മ്പുട്ടാനോ ഞാനോ?

അതൊക്കെ പണ്ട്, ഇപ്പോ ഞാൻ പ്രേംനസീർ...

നിലയും വിലയും കണ്ട് സ്വന്തം കണ്ണു വരെ തള്ളിപ്പോയ മരത്തൈയെക്കുറിച്ചാണ്‌ പറഞ്ഞുവരുന്നത്‌. ചെറിയൊരു തലക്കനമുണ്ട് തൈയ്‌ക്ക്‌... വെറുതെയല്ല, കൂട്ടത്തിൽ പേര് വീണ് കിട്ടിയ ഒരേ ഒരാളാണ്‌. അതും നിത്യഹരിതനായകന്റെ പേര്‌.

അസൂയപ്പെട്ടിട്ട് കാര്യമില്ല,

പ്രേംനസീറെ.... തിരഞ്ഞെടുപ്പ് വരും പോകും. പക്ഷേ നമ്മൾ വളരുന്നത് നാടിന്റെ നന്മയ്ക്കാ എല്ലാവർക്കും തണലൊരുക്കാൻ... ആ ഒരുമ വേണം കേട്ടോ...

സ്ഥാനാർഥികൾക്ക് നട്ടിട്ടു അങ്ങ് പോയാൽ മതിയല്ലോ.തിരഞ്ഞെടുപ്പ് വരെ എന്തായാലും നമുക്ക് ഒരു പ്രശ്നവും വരൂല്ല...അത് കഴിഞ്ഞാൽ പിന്നെ കണ്ടറിയണം. ആരൊക്കെ പടർന്നു പന്തലിക്കുമെന്ന്...എന്തൊക്കെയായാലും ഇപ്പോ കാര്യങ്ങളൊക്കെ കളറാണ്. ഇതിൽ ഏതാണ്‌ ‘എം.പി. മര’മെന്ന്‌ അറിയാൻ മേയ്‌ 23 വരെ കാത്തിരിക്കണം.

തൃശ്ശൂർ ലോക്‌സഭാ മണ്ഡലത്തിൽനിന്ന്‌ മത്സരിക്കുന്ന ഒൻപത്‌ സ്ഥാനാർഥികൾ നാമനിർദേശപത്രികാ സമർപ്പണത്തിന്‌ ശേഷം കളക്ടറേറ്റ്‌ വളപ്പിൽ തൈകൾ നട്ടാണ്‌ പോയത്‌. കാർഷികസർവകലാശാലയിൽനിന്ന്‌ ശുചിത്വമിഷനാണ്‌ തൈകൾ വാങ്ങി സ്ഥാനാർഥികൾക്ക്‌ നൽകിയത്‌.

സ്ഥാനാർഥികൾ നട്ടിട്ടുപോയ വൃക്ഷത്തൈകൾ ഉഷാറാണ് കേട്ടോ. പേര മുതൽ മാതളം വരെ നിരനിരയായി നിൽപ്പുണ്ട്. ഒന്നും വാടിയിട്ടില്ല, എല്ലാവരും സ്ഥാനാർഥികളെപ്പോലെ ഉഷാറായി തന്നെ നിൽക്കുകയാണ്. രാജാജിയുടെ സർവസുഗന്ധിയും ടി.എൻ. പ്രതാപന്റെ നാരകവും സുരേഷ്ഗോപിയുടെ റമ്പുട്ടാനുമെല്ലാം ‘കൂളാ’യി നിൽക്കുന്നുണ്ട്. നമ്മുടെ സ്ഥാനാർഥികൾ ഏതൊക്കെയാണ് നട്ടിരിക്കുന്നത് എന്ന് ഇടയ്ക്ക് കാണാൻ വരുന്നവരുമുണ്ടിവിടെ.

ഈ മരം നിത്യഹരിതമാകണം എന്ന് പറഞ്ഞാണ് നാമനിർദേശപത്രിക നൽകിയശേഷം എൻ.ഡി.എ. സ്ഥാനാർഥി സുരേഷ് ഗോപി റമ്പുട്ടാൻ നട്ടത്. അതിനാൽതന്നെ ‘നിത്യഹരിതനായകൻ പ്രേംനസീർ’ എന്ന പേരാണ് റമ്പുട്ടാന് അദ്ദേഹം ഇട്ടത്.

