം മുതിര്‍ന്നവര്‍ക്ക് വിടാന്‍ പറഞ്ഞിട്ടുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.  

കടപ്പാട്: timesofindia.indiatimes.com

content highlights: malayali principal collects 40 lakh from donors to pay students fee