കൊല്ലം: കാക്കിക്കുള്ളില്‍ കലാഹൃദയം മാത്രമല്ല പ്രകൃതിസ്‌നേഹവുമുണ്ട്. കൊല്ലം കോസ്റ്റല്‍ പോലീസ് സ്റ്റേഷനില്‍ വന്നാല്‍ അതു കാണാം. സംസ്ഥാന സര്‍ക്കാരിന്റെ വനമിത്ര പുരസ്‌കാരം ലഭിച്ച സ്റ്റേഷന് ഇപ്പോള്‍ ജൈവവൈവിധ്യ ബോര്‍ഡിന്റെ പുരസ്‌കാരവും. തുടര്‍ച്ചയായി അഞ്ചുകൊല്ലത്തെ പരിസ്ഥിതിപ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരം കൂടിയാണിത്.

ജില്ലാ പോലീസ് മേധാവി ടി.നാരായണന്റെയും കോസ്റ്റല്‍ ഐ.ജി. പി.വിജയന്റെയും നേതൃത്വത്തില്‍ കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷന്‍ കൊല്ലം യൂണിറ്റുമായി ചേര്‍ന്നാണ് കോസ്റ്റല്‍ പോലീസിന്റെ പരിസ്ഥിതിപ്രവര്‍ത്തനങ്ങള്‍.

സ്റ്റേഷന്‍ ഒരു ഔഷധോദ്യാനം

സ്റ്റേഷന്‍ പരിസരംതന്നെ മികച്ചൊരു ഔഷധോദ്യാനമാണ്. ഹൃദയസംരക്ഷകര്‍, പ്രമേഹനാശിനികള്‍, കരളിന്റെ കാവല്‍ക്കാര്‍, മസ്തിഷ്‌ക ഔഷധികള്‍ തുടങ്ങി ഓരോ മേഖലയിലെയും വ്യത്യസ്ത ഔഷധച്ചെടികളും തുളസിയുടെ വ്യത്യസ്തവിഭാഗങ്ങളും കല്ലുരുക്കി, കൈയോന്നി തുടങ്ങി ഒട്ടേറെ ചെടികളും ഇവിടെ സംരക്ഷിച്ചുനിര്‍ത്തിയിട്ടുണ്ട്. വാഴക്കൃഷി വേറെയും.

കണ്ടല്‍ക്കാടുകള്‍

ഇതിനുപുറമേ അഴീക്കല്‍മുതല്‍ പരവൂര്‍വരെ സാധ്യമായ സ്ഥലങ്ങളിലെല്ലാം കണ്ടല്‍വനം ഒരുക്കി. അഷ്ടമുടി, വട്ടക്കായല്‍, ടി.എസ്.കനാല്‍ തുടങ്ങി സാധ്യമായ സ്ഥലങ്ങളിലെല്ലാം കണ്ടല്‍ പിടിപ്പിക്കുന്നത് ലക്ഷ്യമിടുന്ന പദ്ധതി ഇപ്പോഴും തുടരുന്നുണ്ട്. ഈ കണ്ടല്‍വനവത്കരണ പ്രവര്‍ത്തനങ്ങള്‍ക്കായിരുന്നു വനമിത്ര അവാര്‍ഡ് ലഭിച്ചത്.

2016-ല്‍ ആരംഭിച്ച ശുചിത്വതീരം സുരക്ഷിത തീരം പദ്ധതിയിലൂടെയാണ് കോസ്റ്റല്‍ പോലീസും കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷന്‍ ജില്ലാ യൂണിറ്റും പരിസ്ഥിതിപ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത്. തീരദേശവാസികളുമായി ചേര്‍ന്ന് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നീക്കംചെയ്യുന്ന പ്രവര്‍ത്തനം, പ്ലാസ്റ്റിക് മാലിന്യത്തിനെതിരായ ബോധവത്കരണപ്രവര്‍ത്തനങ്ങള്‍ എന്നിവ നടത്തി. വിവിധ സന്നദ്ധസംഘടനകളും ക്ലബ്ബുകളും വിദ്യാര്‍ഥികളുമൊക്കെ ഇതിന്റെ ഭാഗമായി.

മറൈന്‍ ബയോളജിക്കല്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ നടന്ന ദേശീയ സെമിനാറില്‍ ശുചിത്വതീരം സുരക്ഷിത തീരം പദ്ധതിക്ക് അംഗീകാരം ലഭിച്ചിരുന്നു. ദേശീയതലത്തില്‍ സര്‍ക്കാരുകള്‍ ഈ പദ്ധതി ഏറ്റെടുത്തുനടത്തണമെന്ന അഭിപ്രായവും ഒരു അംഗീകാരമായിരുന്നു. 2018-ലാണ് കണ്ടല്‍ വനവത്കരണപദ്ധതി തുടങ്ങുന്നത്. കണ്ടല്‍വനം െവച്ചുപിടിപ്പിച്ചതിനുപുറമേ വെള്ളിയാഴ്ചകള്‍തോറും ഇതിന്റെ പരിപാലനവുമുണ്ടായിരുന്നു.

