selvan
നല്ലേപ്പിള്ളി മാനാംകുറ്റിയിലെ ടി. ശെല്‍വന്‍ അലങ്കാര നെറ്റിപ്പട്ടത്തിന്റെ നിര്‍മാണത്തില്‍ | ഫോട്ടോ: അരുണ്‍ കൃഷ്ണന്‍കുട്ടി

പാലക്കാട്: ഒറ്റ ജന്മത്തിലെ രണ്ട് ജീവിതമാണ് ശെല്‍വന്റേത്. കള്ളുചെത്ത് ജോലിക്ക് മുമ്പും അതിനുശേഷവും. ഒന്നര പതിറ്റാണ്ടുമുമ്പ് കള്ള് ചെത്തുന്നതിനിടെ ഉണ്ടായ വീഴ്ചയില്‍ നട്ടെല്ല് തളര്‍ന്ന് കിടപ്പിലായതോടെയാണ് നല്ലേപ്പിള്ളി മാനാംകുറ്റിയിലെ ടി. ശെല്‍വന്റെ (47) ജീവിതം മാറിമറിഞ്ഞത്. ശെല്‍വന്‍ കിടപ്പിലായതോടെ, ഭാര്യ സരിതയും എട്ടുമാസം പ്രായമുള്ള മകനും ഭാവിയെന്തെന്ന് അറിയാതെ പകച്ചുനിന്നു. പ്രായമായ അച്ഛന്റെയും അമ്മയുടെയും നിസ്സഹായാവസ്ഥയും ശെല്‍വന്‍ കണ്ടറിഞ്ഞു. ആ കനല്‍വഴികളിലൂടെ വന്നതിനാലാവണം, ശെല്‍വന് ഒരിക്കലും തളരാനാവാത്തത്.

എഴുന്നേറ്റുനില്‍ക്കാനാവില്ലെങ്കിലും കുടുംബം പോറ്റാനായി അദ്ദേഹം സോപ്പുപൊടിനിര്‍മാണം, തുണിത്തുന്നല്‍, വിത്തുപേന നിര്‍മാണം, ഗ്ലാസ് പെയിന്റിങ് അങ്ങനെ വിവിധ ജോലികളിലേക്ക് പോയി. ഇപ്പോള്‍ ആനച്ചന്തം വിടരുന്ന അലങ്കാര നെറ്റിപ്പട്ടങ്ങളാണ് നിര്‍മിച്ചെടുക്കുന്നത്. ഇരുന്നും കട്ടിലില്‍ കിടന്നും നിര്‍മിക്കുന്ന ഈ നെറ്റിപ്പട്ടങ്ങളാണ് ഇന്ന് ശെല്‍വനും കുടുംബത്തിനും നിറമേകുന്നത്.

തെങ്ങില്‍നിന്നുള്ള വീഴ്ച

പത്താംക്ലാസ് വരെ പഠിച്ച ശെല്‍വന്‍ കോയമ്പത്തൂരിലെ ഒരു വര്‍ക്ഷോപ്പ് ജീവനക്കാരനായിരുന്നു. പിന്നീട്, ചേരന്‍ എന്‍ജിനിയറിങ് കോര്‍പ്പറേഷന്‍ കമ്പനിയിലെ ഫിറ്ററായി കരാര്‍ തൊഴിലാളിയായി. 200 രൂപയായിരുന്നു കൂലി. വീട്ടിലേക്ക് അയക്കാന്‍പോലും കാശുണ്ടായിരുന്നില്ല. ദിവസവും 500 രൂപ കൂലികിട്ടുന്ന കള്ളുചെത്തുജോലി ചെയ്യാന്‍ തിരിച്ച് നാട്ടിലേക്ക് വണ്ടികയറുന്നത് അങ്ങനെയാണ്. ഒമ്പതുവര്‍ഷത്തോളം പിന്നീട് കള്ളുചെത്തായിരുന്നു തൊഴില്‍. അതിനിടെ വിവാഹം കഴിച്ചു.

