sapling
പ്രതീകാത്മകചിത്രം| Photo: PTI 

രു നാടിന് അപരിചിതമായ പഴങ്ങളുടെയും പച്ചക്കറികളുടെയും വിത്തുകള്‍ മറുനാട്ടില്‍നിന്ന് ശേഖരിച്ചു കൊണ്ടുവരിക. അത് സ്വന്തം നഴ്‌സറിയില്‍ വെച്ചുപിടിപ്പിക്കുകയും നാട്ടുകാര്‍ക്ക് പരിചയപ്പെടുത്തി കൊടുക്കുകയും ചെയ്യുക. അങ്ങനെ ഗ്രാമത്തെ സ്വയംപര്യാപ്തതയിലേക്ക് നയിക്കുക. പറഞ്ഞുവരുന്നത് എല്‍. ഹാങ്തിങ് എന്ന 54-കാരനെ കുറിച്ചാണ്. 

നാഗാലാന്‍ഡിലെ നോക്‌ലാക് ജില്ലയിലെ നോക്‌ലാക് എന്നുതന്നെ പേരുള്ള ഗ്രാമസ്വദേശിയാണ് ഹാങ്തിങ്. നോക്‌ലാക് ഗ്രാമത്തിന് കിവിയും ലിച്ചിയും ഏലയ്ക്കുമൊക്കെ പരിചിതമാകുന്നത് ഹാങ്തിങ് വഴിയാണ്. ഇവ മാത്രമല്ല, ഓറഞ്ചും ഉരുളക്കിഴങ്ങുമൊക്കെ എങ്ങനെ കൃഷി ചെയ്യണമെന്നും ഹാങ്തിങ് നാട്ടുകാരെ പഠിപ്പിച്ചു കൊടുത്തു. മ്യാന്‍മറുമായി അതിര്‍ത്തി പങ്കിടുന്ന ഗ്രാമമാണ് നോക്‌ലാക്. 

1987-ലാണ് ഹാങ്തിങ് തന്റെ യാത്രകള്‍ ആരംഭിച്ചത്. നാഗാലാന്‍ഡില്‍ ഉടനീളവും സമീപസംസ്ഥാനമായ അസമിലും ഹാങ്തിങ് സഞ്ചരിച്ചു. അവിടെനിന്ന് ആളുകള്‍ ഭക്ഷിച്ച ശേഷം വലിച്ചെറിഞ്ഞതും ഉപേക്ഷിച്ചതുമായ പഴങ്ങളുടെ വിത്തുകള്‍ ശേഖരിച്ച് നാട്ടിലെത്തിച്ചു. വല്ലനാട്ടില്‍നിന്നും വിത്തുകൊണ്ടുവന്ന് സ്വന്തം നഴ്‌സറിയില്‍ നടുന്ന ഹാങ്തിങ്ങിനെ ചിലരെങ്കിലും പരിഹസിച്ചു ചിരിച്ചു. എന്നാല്‍ ഇന്ന് നാഗാലാന്‍ഡിലെ അത്യധ്വാനിയും പുരോഗമനവാദിയുമായ കര്‍ഷകരില്‍ ഒരാളാണ് ഇദ്ദേഹം.

ദാരിദ്ര്യത്തോടു പൊരുതുന്ന 12 അംഗ കര്‍ഷക കുടുംബമായിരുന്നു ഹാങ്തിങ്ങിന്റേത്. ചിലപ്പോഴൊക്കെ, രണ്ടുനേരത്തെ ഭക്ഷണത്തിനു പോലും കഷ്ടപ്പെട്ടിരുന്നു- ഹാങ്തിങ് പറയുന്നു. പത്താം ക്ലാസില്‍ പഠിക്കുമ്പോഴാണ് നഴ്‌സറി സ്ഥാപിക്കുക എന്നൊരു ആശയം ഹാങ്തിങ്ങിന് തോന്നുന്നത്. അതിനു ശേഷം അദ്ദേഹത്തിന് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. സഹോദരങ്ങളും ഹാങ്തിങ്ങിന് സഹായവുമായെത്തി. പ്രദേശികമായി ലഭിക്കുന്ന പഴങ്ങളും പച്ചക്കറികളുമാണ് അദ്ദേഹം ആദ്യം നഴ്‌സറിയില്‍ നട്ടുപിടിപ്പിച്ചത്. 

അന്നൊന്നും നോക്‌ലാക്കില്‍ ഓറഞ്ച് തോട്ടം ഉണ്ടായിരുന്നില്ല. അങ്ങനെ, നാഗാലാന്‍ഡിലെ വാണിജ്യനഗരമായ ധിമാപുറിലേക്ക് ഓറഞ്ചുവിത്തുകള്‍ തേടി ഹാങ്തിങ് പോയി. പഴക്കടയില്‍നിന്ന് കേടായ ഓറഞ്ച് ഉപേക്ഷിച്ചിട്ടിരിക്കുന്നത് കണ്ടതോടെ അതില്‍നിന്ന് അദ്ദേഹം വിത്തുകള്‍ വേര്‍തിരിച്ചെടുത്തു. അത് നാട്ടിലെത്തിച്ച് നഴ്‌സറിയില്‍ നട്ടുപിടിപ്പിച്ചു. 

