ഒറ്റപ്പാലം: ഇടുക്കി ഹൈറേഞ്ചിലെ തേയിലത്തോട്ടങ്ങള്‍ക്കിടയിലെ ഒരു ചെറിയ ലയത്തില്‍നിന്നാണ് (തോട്ടം തൊഴിലാളികളുംമറ്റും താമസിക്കുന്ന ചെറിയ വീട്) ആ യാത്ര തുടങ്ങിയത്.
തമിഴ്നാട്ടില്‍നിന്ന് കുടിയേറിയെത്തിയ കുടുംബത്തിലെ ഏലം കര്‍ഷകന്‍ സി. പാണ്ഡ്യനും അങ്കണവാടി അധ്യാപിക ഉഷയും മകനെ നന്നായി പഠിപ്പിക്കണമെന്നേ ആഗ്രഹിച്ചുള്ളൂ. അതിനായി അവര്‍ അധ്വാനിച്ചു. അച്ഛന്റെയും അമ്മയുടെയും ബുദ്ധിമുട്ടറിഞ്ഞ മകന്‍ അവധിദിവസങ്ങളില്‍ തേയിലച്ചാക്ക് ചുമന്നു. കുട്ടികള്‍ക്ക് ട്യൂഷനെടുത്തു.
പീരുമേട്ടിലെയും കിളിമാനൂരിലെയും സ്‌കൂളിലായിരുന്നു പഠനം. കൊല്ലത്തെ ടി.കെ.എം. എന്‍ജിനിയറിങ് കോളേജിലെ പഠനത്തിനിടെ തന്നെ മിടുക്കനായ ആ വിദ്യാര്‍ഥിയെ തേടി കാമ്പസ് പ്ലേസ്മെന്റെത്തി. സിവില്‍ സര്‍വീസിനോട് പെട്ടെന്നുതോന്നിയ ആഗ്രഹവും കഠിനാധ്വാനവും അദ്ദേഹത്തെ ഇടുക്കി ഹൈറേഞ്ചില്‍നിന്നുള്ള ആദ്യ ഐ.എസ്.എസുകാരനാക്കി. ഇപ്പോള്‍ ആ യുവാവ് ഒറ്റപ്പാലത്തുണ്ട്. അതെ, വള്ളുവനാടിന്റെ സബ് കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ ഐ.എ.എസ്.

ആദ്യം എന്‍ജിനിയര്‍
തിരുവനന്തപുരം കിളിമാനൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പ്ലസ് ടു പഠനത്തിനുശേഷം കൊല്ലം ടി.കെ.എം. എന്‍ജിനിയറിങ് കോളേജില്‍ പ്രവേശനം. ബിരുദം പൂര്‍ത്തിയാക്കുന്നതിനിടെ തന്നെ പ്ലേസ്മെന്റ് ലഭിച്ചു. ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസില്‍ എന്‍ജിനിയറായി. എം.ടെക്. ചെയ്യണമെന്നായിരുന്നു ആഗ്രഹം. കൂടെ പഠിച്ചവരില്‍ പലരും എം.ടെക്കിന് ചേര്‍ന്നു. എന്നാല്‍, വീട്ടിലെ സാമ്പത്തികസ്ഥിതി അറിയാമായിരുന്നതിനാല്‍ രണ്ടരവര്‍ഷം എന്‍ജിനിയറായി തുടര്‍ന്നു.