2021 ലോക പരിസ്ഥിതിദിനത്തില്‍ ഐക്യരാഷ്ട്രസംഘടന മുന്നോട്ടുവെച്ച ജൈവവൈവിദ്ധ്യം പുനഃസൃഷ്ടിക്കല്‍ അക്ഷരാര്‍ത്ഥത്തില്‍ നടപ്പാക്കാനുള്ള ആത്മാര്‍ത്ഥമായ ശ്രമത്തിനാണ് ഈ അംഗീകാരം.

പ്‌ളാസ്റ്റിക് മാലിന്യത്തിനെതിരേ

അഴീക്കല്‍, നീണ്ടകര, ശക്തികുളങ്ങര, കൊല്ലം ഹാര്‍ബറുകളിലും പരിസരപ്രദേശങ്ങളിലും നടത്തിവരുന്ന ശുചീകരണപ്രവര്‍ത്തനങ്ങള്‍, പ്ലാസ്റ്റിക് മാലിന്യത്തിനെതിരായ ബോധവത്കരണം, അജൈവമാലിന്യങ്ങള്‍ ഫലപ്രദമായി സംസ്‌കരിക്കുന്നതിനുവേണ്ട ക്രമീകരണങ്ങള്‍, പ്ലാസ്റ്റിക് കാരിബാഗുകള്‍ക്ക് ബദലായി പേപ്പര്‍, തുണി ബാഗുകള്‍ എന്ന ആശയപ്രചാരണം, ഇവയുടെ നിര്‍മാണപരിശീലനം, കണ്ടല്‍ക്കാടുകളുടെ സംരക്ഷണപ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയായിരുന്നു മറ്റ് പ്രവര്‍ത്തനങ്ങള്‍.

ഹാര്‍ബറിലെ അശരണര്‍ക്ക് ഭക്ഷണം നല്‍കിയതിനുപുറമേ ലോക്ഡൗണ്‍ വേളയില്‍ ഭക്ഷണം കിട്ടാതെ തറപറ്റിയ കൊക്കുകള്‍ക്ക് ചെറുമീനുകളെ നല്‍കി സംരക്ഷിക്കുകയും ചെയ്തു.

കാറ്റാടിക്കുപകരം പുന്ന

അന്യംനില്‍ക്കുന്ന വൃക്ഷമായ പുന്നയെ തീരപ്രദേശങ്ങളില്‍ നട്ടുപരിപാലിക്കുന്ന പദ്ധതിക്ക് 2018-ല്‍ തുടക്കംകുറിച്ചു. കാറ്റാടിക്കുപകരം പുന്ന എന്നതാണ് ലഷ്യം. ഇതിനായി പുന്ന നഴ്സറിതന്നെ സ്റ്റേഷനിലുണ്ട്. 12 ഘട്ടങ്ങളിലായി 5000 കണ്ടല്‍ത്തൈകളും 500 പുന്നത്തൈകളും ഇതിനകം നട്ടിട്ടുണ്ട്.

ഇതാണ് ഹരിത കൂട്ടായ്മ

കെ.പി.ഒ.എ. ജില്ലാ സെക്രട്ടറി എം.സി.പ്രശാന്തനാണ് പദ്ധതിയുടെ കോ-ഓര്‍ഡിനേറ്റര്‍. കോസ്റ്റല്‍ എ.എസ്.ഐ. ഡി.ശ്രീകുമാര്‍ കണ്‍വീനറും.
കെ.സുനി പ്രസിഡന്റ്, ഉദയന്‍ ജോ. സെക്രട്ടറി, എക്‌സിക്യുട്ടീവ് അംഗം ജയകുമാര്‍ ഇപ്പോഴത്തെ സ്റ്റേഷന്‍ഹൗസ് ഓഫീസര്‍ വിന്‍സന്റ്, എം.എസ്.ദാസ്, മുന്‍ ഓഫീസര്‍ എസ്.ഷെരീഫ്, മനോജ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ അശോകന്‍, അജയന്‍ രഞ്ജിത്ത്, മഞ്ജിലാല്‍, അനിലാല്‍ തുടങ്ങിയവരുടെ കൂട്ടായ പ്രവര്‍ത്തനങ്ങളാണ് ഈ നേട്ടത്തിനുപിന്നില്‍.

content highlights: kollam coastal police station bags biodiversity board award