നോക്‌ലാക് സ്വദേശികള്‍ക്ക് അപരിചിതമായ പഴങ്ങളും പച്ചക്കറികളും നട്ടുപിടിപ്പിക്കുക എന്ന ആശയം തോന്നിയതോടെ ഹാങ്തിങ് അത് നടപ്പാക്കാന്‍ തീരുമാനിക്കുകയായിരുന്നു. എന്തെങ്കിലും വ്യത്യസ്തമായി ചെയ്യണം എന്ന് തോന്നിയതോടെ എലവും കാപ്പിയുമാണ് അദ്ദേഹത്തിന്റെ മനസ്സില്‍ വന്നത്. തലസ്ഥാനമായ കൊഹിമയിലെത്തി കൃഷി-ഹോര്‍ട്ടികള്‍ച്ചര്‍ വകുപ്പില്‍നിന്ന് കാപ്പിയുടെ വിത്തുകള്‍ വാങ്ങി. ആപ്പിള്‍ക്കൃഷി ചെയ്യാനും ഹാങ്തിങ്ങിന് പദ്ധതിയുണ്ടായിരുന്നു. പക്ഷെ, നോക്‌ലാക്കിന്റെ മണ്ണ് അതിന് യോജിച്ചതല്ലെന്ന് കണ്ടതോടെ ആ പദ്ധതി ഉപേക്ഷിച്ചു. നിലവില്‍ കിവി തോട്ടം നടത്തുന്ന ഹാങ്തിങ് മത്സ്യക്കൃഷിയും ചെയ്യുന്നുണ്ട്.

1990-ല്‍ ധിമാപുറില്‍ വെച്ചാണ് ഹാങ്തിങ് ആദ്യമായി ലിച്ചിപ്പഴം കാണുന്നത്. തുടര്‍ന്ന് അതിന്റെ വിത്തുകള്‍ ശേഖരിച്ച് നഴ്‌സറിയില്‍ നട്ടുപിടിപ്പിച്ചു. ഇന്ന് നോക്‌ലാക്കിലെ 100-150 കുടുംബങ്ങള്‍ക്ക് ലിച്ചിത്തോട്ടമുണ്ട്. ഹാങ്തിങ്ങില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് നിരവധി പ്രദേശവാസികളാണ് ഉരുളക്കിഴങ്ങ് കൃഷി ചെയ്യുന്നത്. നേരത്തെ അസമില്‍നിന്നായിരുന്നു ഉരുളക്കിഴങ്ങ് ഇവിടേക്ക് കൊണ്ടുവന്നിരുന്നത്.

നട്ടതെല്ലാം നല്ലരീതിയില്‍ വിളഞ്ഞതോടെ ഹാങ്തിങ്ങിന്റെ നഴ്‌സറിയും വലുതായി. ഇന്ന് നല്‍പ്പതേക്കറോളം വ്യാപിച്ചു കിടക്കുകയാണ് അദ്ദേഹത്തിന്റെ നഴ്‌സറി. നോക്‌ലാക്കിലും സമീപ ജില്ലകളിലും ഉത്പന്നങ്ങള്‍ വില്‍പന നടത്തുന്നതിലൂടെ പ്രതിമാസം അറുപതിനായിരം രൂപയാണ് ഹാങ്തിങ് സമ്പാദിക്കുന്നത്. പാവപ്പെട്ട ആളുകള്‍ക്ക് സൗജന്യമായി നല്‍കുകയും ചെയ്യുന്നുണ്ട്. മ്യാന്‍മാറിലും തനിക്ക് ഉപഭോക്താക്കളുണ്ടെന്നും തൈകള്‍ വാങ്ങാനായി അതിര്‍ത്തിയില്‍ എത്താറുണ്ടെന്നും ഹാങ്തിങ് കൂട്ടിച്ചേര്‍ക്കുന്നു. 

നോക്‌ലാക്കിലെ നാല്‍പ്പതോളം ഗ്രാമങ്ങളില്‍ ഹാങ്തിങ് കൃത്യമായി സന്ദര്‍ശനം നടത്തുകയും ആവശ്യമായ നിര്‍ദേശങ്ങള്‍ കര്‍ഷകര്‍ക്ക് നല്‍കുകയും ചെയ്യാറുണ്ട്. വളര്‍ത്താന്‍ സാധിക്കുന്ന ഒന്ന്, ആളുകള്‍ വാങ്ങരുതെന്നാണ് താന്‍ കരുതുന്നത്. അവര്‍ക്ക് വഴി കാണിച്ചുകൊടുക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്- ഹാങ്തിങ് പറയുന്നു. ഹാങ്തിങ്ങിന്റെ ശ്രമങ്ങള്‍ക്ക് ജില്ലാ ഭരണകൂടത്തിന്റെ അഭിനന്ദനവും ലഭിച്ചിട്ടുണ്ട്. 

content highlights: l hangthing-story of man who introduced many fruits and vegetables to his homeland 

courtesy: www.newindianexpress.com