നക്കരുത്തില്‍ ജീവിതം സുന്ദരമാക്കുന്ന ചിലരുണ്ട്. അവരില്‍ ഒരാളാണ് പ്രീതു ജയപ്രകാശ് എന്ന 26-കാരി. സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി രോഗബാധിതയായിട്ടും തളരാതെ മുന്നോട്ടുപോവുകയാണ് പ്രീതു. 

ഇക്കഴിഞ്ഞ ദിവസം ചെന്നൈയില്‍ പ്രൗഢഗംഭീരമായ സദസ്സിനു മുന്നില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ട്‌സ് ഇന്ത്യ കോണ്‍വൊക്കേഷന്‍ 2021-22 ചടങ്ങില്‍ സി.എ. ബിരുദം പ്രീതു ഏറ്റുവാങ്ങി. 

ജനിച്ചപ്പോള്‍ സാധാരണ കുഞ്ഞുങ്ങളെ പോലെ തന്നെ ആയിരുന്നു പ്രീതുവും. ആറുമാസം ആയപ്പോഴാണ് രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയത്. കമിഴ്ന്നുവീണിട്ട് ഉയരാന്‍ നേരത്ത് ബലക്കുറവു പോലെ തോന്നി. പിന്നീട് ബലം കുറഞ്ഞു കുറഞ്ഞുവരികയായിരുന്നു- പ്രീതുവിന്റെ അമ്മ ആര്‍. രാധാമണി പറയുന്നു. 

ശരീരം തളര്‍ന്നു പൊയ്‌ക്കൊണ്ടേയിരുന്നെങ്കിലും പ്രീതുവിന്റെ ആഗ്രഹത്തിന് ഇടര്‍ച്ചയൊന്നുമില്ലായിരുന്നു. ആത്മവിശ്വസത്തോടെ മുന്നോട്ടുനീങ്ങി. ചെയ്യുമ്പോള്‍ എന്തെങ്കിലും വ്യത്യസ്തമായി ചെയ്യണമെന്ന് തോന്നി. അങ്ങനെയാണ് സി.എ. തിരഞ്ഞെടുത്തതെന്നും ഈ മിടുക്കി കൂട്ടിച്ചേര്‍ക്കുന്നു. 

കേരള പോലീസില്‍ എസ്.ഐ. ആയിരുന്ന പീതുവിന്റെ അച്ഛന്‍ കെ.ബി. ജയപ്രകാശ് മകളുടെ പഠനാര്‍ഥം കൊച്ചിയിലേക്ക് സ്ഥലംമാറ്റം വാങ്ങി. അച്ഛനും അമ്മയും പ്രീതുവിന് ഒപ്പം സഞ്ചരിച്ചു. പഠിക്കാന്‍ മിടുക്കിയായിരുന്നു പ്രീതുവെന്ന് ജയപ്രകാശ് പറയുന്നു. സി.എയ്ക്ക് പഠിക്കണമെന്ന് ആഗ്രഹം പറഞ്ഞതോടെ സ്ഥലംമാറ്റം വാങ്ങി കൊച്ചിയിലേക്ക് വരികയായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. 

സി.എ. കോഴ്‌സ് കഴിഞ്ഞ ഉടനെ ഒരു അമേരിക്കന്‍ കമ്പനിയില്‍ പ്രീതുവിന് ജോലികിട്ടി. കോവിഡ് കാലമായതിനാല്‍ ഇപ്പോള്‍ വീട്ടിലിരുന്നാണ് ജോലി. കോവിഡ്  പ്രതിസന്ധി മാറുമ്പോള്‍ ഹൈദരാബാദിലെ ഓഫീസില്‍ പോയി ജോലി ചെയ്യാനുള്ള ഒരുക്കത്തിലാണ് പ്രീതു. 

"ഡിഫറന്റ്‌ലി ഏബിള്‍ഡ് എന്നു പറഞ്ഞാല്‍ കഴിവില്ലാത്തവര്‍ എന്നല്ല. പ്രത്യേകതരം കഴിവുള്ളവര്‍ എന്നാണ്. ആ കഴിവ് എന്താണോ അത് കണ്ടെത്തി അതുമായി മുന്നോട്ടു പോയാല്‍ ജീവിതം കൈവരിക്കാന്‍ പറ്റും"- പ്രീതു പറയുന്നു, ആത്മവിശ്വാസത്തിന്റെ, തളരാത്ത ചിരിയോടെ. 

content highlights: inspiring story of sma patient preethu jayaprakash