പറവൂർ(എറണാകുളം): തുന്നൽക്കടകളിൽനിന്ന് പുറന്തള്ളുന്ന വെട്ടുകഷ്ണങ്ങൾകൊണ്ട് മനോഹരമായ തുണിബാഗുകൾ ഉണ്ടാക്കുകയാണ് പറവൂരിലെ അഞ്ച് കുടുംബശ്രീ യൂണിറ്റുകൾ. വെട്ടുതുണി വേസ്റ്റുകൾ ഒഴിവാക്കാനുള്ള മാർഗം മാത്രമല്ലിത്. കുട്ടികൾക്ക് പ്ലാസ്റ്റിക് ചെപ്പുകൾക്ക് പകരം ‘ചങ്ങാതിച്ചെപ്പ്’ എന്ന പേരിൽ പെൻസിൽ ബോക്സും തുണികൊണ്ട് തയ്യാറാക്കാൻ സംസ്ഥാനതലത്തിൽ തന്നെ ഹരിതകേരള മിഷന്റെ അംഗീകാരം കിട്ടിക്കഴിഞ്ഞു.

പറവൂരിലെ 16-ാം വാർഡ് കിഴക്കേപ്രത്താണ് അഞ്ച് കുടുംബശ്രീ യൂണിറ്റുകൾ നഗരസഭയുടെ സബ്‌സിഡിയോടെ തുണിയുടെ വെട്ടുകഷ്ണങ്ങളിൽ നിന്ന് പെൻസിൽ ബോക്സ്, വാനിറ്റി ബാഗുകൾ, മറ്റിനം തുണിസഞ്ചികൾ എന്നിവ ഉണ്ടാക്കുന്നത്. ഒരു വർഷം മുമ്പ് എറണാകുളം സെയ്ന്റ് തെരേസാസ് കോളേജിലെ ‘ഭൂമിത്ര’ ക്ലബ്ബാണ് ഇതിന്റെ നിർമാണത്തിൽ കുടുംബശ്രീ വനിതകൾക്ക് പറവൂരിൽ പരിശീലനം നൽകിയത്. നഗരസഭയാകട്ടെ തുണിസഞ്ചി വിപണനത്തിനും പുതിയ മാർഗങ്ങൾ കണ്ടെത്തിയിട്ടുണ്ട്.

കുടുംബശ്രീയുടെ സഞ്ചരിക്കുന്ന നാനോ മാർക്കറ്റ് വഴി ഇത് വിതരണം ചെയ്യുന്നുണ്ട്. കൂടാതെ എല്ലാ കടകളിലും പ്ലാസ്റ്റിക് കിറ്റുകൾക്ക് പകരം തുണിസഞ്ചി വിൽപ്പന നടത്തണമെന്ന് നഗരസഭയുടെ നിർദേശമുണ്ട്. പറവൂരിലുണ്ടാക്കുന്ന തുണിസഞ്ചിയുടെയും ചങ്ങാതിച്ചെപ്പിന്റെയും വിൽപ്പനയ്ക്ക് ആമസോൺ വിതരണ ശൃംഖലയുമായി ധാരണയായിട്ടുണ്ടെന്ന് ചെയർമാൻ രമേഷ് ഡി. കുറുപ്പ് പറഞ്ഞു. കൂടാതെ, വരുന്ന അധ്യയന വർഷത്തിന്റെ തുടക്കത്തിൽ പറവൂർ നഗരസഭയിലെ എല്ലാ എൽ.പി., യു.പി. സ്കൂൾ വിദ്യാർഥികൾക്കും നഗരസഭയുടെ വകയായി ചങ്ങാതിച്ചെപ്പ് നൽകും. പ്ലാസ്റ്റിക് പൗച്ചുകൾ പൂർണമായി ഒഴിവാക്കാൻ വേണ്ടിയാണിത്. ഇതിനായി 3,000 ചങ്ങാതിച്ചെപ്പുകൾ തയ്യാറാക്കിവരുന്നതായി ചെയർമാൻ പറഞ്ഞു.
പറവൂരിലെ ഈ മാതൃക ഹരിതകേരള മിഷൻ സംസ്ഥാനമൊട്ടാകെ നടപ്പാക്കാനും ലക്ഷ്യമിടുന്നുണ്ട്. നഗര ഉപജീവന മിഷന്റെ സഹായത്തോടെയാണ് വനിതകൾക്ക് ഈ പദ്ധതി പറവൂരിൽ നടപ്പിലാക്കുന്നത്.
content highlights: kudumbasree units makes dress bags, good news