സ്വതന്ത്രസ്ഥാനാർഥി സോനുവിന്റെ പേരത്തൈയാണ് ആദ്യം നിൽക്കുന്നത്. സ്വതന്ത്രനായതുകൊണ്ട് മറ്റ് സ്ഥാനാർഥികളോട് തൊട്ടുരുമ്മി നിൽക്കാനൊന്നുമില്ലെന്ന് മട്ടിലാണ് പേരയുടെ പോക്ക്. പിന്നെയാണ്‌ ടി.എൻ. പ്രതാപൻ നട്ട നാരകം തലയുയർത്തി നിൽക്കുന്നത്. പിന്നെയങ്ങോട്ട് സ്ഥാനാർഥികളെ പോലെ തലയുയർത്തിപ്പിടിച്ച് അവരുടെ വൃക്ഷതൈകൾ. സി.പി.ഐ. (എം.എൽ. റെഡ്സ്റ്റാർ) എൻ.ഡി. വേണുവിന്റെ ആത്തയും ബി.എസ്.പി. സ്ഥാനാർഥി റ്റി.സി നിഖിലിന്റെ നാരകവും ‘സ്റ്റൈലായി’ തന്നെ നിൽപ്പുണ്ട്.

വെറൈറ്റി സ്വതന്ത്രർ

സൂക്ഷിച്ചു നോക്കേണ്ടടാ ഉണ്ണി.. ഇത് ഞാനല്ല...

‘പറക്കുംതളിക’ സിനിമയിലെ ഹരിശ്രീ അശോകന്റെ ഡയലോഗാണ് സ്വതന്ത്രസ്ഥാനാർഥികളുടെ വൃക്ഷത്തൈകൾ കണ്ടാൽ ഒാർമ വരിക. എല്ലാം ‘വെറൈറ്റി’.

സ്വതന്ത്രരായതുകൊണ്ട് സ്ഥാനാർഥികൾ നാലു പേരും വച്ചത് നാല് ഇനം വൃക്ഷത്തൈകൾ. തൊടികളിലും വീട്ടുമുറ്റത്തും അധികം പരിചരണമില്ലാതെ തന്നെ നന്നായി വളരുന്ന പേര സോനു വച്ചപ്പോൾ സുവിത്ത് നാരകവും പി.എ. ചന്ദ്രൻ ആത്തയും കെ.പി. പ്രവീൺ മാതളവുമാണ് നട്ടത്.

രാജാജിയുടെ സർവസുഗന്ധി

നമ്മുടെ നാട്ടിൽ ഈയടുത്തകാലത്ത് വളരെ പ്രചാരം നേടിയിരിക്കുന്ന സുഗന്ധവിളയാണ് സർവസുഗന്ധി അഥവാ ആൾസ്‌പൈസ്. പേരുപോലെതന്നെയാണീ വിളയുടെ ഗുണവും. ജാതി, ഗ്രാമ്പൂ, കറുവപ്പട്ട, കുരുമുളക് എന്നിങ്ങനെ ഒട്ടുമിക്ക സുഗന്ധവിളകളുടെയും സമ്മിശ്രഗന്ധവും ഗുണമേന്മയും ഒത്തിണങ്ങിയ സർവസുഗന്ധിയാണ് രാജാജി വച്ചുപിടിപ്പിച്ചത്.

പ്രതാപന്റെ നാരകം

റൂട്ടേസീ സസ്യകുടുംബത്തിലെ ഒരു ജനുസാണ് സിട്രസ് അഥവാ നാരകം (Citrus). നമ്മുടെ കോശങ്ങളിലുള്ള ദോഷകരമായ രാസപദാർത്ഥങ്ങളെ നീക്കാൻ നാരങ്ങ സഹായിക്കും. യു.ഡി.എഫ്. സ്ഥാനാർഥി പ്രതാപൻ നട്ടുപിടിപ്പിച്ചത് നാരകമാണ്.

സുരേഷ് ഗോപിയുടെ റമ്പുട്ടാൻ

ചുവപ്പ്‌ നിറത്തിൽ പഴക്കടകളിൽ റന്പുട്ടാൻ കിടക്കുന്നത്‌ കാണാൻ തന്നെ നല്ല രസമുണ്ട്‌. പരദേശിപ്പഴമാണ് ‘റമ്പുട്ടാൻ’. ഇന്തോനേഷ്യയിൽ നിന്നാണ്‌ എത്തിയത്‌. പുറംതോടിൽ മുള്ളുകൾ നിൽക്കുന്നതിനാൽ ആദ്യമൊക്കെ പലരും ഇതിനെ ‘മുള്ളൻപഴം’ എന്നാണ് വിളിച്ചത്. വളരെ സ്വാദിഷ്ടവും പോഷകസമ്പന്നവുമായ റമ്പുട്ടാനാണ് സുരേഷ്ഗോപി നട്ടത്.

Conetnt Highlights:  lok sabha election candidates in thrissur plant trees, suresh gopi, rajaji, tn parathapan