വെള്ളറട(തിരുവനന്തപുരം): വാനംവെട്ട് മുതൽ കോൺക്രീറ്റും പ്ലാസ്റ്ററിങ്ങും ഉൾപ്പെടെയുള്ള എല്ലാ പണികളും കുടുംബശ്രീ പ്രവർത്തകരുടെ കരുത്തിൽ. 30 വനിതകളുടെ 52 ദിവസത്തെ നിർമാണ ജോലികൾക്കൊടുവിൽ നിർധന വീട്ടമ്മയ്ക്ക് തലചായ്ക്കാൻ സ്നേഹവീടൊരുങ്ങി. ആര്യങ്കോട് പഞ്ചായത്തിലെ കുടുംബശ്രീ പ്രവർത്തകരാണ് വെള്ളാങ്ങൽ വാർഡിലെ മൈലച്ചൽ മാരുതമംഗലത്ത് പുത്തൻവീട്ടിൽ സരളദേവിക്ക് (63) സ്നേഹവീടൊരുക്കി നാടിന് മാതൃകയായത്.
സരളദേവിയുടെ ഭർത്താവ് വർഷങ്ങൾക്കു മുൻപ് മരിച്ചു. മക്കളില്ലാത്തതിനാൽ ആകെയുള്ള അഞ്ചുസെന്റിലെ മൺചുവർകൊണ്ട് നിർമിച്ച ചോർന്നൊലിക്കുന്ന കൂരയിൽ ഒറ്റയ്ക്കാണ് താമസം. തൊഴിലുറപ്പു പദ്ധതി പണിയിൽനിന്ന് ലഭിക്കുന്ന വേതനവും വല്ലപ്പോഴുംകിട്ടുന്ന വിധവാ പെൻഷനുമാണ് ആകെ വരുമാനം. ഗ്രാമസഭകളിൽ ഈ സാധു വീട്ടമ്മയുടെ വീടിന്റെ അവസ്ഥ ചർച്ചാ വിഷയമായപ്പോൾ അവർക്കൊരു േസ്നഹവീടൊരുക്കാൻ കുടുംബശ്രീ പ്രവർത്തകർ മുന്നോട്ടുവന്നു.
കുടംബശ്രീ ജില്ലാമിഷന്റെയും ഗ്രാമപ്പഞ്ചായത്ത് അധികൃതരുടെയും ജനപ്രതിനിധികളുടെയും സഹകരണത്തോടെ 300 ചതുരശ്രയടിയോളം വിസ്തൃതിയുള്ള വീടാണ് പണിതത്. കെട്ടിടനിർമാണത്തിന്റെ ഭാഗമായിട്ടുള്ള അസ്തിവാരം മുതൽ കോൺക്രീറ്റ്, സിമന്റ് പ്ലാസ്റ്ററിങ്ങ്, പ്ലംബിങ്, പെയിന്റിങ്, വയറിങ്, തറ ടൈൽസ് പാകൽ ഉൾപ്പെടെയുള്ള എല്ലാ നിർമാണജോലികളും കുടുംബശ്രീ അംഗങ്ങളാണ് ചെയ്തത്. വിവിധ വാർഡുകളിൽനിന്ന് തിരഞ്ഞെടുത്ത 30 കുടുംബശ്രീ അംഗങ്ങൾക്ക് കരകുളം കേന്ദ്രമായി പ്രവർത്തിക്കുന്ന ഗ്രാമീണ പഠനകേന്ദ്രത്തിന്റെ കീഴിൽ പരിശീലനം നൽകി. പരിശീലനത്തോടൊപ്പമാണ് പണികളും നടത്തിയത്. മേൽക്കൂരയിലെ കോൺക്രീറ്റിനുള്ള തട്ട് സജ്ജമാക്കലിനുവേണ്ടി പുറത്തുനിന്നുള്ള പണിക്കാരുടെ സഹായം തേടിയിരുന്നു.
വാതിലിനും, ജനാലകൾക്കും റെഡിമെയ്ഡ് സാധനങ്ങളാണ് ഉപയോഗിച്ചിട്ടുള്ളത്. നിർമാണ ജോലിയിൽ ഏർപ്പെട്ട ഓരോ കുടുംബശ്രീ അംഗങ്ങൾക്കും പരിശീലനത്തിന്റെ ഭാഗമായി സഹായ ശമ്പളമായി 200 രൂപ വീതം ജില്ലാമിഷൻ നൽകി. കുടുംബശ്രീ ജില്ലാമിഷൻ കോ-ഓർഡിനേറ്റർ ഡോ. കെ.ആർ.ഷൈജു, പ്രോഗ്രാം ഓഫീസർ ആർ.എസ്.ഷൈജു എന്നിവരുടെ മേൽനോട്ടത്തിലാണ് നിർമാണ ജോലികൾ നടത്തിയത്. ജില്ലയിൽ കുടുംബശ്രീ പ്രവർത്തകർ പണിയുന്ന ആദ്യ വീടാണിതെന്നും നിർമാണമേഖലയിൽ വനിതാ കോൺട്രാക്ട് സംഘത്തെ സൃഷ്ടിക്കലാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും ജില്ലാമിഷൻ അധികൃതർ പറഞ്ഞു.
പഞ്ചായത്തിലെ 16 വാർഡുകളിലെയും കുടുംബശ്രീ അംഗങ്ങളിൽനിന്ന് 10 രൂപ വീതം ശേഖരിച്ചും പഞ്ചായത്ത് ജനപ്രതിനിധികളുടെയും ജീവനക്കാരുടെയും സഹകരണത്തോടെയാണ് പണികൾ നടത്തിയത്. കുടുംബശ്രീ വാർഷികാഘോഷവേളയിൽ സ്നേഹവീടിന്റെ താക്കോൽദാനം സി.കെ.ഹരീന്ദ്രൻ എം.എൽ.എ. നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ.അനിൽ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.സുജാതകുമാരി, ജില്ലാപ്പഞ്ചായത്തംഗം ഡോ. സി.എസ്.ഗീതാരാജശേഖരൻ, എ.ലീല, സി.പി.അരുൺ, സിമി, വീരേന്ദ്രകുമാർ, ഡോ. അഞ്ജന, ഉഷ, വിൽഫ്രഡ്‌സൺ, പഞ്ചായത്ത് സെക്രട്ടറി എസ്.ഒ.ഷാജികുമാർ, ആര്യങ്കോട് എസ്.ഐ. സൈജു എ.വി. എന്നിവർ പ്രസംഗിച്ചു.
content highlights:kudumbasree members builts home for poor housewife, good news, kudumbasree