2006 സെപ്റ്റംബറില്‍ ഒരുദിവസം എന്നത്തേയുംപോലെ പുലര്‍ച്ചെ രണ്ടുമണിക്ക് കള്ളുചെത്താനായി മൂന്ന് സുഹൃത്തുക്കള്‍ക്കൊപ്പം വീട്ടില്‍നിന്നിറങ്ങി. അവസാനതെങ്ങും ചെത്താനായി തെങ്ങിനുമുകളിലെത്തി. തെങ്ങോലയുടെ വശത്തേക്ക് കാല്‍വെക്കുന്നതിനിടെ ഉണങ്ങിനിന്ന മടല്‍ ഒടിഞ്ഞു. നിയന്ത്രണംവിട്ട ശെല്‍വന്‍ 40 അടിയോളം മുകളില്‍നിന്ന് താഴേക്ക് വീണു.

സുഹൃത്തുക്കള്‍ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിലെത്തിച്ച് പരിശോധിച്ചപ്പോഴാണ് നട്ടെല്ലൊടിഞ്ഞുവെന്ന ഞെട്ടിക്കുന്ന സത്യം അറിഞ്ഞത്. പിന്നീട്, നിരവധി ആശുപത്രികള്‍ കയറിയിറങ്ങിയെങ്കിലും ഡോക്ടര്‍മാര്‍ എല്ലാം കൈമലര്‍ത്തി. ഒമ്പതുമാസത്തോളം അനങ്ങാനാവാതെ കിടന്നു. സാമ്പത്തികശേഷിയില്ലാത്തതിനാല്‍ ആകെയുണ്ടായിരുന്ന ഒന്നരയേക്കര്‍ കൃഷിസ്ഥലവും ഭാര്യയുടെ ആഭരണങ്ങളും വിറ്റു. ശെല്‍വന്റെ പരിചരണത്തിന് ഒപ്പം ആളുവേണമെന്നതിനാല്‍ ഭാര്യ സരിതയ്ക്കും പണിക്കൊന്നും പോകാനാവാതായി. സരിതയും ശെല്‍വന്റെ അച്ഛന്‍ തങ്കവേലുവും അമ്മ സരോജിനിയും ചേര്‍ന്നായിരുന്നു ശെല്‍വന്റെ കാര്യങ്ങളെല്ലാം നോക്കിയത്. അന്ന് മകന്‍ അരുണിന് ഒരുവയസ്സുപോലുമായിട്ടില്ല.

ജീവിതം തിരികെ പിടിക്കുന്നു

ഒമ്പതുമാസത്തിനുശേഷം നടത്തിയ ഫിസിയോതെറാപ്പിയിലൂടെ ശെല്‍വന് എഴുന്നേറ്റ് ഇരിക്കാനായി. ഇതിനിടെ തയ്യല്‍ പഠിച്ചിട്ടുള്ള സരിത, തന്റെ വീട്ടില്‍നിന്ന് ലഭിച്ച സഹായത്തോടെ തുന്നല്‍മെഷീന്‍ വാങ്ങി, മാക്സികള്‍ തയ്ച്ചുതുടങ്ങി. അന്ന് കട്ടിലിലില്‍ ഇരുന്ന് തുണിക്ക് അളവെടുത്തും മറ്റും സഹായിക്കുകയായിരുന്നു ശെല്‍വന്‍. വൈകാതെ കട്ടിലിനോട് ചേര്‍ത്തിട്ടിരുന്ന മെഷീനില്‍ പ്രത്യേകരീതിയില്‍ കമ്പികള്‍ ചേര്‍ത്തുപിടിപ്പിച്ച് കാലുപയോഗിച്ചുതന്നെ തുണികള്‍ തയ്ച്ചു. 

രണ്ടാളും അധ്വാനിച്ചാലും 300 രൂപയൊക്കെയേ കിട്ടിയിരുന്നുള്ളൂ. ഇതിനിടെയാണ് ചിറ്റൂര്‍ താലൂക്കാശുപത്രിയിലെ പാലിയേറ്റീവ് കെയര്‍ വിഭാഗം ശാരീരികപരിമിതിയുള്ളവര്‍ക്ക് തൊഴില്‍പരിശീലനം നല്‍കുന്നത്. എട്ടുകിലോമീറ്റര്‍ അകലെയുള്ള പരിശീലനകേന്ദ്രത്തില്‍ ഭാര്യയുടെയും അച്ഛന്റെയും സഹായത്തോടെ ശെല്‍വന്‍ പോയി. അവിടെനിന്ന് കുടനിര്‍മാണം, സോപ്പുപൊടിനിര്‍മാണം, ഗ്ലാസ് പെയിന്റിങ്, വിത്തുപേന നിര്‍മാണം തുടങ്ങിയവ പഠിച്ചെടുത്തു. എന്നാല്‍, നാട്ടിന്‍പുറത്ത് ഇതിന് വിപണി കണ്ടെത്തുക പ്രയാസമായിരുന്നു.

