കാസർകോഡ്: സ്കൂൾ തുറന്നതോടെ ഹർഷരാജ് ധർമ്മ സങ്കടത്തിലാണ്. ഹർഷരാജിന്റെ ഈ കരച്ചിൽ സ്കൂളിൽ പോകാൻ മടിച്ചിട്ടല്ല, ഉറ്റമിത്രമായ ജാക്കിയെ പിരിഞ്ഞിരിക്കാൻ പറ്റാത്തത് കൊണ്ടാണ്.

കോവിഡ് കാലത്ത് ലോകം അടച്ചിട്ടതോടെ എല്ലാവരും വീടുകളിൽ ഒതുങ്ങിക്കൂടുന്ന സമയത്ത് ഹർഷരാജിന് കൂട്ടായി കിട്ടിയതാണ് ജാക്കിയെ. മാസങ്ങൾ നീണ്ട സൗഹൃദം പിരിയാൻ പറ്റാത്ത വിധത്തിലായി മാറി. കളിയും ചിരിയും സന്തോഷവും സങ്കടവും എല്ലാം ജാക്കിയോടൊപ്പമായി മാറി. മാസങ്ങൾ നീണ്ട ഈ ബന്ധത്തിനിടയിൽ ഒരിക്കൽ പോലും പിരിഞ്ഞിരിക്കാനാകാത്ത വിധത്തിൽ സൗഹൃദം വളർന്നു. അതിനിടയിലാണ് സ്കൂൾ തുറക്കുന്നത്. എന്നാൽ സ്കൂൾ തുറന്നതോടെ ജാക്കിയെ പിരിഞ്ഞിരിക്കേണ്ടി വരുമല്ലോ എന്ന വിഷമമാണ് ഹർഷരാജിന്.

നടക്കുമ്പോഴും ഇരിക്കുമ്പോഴും ഹർഷരാജ് നീട്ടി വിളിക്കും.... 'ജാക്കീ ബാ...' അപ്പോഴേക്കും ജാക്കി ഹർഷരാജിന്റെ അരികിലുണ്ടാകും.

എന്നാൽ വിട്ട് പിരിയാനാകാത്ത വിഷമത്തോടെ ഹർഷരാജ് സ്കൂളിലേക്ക് പോകുമ്പോൾ ജാക്കിയും കൂടെ പോകും. ക്ലാസ് മുറിവരെ അനുഗമിച്ച ശേഷം ജാക്കി പുറത്തേക്ക് വരും. പിന്നെ ഹർഷരാജന്റെ ക്ലാസ് കഴിയുന്നത് വരെ ഗേറ്റിന് പുറത്ത് ഹർഷരാജിന് വേണ്ടിയുള്ള കാത്തിരിപ്പാണ്.

Content Highlights: Harsha raj and pet dog jackie friendship