അടുക്കള പാഠശാലയാക്കി സിവില്‍ സര്‍വീസ്
''എന്നാണ് സിവില്‍ സര്‍വീസ് എന്ന ആഗ്രഹം വന്നതെന്ന് അറിയില്ല. ഹൈറേഞ്ചിലെ സാധാരണ ചെറുപ്പക്കാരെപ്പോലെതന്നെ ആ ജോലിയെപ്പറ്റി ഒരറിവുമുണ്ടായിരുന്നില്ല. 2015-ല്‍ വെറുതെ അന്വേഷിച്ചപ്പോള്‍ കേരള സ്റ്റേറ്റ് സിവില്‍ സര്‍വീസ് അക്കാദമിയില്‍ ഒരാഴ്ചകഴിഞ്ഞാല്‍ കോച്ചിങ്ങിനുള്ള പ്രവേശനപ്പരീക്ഷ നടക്കുമെന്നറിഞ്ഞു, അപേക്ഷിച്ചു, പ്രവേശനവും കിട്ടി. പഠനത്തിനുള്ള ചെലവായിരുന്നു പ്രശ്നം. 'നിന്റെ ആത്മവിശ്വാസത്തില്‍ വിശ്വാസമുണ്ടെ'ന്നായിരുന്നു മാതാപിതാക്കളുടെ മറുപടി. വീട്ടുകാരും ഒപ്പംപഠിച്ചവരും ഒപ്പം ജോലിചെയ്തിരുന്നവരും സാമ്പത്തികമായി സഹായിച്ചു. ഒരു സ്‌കോളര്‍ഷിപ്പും കിട്ടി. അങ്ങിനെ പരിശീലനം തുടങ്ങി' -അര്‍ജുന്‍ പാണ്ഡ്യന്‍ പറയുന്നു.
അപ്പോള്‍ താമസിക്കാന്‍ വീടായി പ്രശ്‌നം; കിട്ടുന്നതിനാവട്ടെ വലിയ വാടകയും. ഒടുവില്‍ ഒരുവീടിന്റെ ഉപയോഗിക്കാത്ത അടുക്കളമുറിയുണ്ടെന്നറിഞ്ഞു. കുറഞ്ഞവാടകയ്ക്കുള്ള ആ അടുക്കളയായിരുന്നു പിന്നീടുള്ള താമസകേന്ദ്രം. ആദ്യ പ്രിലിമിനറി പരീക്ഷയില്‍ത്തന്നെ പാസായി. പക്ഷേ, മെയിന്‍ പരീക്ഷയില്‍ വിജയിച്ചില്ല. വീണ്ടുമെഴുതി. താമസം അപ്പോഴും പഴയ അടുക്കളമുറിയില്‍. 2016-ല്‍ 248-ാം റാങ്ക് നേടി, 2017 ബാച്ചിലെ ഐ.എ.എസുകാരനായി. കഠിനാധ്വാനത്തിന്റെയും ആത്മസമര്‍പ്പണത്തിന്റെയും ഫലമായിരുന്നു ആ മൂന്നക്ഷരം. ഒപ്പം കുടുംബത്തെ കരകയറ്റാനുള്ള പിടിവള്ളിയും.
ഓവറോള്‍ ചാമ്പ്യന്‍
ഐ.എ.എസ്. കിട്ടി ഡല്‍ഹിക്ക് പോകുമ്പോഴാണ് ആദ്യമായി വിമാനത്തില്‍ കയറുന്നത്. ബസുകയറാന്‍ അഞ്ചുകിലോമീറ്റര്‍ നടക്കേണ്ടിയിരുന്ന ഹൈറേഞ്ചുകാരന് വിമാനയാത്ര അത്ഭുതമായിരുന്നു. സ്‌കൂള്‍തലത്തിലൊന്നും കായികമത്സരങ്ങളില്‍ പങ്കെടുക്കാതിരുന്ന അര്‍ജുന്‍ പാണ്ഡ്യന്‍ മസൂറിയിലെ സിവില്‍ സര്‍വീസ് പരിശീലനകാലത്ത് നല്ലൊരു കായികതാരവുമായി. പരിശീലനകാലത്തെ സ്പോര്‍ട്സ് മീറ്റില്‍ ഓവറോള്‍ ചാമ്പ്യനായി. ഓട്ടമായിരുന്നു പ്രധാന ഇനം. ജീവിതം പച്ചപിടിപ്പിക്കാന്‍ നെട്ടോട്ടേേമാടുന്നവന് ഇതെന്ത് ഓട്ടം...
