വെങ്ങപ്പള്ളി പഞ്ചായത്തിലെ കൊക്കുഴി പണിയകോളനിയിൽ കുട്ടികൾക്ക് പഠിക്കാനൊരിടമുണ്ട്- ‘കമ്പളപ്പുരൈ’. കോവിഡ് കാലത്ത് ഓൺലൈൻ പഠനത്തിലേക്ക് ചേക്കേറിയപ്പോൾ ലാപ്‍ടോപ്പും സ്മാർട്ട് ഫോണുമെല്ലാം വിദൂരസ്വപ്നം മാത്രമായ കോളനിയിലെ കുട്ടികൾക്ക് അതിനുള്ള സാധ്യത ഒരുക്കലായിരുന്നു കമ്പളപ്പുരൈയുടെ ഉദ്ദേശ്യം.

പഠിക്കാൻ എന്നതിനേക്കാളേറെ ലാപ്‍ടോപ്പ്, സ്മാർട്ട് ഫോൺ തുടങ്ങിയവയുമായി അടുപ്പം സൃഷ്ടിക്കുക, സാങ്കേതികവിദ്യയെ പരിചിതമാക്കുക, കംപ്യൂട്ടർ ഉപയോഗിക്കാൻ പ്രാപ്തരാക്കുക, എന്നതൊക്കെയാണ് കമ്പളപ്പുരൈയിലൂടെ ഉദ്ദേശിക്കുന്നത്. ലാപ്‍ടോപ്പിൽ ഗെയിം കളിക്കാനെങ്കിലും അവർക്ക് ഇതിലൂടെ കഴിയണം, കമ്പളപ്പുരൈയുടെ കോ-ഓർഡിനേറ്റർ ഗായത്രി പറയുന്നു. സംഗീതോപകരണങ്ങളും കളിക്കോപ്പുകളുമെല്ലാമായി ആഘോഷമാണ്.

‘കമ്പളപ്പുരൈ’ എന്ന മനോഹരയിടം

കലയും സാങ്കേതികവിദ്യയും ആഘോഷങ്ങളും കോർത്തിണക്കിയ ഒരു വ്യത്യസ്ത അനുഭവമാണ് കമ്പളപ്പുരൈ. പഠിക്കാൻ മാത്രമല്ല, ഒത്തുചേരാനും വായിക്കാനും ആടാനുംപാടാനും കളിക്കാനുമെല്ലാം ഇവിടെ അവസരമുണ്ട്. ചുരുങ്ങിയ സമയംകൊണ്ട് മൂന്നുശില്പശാലകളാണ് ഇവിടെ സംഘടിപ്പിച്ചത്. പുറത്തുനിന്നെത്തുന്ന കലാകാരന്മാർ ആദിവാസികുട്ടികൾക്ക് വിവിധ കലാരൂപങ്ങൾ പരിചയപ്പെടുത്തി നൽകുകയും പണിയ വിഭാഗത്തിന്റെ തനതുകലാരൂപമായ വട്ടക്കളി കുട്ടികൾ കലാകാരന്മാർക്ക് പഠിപ്പിച്ച് കൊടുക്കുകയും ചെയ്യും. ഇതുവഴി ഒരു കൊടുക്കൽ-വാങ്ങൽ പ്രക്രിയയാണ് ഇവിടെ നടക്കുന്നത്.

kambalappurai

കൂടുതൽ കുട്ടികളെ കമ്പളപ്പുരൈയിലേക്ക് ആകർഷിക്കുന്നതിനായി ഒരു ലൈബ്രറി കോർണർ ഒരുക്കാനും കോ-ഓർഡിനേറ്റർമാർ തയ്യാറെടുക്കുന്നുണ്ട്. കോളനിയിലെത്തന്നെ ഒരാളെ ലൈബ്രറിയുടെയും കമ്പളപ്പുരൈയുടെയും ചുമതല ഏൽപ്പിക്കും. പുത്തൂർവയൽ എം.എസ്. സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷന്റെ സഹകരണത്തോടെ തയ്യാറാക്കിയ കമ്പളപ്പുരൈ ഗുരുവായൂർ സ്വദേശിനിയായ ഗായത്രി കളത്തിൽ സജീവിന്‍റെയും എസ്.ബി.ഐ. യൂത്ത് ഫോർ ഇന്ത്യ ഫെലോഷിപ്പുകാരനായ അശ്വിൻ ലക്ഷ്മി നാരായണന്റെയും സംരംഭമാണ്. ‘പോർട്ടൽ’ എന്ന് പേരിട്ടിരിക്കുന്ന മ്യൂറൽ പെയിൻറിങ്ങാണ് കമ്പളപ്പുരൈയുടെ പ്രധാന ആകർഷണം. അഖിൽ ജേക്കബിന്റെ നേതൃത്വത്തിൽ മീനാക്ഷി രവി, അമൽ തോമസ്, അർച്ചന സുനിൽ എന്നിവർ ചേർന്നാണ് കമ്പളപ്പുരൈയിലെ മനോഹരദൃശ്യങ്ങൾ വരച്ച് ചേർത്തത്.

