കൊച്ചി: കിഴക്കമ്പലം ട്വന്റി 20യുടെ നായകൻ സാബു എം. ജേക്കബിനെ പുതിയ വീടിന്റെ മുറ്റത്തു കണ്ടപ്പോൾ സുഭദ്രയുടെ കണ്ണുകൾ സന്തോഷം കൊണ്ട് നിറഞ്ഞൊഴുകി. പിന്നെ പറഞ്ഞു: ‘സാറാണ് ഞങ്ങളെ രക്ഷിച്ചത്. ഈ വീടും ജീവിതവും തന്നത്.’ ആ അമ്മയെ ചേർത്തുപിടിച്ച് ചിരിച്ചുകൊണ്ട് സാബു പറഞ്ഞു: ‘ഈ സ്‌നേഹം മതിയെനിക്ക്’.

കിഴക്കമ്പലത്തെ ഞാറള്ളൂരിൽ വാസയോഗ്യമല്ലാതായ ലക്ഷം വീട്‌ കോളനിയിലായിരുന്നു സുഭദ്രയുടെയും കുടുംബത്തിന്റെയും താമസം. ഇപ്പോൾ അതിനു പകരം വില്ലയാണ് ട്വന്റി 20 നിർമിച്ചു നൽകിയത്; ആധുനിക സൗകര്യങ്ങളെല്ലാമുള്ള വില്ല. സുഭദ്രയ്ക്ക്‌ മാത്രമല്ല, ലക്ഷംവീട്‌ കോളനിയിലുണ്ടായിരുന്ന 37 കുടുംബങ്ങൾക്കും ട്വന്റി 20 വില്ലകൾ നിർമിച്ചു നൽകി. ഒരു ചുമരിന് ഇരുവശത്തുമായി ഇടുങ്ങിയ മുറികളിൽ അസൗകര്യങ്ങളുടെ നടുവിൽ കഴിഞ്ഞിരുന്നവർക്ക് ഇനി നല്ല വീട്ടിലുറങ്ങാം; നല്ല അന്തരീക്ഷത്തിൽ ജീവിക്കാം.

‘ഗോഡ്‌സ് വില്ല’ എന്ന ഈ പാർപ്പിട സമുച്ചയം ഡിസംബർ 3-ന് വൈകീട്ട് നടൻ കമൽഹാസൻ ഉദ്ഘാടനം ചെയ്യും. തമിഴ്‌നാട്ടിലും ഈ മാതൃക പിന്തുടരാനാണ് അദ്ദേഹത്തിന്റെ തീരുമാനം. 750 ചതുരശ്ര അടി വിസ്തീർണത്തിലാണ് ഓരോ വീടും നിർമിച്ചിരിക്കുന്നത്. രണ്ടു ബെഡ് റൂം, കാർപോർച്ച്, അടുക്കള, ബാത്ത്‌റൂം, ടോയ്‌ലറ്റ്, സിറ്റൗട്ട്, ചുറ്റുമതിൽ എന്നിവ അടങ്ങിയതാണ് ഒരോ വീടും. വീടുകളിലേക്ക് വെള്ളം, റോഡ്, വഴിവിളക്ക് എന്നിവ ട്വന്റി 20യുടെ നേതൃത്വത്തിൽ ഒരുക്കി. രണ്ടു ലക്ഷം രൂപ വിലമതിക്കുന്ന ഫാൻ, ഫാൻസി ലൈറ്റ്, ഡൈനിങ് ടേബിൾ, മിക്‌സർ ഗ്രൈന്റർ, ബെഡ്, ടി.വി., സോഫ എന്നീ അവശ്യസാധനങ്ങൾ 50 ശതമാനം കിഴിവിൽ നൽകുകയും ചെയ്യുന്നു. വാസ്തുപ്രകാരം നിർമിച്ചിരിക്കുന്ന ഓരോ വീടും മുകളിലേയ്ക്ക് പണിയാവുന്ന രീതിയിലാണ് പണികഴിപ്പിച്ചിരിക്കുന്നത്.

ലക്ഷംവീട്‌ കോളനിയിലെ ഓരോ കുടുംബത്തിനും പുതിയ വീടുകൾ ഉറപ്പുവരുത്തിയിട്ടുണ്ട്. നിർമാണത്തിന് ആറു കോടി രൂപ ചെലവായി. ഇതിൽ 5.26 കോടി ട്വന്റി 20 ചെലവഴിച്ചു. സംസ്ഥാന സർക്കാരിന്റെ ‘ലക്ഷം വീട് ഒറ്റ വീടാക്കൽ പദ്ധതി’ പ്രകാരം കിഴക്കമ്പലം പഞ്ചായത്ത് 74 ലക്ഷം രൂപയും ചെലവഴിച്ചു. വിലങ്ങ്, കണ്ണാമ്പുറം, മാക്കിനിക്കര കോളനികളിലും ഇത്തരത്തിൽ വില്ലകളൊരുക്കുന്നുണ്ട്. ഇതുകൂടാതെ വീടില്ലാത്ത മുന്നൂറോളം പേർക്ക് ട്വന്റി 20യുടെ നേതൃത്വത്തിൽ വീട്‌ നിർമിച്ചു നൽകിയിട്ടുണ്ട്. എണ്ണൂറോളം വീടുകൾ പുതുക്കിപ്പണിത് നൽകുകയും ചെയ്തു. ആം ആദ്മി, മക്കൾ നീതിമയ്യം തുടങ്ങിയ രാഷ്ട്രീയ പാർട്ടികൾ, ശ്രീലങ്കൻ ഉന്നത ഉദ്യോഗസ്ഥസംഘം എന്നിവർ ട്വന്റി 20യുടെ വികസന പ്രവർത്തനങ്ങൾ പഠിക്കാൻ നേരത്തെ കിഴക്കമ്പലത്ത് എത്തിയിരുന്നു. കിറ്റെക്‌സ് കമ്പനിയുടെ കോർപ്പറേറ്റ് സാമൂഹിക ഉത്തരവാദിത്വ നിർവഹണത്തിനായി രജിസ്റ്റർ ചെയ്ത സംരംഭമാണ് ട്വന്റി 20. ‘ആളുകളുടെ ഭൗതിക ജീവിതസാഹചര്യം മെച്ചപ്പെടുത്തൽ മാത്രമല്ല ഞങ്ങളുടെ ഉദ്ദേശ്യം. അവർക്ക് അഭിമാനകരമായ, ആരോഗ്യകരമായ ജീവിതം നയിക്കാനുള്ള സ്ഥിതി ഉണ്ടാക്കുകയാണ് ലക്ഷ്യം’ - ട്വന്റി 20യുടെ ചീഫ് കോ - ഓർഡിനേറ്റർ സാബു എം. ജേക്കബ് പറഞ്ഞു.

contenthighlights: Kochi, gods villa,twenty20,kitex,kizhakkambalam