ഡോ. അനു ജീവിതസഖി
ഇടുക്കി ഏലപ്പാറ ബോണമി കുമരംപറമ്പില്‍ പാണ്ഡ്യന്റെയും ഉഷയുടെയും മകന്‍ അര്‍ജുന്‍ പാണ്ഡ്യന്‍ ഈ കോവിഡ് കാലത്താണ് വിവാഹിതനായത്. മലയാറ്റൂര്‍ പ്രാഥമികാരോഗ്യകേന്ദ്രത്തിലെ മെഡിക്കല്‍ ഓഫീസര്‍ ഡോ. പി.ആര്‍. അനുവാണ് ജീവിതസഖി. അനുഷയാണ് അര്‍ജുന്‍ പാണ്ഡ്യന്റെ സഹോദരി.
ഒറ്റപ്പാലത്തിന്റെ കളക്ടര്‍ ബ്രോ
'സര്‍ക്കാര്‍സ്ഥാപനങ്ങളെപ്പറ്റിയും നടപടികളെപ്പറ്റിയും ഞങ്ങള്‍ ഹൈറേഞ്ചുകാര്‍ക്ക് അത്ര പിടിയില്ലായിരുന്നു. ആ സ്ഥലത്തുനിന്നുള്ള ഞാന്‍ ആദ്യമായി കളക്ടറേറ്റില്‍ പോയത് കണ്ണൂരില്‍ അസിസ്റ്റന്റ് കളക്ടറായി നിയമനം കിട്ടിയശേഷമാണ്' -അര്‍ജുന്‍ പാണ്ഡ്യന്‍ പറഞ്ഞു. പിന്നീട് ഒറ്റപ്പാലത്ത്. സബ്കളക്ടര്‍ പദവിക്കുപുറമെ, അട്ടപ്പാടി നോഡല്‍ ഓഫീസറായും പാലക്കാട് മെഡിക്കല്‍ കോളേജിന്റെ സ്‌പെഷ്യല്‍ ഓഫീസറായും തിളങ്ങി. കോടതിയുടെ കെട്ടുപാടില്‍ക്കിടന്ന ഒറ്റപ്പാലത്തെ 'ഓപറേഷന്‍ അനന്ത' പദ്ധതി പൊടിതട്ടിയെടുത്തു. സ്റ്റേ ഉത്തരവ് നിലനില്‍ക്കുന്നതിനിടെ മിന്നല്‍നടപടിയില്‍ ഒരു കൈയേറ്റംകൂടി ഒഴിപ്പിച്ചു. അതിന് കോടതിയുടെ ശകാരം കേട്ടെങ്കിലും കൈയേറ്റമൊഴിപ്പിച്ചെടുത്തു. ഇപ്പോള്‍ അവസാനഘട്ടത്തിലാണ് 'ഓപറേഷന്‍ അനന്ത'.
അട്ടപ്പാടി മഞ്ചക്കണ്ടില്‍ മാവോവാദികള്‍ വെടിയേറ്റുമരിച്ചദിവസം ഇന്‍ക്വസ്റ്റിനുപോയ സംഘത്തിനുനേരെ വെടിവെപ്പുണ്ടായി. അന്ന് ഉദ്യോഗസ്ഥസംഘത്തില്‍ അര്‍ജുന്‍ പാണ്ഡ്യനുമുണ്ടായിരുന്നു. അട്ടപ്പാടിയില്‍ മലമടക്കുകള്‍ നടന്നുകയറി 50 ഊരുകള്‍ സന്ദര്‍ശിച്ച മറ്റൊരു സബ്കളക്ടറില്ല. ഇടുക്കി ഹൈറേഞ്ചില്‍ ഓടി നടന്നയാള്‍ക്ക് അട്ടപ്പാടിയിലെ കയറ്റം ഒന്നുമല്ലായിരുന്നു. അവിടത്തുകാരെ മനസ്സിലാക്കാനും എളുപ്പമായിരുന്നു.
content highlights: life story of arjun pandyan ias