‘ബുക്ക്പുരൈ’ നൽകിയ ഊർജം

മീനങ്ങാടി ചൂതുപാറ പണിയ കോളനിയിൽ തയ്യാറാക്കിയ ‘ബുക്ക്പുരൈ’യാണ് കമ്പളപ്പുരൈക്ക് ഊർജമായതെന്ന് ഗായത്രി. പേര് സൂചിപ്പിക്കുംപോലെതന്നെ വായനക്കുള്ള ഇടമാണ് ബുക്ക്പുരൈ. സാഹചര്യങ്ങളുടെ സമ്മർദംമൂലം സ്കൂൾജീവിതം പാതിവഴിയിൽ ഉപേക്ഷ‍ിക്കുന്നവർ മറ്റു ആദിവാസി സമുദായങ്ങളെ അപേക്ഷിച്ച് പണിയസമുദായത്തിൽ കൂടുതലാണ്. സ്കൂളിലെ ഹാജർബുക്കിൽ പേരൊക്കെയുണ്ടാകും, എന്നാൽ പോകാറുണ്ടാകില്ല.

സ്കൂളിൽപോകാൻ മടിയുള്ളവരെ എങ്ങനെയെങ്കിലും പഠനാന്തരീക്ഷത്തിലേക്ക് എത്തിക്കുകയെന്നതായിരുന്നു ബുക്ക്പുരൈയുടെ ലക്ഷ്യം. എം.എസ്. സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷന്റെ സഹായത്തോടെ ഒരുക്കിയ ബുക്ക്പുരൈയിൽ ഇപ്പോൾ 2500-ലധികം പുസ്തകങ്ങളുണ്ട്. ട്രൈബൽ ഫെസിലിറ്റേറ്റർ വിജിത കുമാരനാണ് ലൈബ്രേറിയൻ. സുൽത്താൻബത്തേരി ലൈബ്രറി കൗൺസിലുമായി ബുക്ക്പുരൈയെ ബന്ധിപ്പിക്കാനുള്ള നടപടികൾ അവസാനഘട്ടത്തിനാണ്.

തുടരുന്ന ആവേശം

ബുക്ക്പുരൈയും കമ്പളപ്പുരൈയും തന്ന ആവേശവും സന്തോഷവും ചെറുതല്ലെന്നാണ് ഗായത്രിയും അഖിൽ ജേക്കബും പറയുന്നത്. മദ്യക്കുപ്പികൾ നിറഞ്ഞ, സാമൂഹിക വിരുദ്ധരുടെ താവളമായ ഇടങ്ങൾക്കാണ് ഇവർ പുതുജീവൻപകരുന്നത്. കാലങ്ങളായി ഒഴിഞ്ഞുകിടക്കുന്ന ഇത്തരമിടങ്ങൾ കണ്ടെത്തുന്നതും അത് വൃത്തിയാക്കുന്നതുമെല്ലാം ആവേശം തന്നെ. കോളനിക്കാരുടെ സഹകരണംകൂടെ ഇതിനായി കിട്ടിയാൽ പണി എളുപ്പമായി. . മൂന്നാമത്തെ പദ്ധതിക്കായുള്ള ഒരുക്കങ്ങളും ഇതിനോടകം തുടങ്ങിയിട്ടുണ്ട്. പനമരം മാതോത്ത്പൊയിലിലെ പണിയ കോളനിയിലാണ് അടുത്തത്.