അലങ്കാര നെറ്റിപ്പട്ടത്തിന്റെ ലോകത്തേക്ക്

നവമാധ്യമങ്ങള്‍ വഴി വിത്തുപേന വില്‍പ്പന തുടങ്ങിയതിനിടെയാണ് നെറ്റിപ്പട്ടനിര്‍മാണം കുലത്തൊഴിലാക്കിയ തൃശ്ശൂര്‍ പാറമേക്കാവിലുള്ള വിഘ്‌നേഷിനെ ശെല്‍വന്‍ പരിചയപ്പെടുന്നത്. വീടുകളിലും, സ്ഥാപനങ്ങളിലുമെല്ലാം തൂക്കിയിടാറുള്ള അലങ്കാര നെറ്റിപ്പട്ടം നിര്‍മിച്ചുകൂടെ എന്ന് വിഘ്‌നേഷ് ചോദിച്ചു. വീഡിയോ കോളിങ്ങിലൂടെയടക്കം വിഘ്‌നേഷും അച്ഛനും അതിനുള്ള പരിശീലനവും നല്‍കി.

പിന്നീട് കൊറിയര്‍ വഴി തൃശ്ശൂരില്‍ നിന്നുതന്നെ കുമിള, ചൂരല്‍പൊളി, ചന്ദ്രക്കല, ത്രിമുഖം, മുത്തുകള്‍, കുഞ്ചലം, വിവിധ വര്‍ണങ്ങളിലുള്ള നൂലുകള്‍ തുടങ്ങി നെറ്റിപ്പട്ടത്തിനാവശ്യമായ സാധനസാമഗ്രികളെല്ലാം എത്തിച്ചു. വീട്ടില്‍ നിലത്ത് സാധനങ്ങള്‍ നിരത്തി കട്ടിലിലില്‍ കിടന്ന് നിര്‍മാണം പരിശീലിച്ചു. ആദ്യമൊന്നും ശരിയായില്ലെങ്കിലും പരിശ്രമത്തിലൂടെ അത് മറികടന്നു. 2500 രൂപ മുതല്‍ 12,500 രൂപവരെയുള്ള രണ്ടടിമുതല്‍ അഞ്ചടിവരെയുള്ള നെറ്റിപ്പട്ടങ്ങള്‍ ഇന്ന് ഭംഗിയായി ശെല്‍വന്‍ നിര്‍മിക്കുന്നു. 

കേരളത്തിനുപുറമേ, ഡല്‍ഹി, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, ചെന്നൈ പോലുള്ള സ്ഥലങ്ങളിലേക്ക് 300-ലധികം നെറ്റിപ്പട്ടങ്ങള്‍ ഓണ്‍ലൈന്‍വഴി വിറ്റതായി ശെല്‍വന്‍ പറയുന്നു. വേഗത്തില്‍ പണികള്‍ നടത്താനാവാത്തതിനാല്‍ മൂന്നുമുതല്‍ അഞ്ചുദിവസംകൊണ്ടാണ് ഓരോ നെറ്റിപ്പട്ടവും നിര്‍മിക്കുക. നിലവില്‍ കോവിഡ് സാഹചര്യങ്ങള്‍മൂലം ഓര്‍ഡര്‍ കുറവാണ്. എങ്കിലും ആവശ്യക്കാര്‍ വിളിക്കാറുണ്ടെന്ന് ശെല്‍വന്‍ പറയുന്നു. അങ്ങനെ വീണിട്ടും തളര്‍ന്നിട്ടും വിട്ടുകൊടുക്കാതെ ശെല്‍വന്‍ യാത്ര തുടരുന്നു.

content highlights: inspiring life story of selvan