കൊടുവള്ളി: നേട്ടങ്ങളുടെ പട്ടിക ഒരുപാടുണ്ട്, കൊടുവള്ളിയിലെ സർക്കാർ സ്കൂളിന് പറയാൻ. കുരുന്നുപ്രതിഭകളുടെ ചിറകിലേറി കൊടുവള്ളി ഗവ.ഹയർസെക്കൻഡറി സ്കൂൾ സാങ്കേതികതലത്തിൽ മുന്നേറുമ്പോൾ അതിൽ നന്ദി പറയാനുള്ളത് മൂന്നു വയസ്സ് പിന്നിട്ട ഒരു ലാബിനോടാണ്.

അത്യാധുനിക ശാസ്ത്രസാങ്കേതികവിദ്യയുടെ ഗുണഫലങ്ങൾ പ്രായോഗികതലത്തിൽ സാധാരണ വിദ്യാർഥികൾക്കും ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ കേന്ദ്രസർക്കാർ നീതി ആയോഗിന്റെ സഹായത്തോടെ ആവിഷ്കരിച്ച അടൽ ടിങ്കറിങ് ലാബ് ആണ് കൊടുവള്ളിയിലെ പൊതുവിദ്യാലയത്തിന്റെ നേട്ടങ്ങൾക്ക് മിഴിവേകുന്നത്.

മുന്നോട്ടുതന്നെ

കൊടുവള്ളി സബ് ജില്ലയിൽ അടൽ ടിങ്കറിങ് ലാബ് പ്രവർത്തിക്കുന്ന ഏക സ്കൂളാണ് ജി.എച്ച്.എസ്.എസ്. അഞ്ചുമുതൽ പ്ലസ്ടുവരെയുള്ള ക്ലാസുകളിലെ വിദ്യാർഥികൾക്ക് നൂതനസാങ്കേതിക വിദ്യയിൽ വിദഗ്‌ധ പരിശീലനം നേടിയ പരിശീലകരുടെ സഹായത്തോടെ അടിസ്ഥാനപരിശീലനവും താത്‌പര്യമുള്ളവർക്ക് തുടർപരിശീലനവും നൽകി വിദ്യാർഥികളുടെ ആശയങ്ങൾക്ക് ജീവൻ നൽകുക എന്നതാണ് ലാബിന്റെ പ്രധാന ലക്ഷ്യം.

Students
സ്റ്റുഡന്റ് അംബാസഡർമാരായ അസീൽ മുഹമ്മദും മുഹമ്മദ് അസീമും
വിദ്യാർഥികൾ തയ്യാറാക്കിയപ്രോജക്ടുകൾക്കൊപ്പം

സുസജ്ജമായ പരിശീലനക്കളരി

കേന്ദ്രസർക്കാരിന്റെ അടൽ ഇന്നവേഷൻ മിഷൻ എന്ന സംരംഭത്തിനു കീഴിൽ പ്രവർത്തിക്കുന്ന അടൽ ടിങ്കറിങ് ലാബിൽ അടൽ ഇന്നവേഷൻ മിഷന്റെ അംഗികാരമുള്ള വെന്റർമാരായ എജ്യൂട്ടക് റോട്ടക് ടീമിന്റെ സഹായത്തോടെയാണ് ക്രമീകരണം. ലെഗോയുടെ റോബോട്ടിക് കിറ്റുകൾ, സിമ്പിൾ കിറ്റുകൾ, ഡ്രമൽ ത്രീഡി പ്രിന്റർ, മെക്കാനിക് ഉപകരണങ്ങൾ, വിവിധതരം സെൻസറുകൾ, അർഡിനോ, റാസ്പ്ബറി പൈ ഉൾപ്പെടെയുള്ള വിവിധതരം ഇലക്‌ട്രോണിക് ഉപകരണങ്ങൾ മുതൽ വിദ്യാർഥികൾക്ക് പരിശീലനത്തിനാവശ്യമായ എല്ലാ ഉപകരണങ്ങളും ലാബിലുണ്ട്. ലാബിന്റെ കീഴിൽ പരിശീലനം ലഭിച്ച 50 കുട്ടികളുടെ ഒരു ടാലന്റ് ക്ലബ്ബ് സ്കൂളിൽ രൂപവത്കരിച്ചിട്ടുണ്ട്. ഇവരുടേയും ട്രെയിനേഴ്‌സിന്റെയും സഹായത്താടെ പുതിയ കുട്ടികൾക്ക് കൃത്യമായ സിലബസോടെയാണ് പരിശീലനം നൽകുന്നത്.

സ്‌കൂളിന്റെ വളർച്ചയിൽ പൊൻതൂവൽ

ലാബ് വന്നതിനുശേഷം സ്കൂളിലെ വിദ്യാർഥികൾക്ക് കേന്ദ്ര സർക്കാരിന്റെ ഇൻസ്പെയർ അവാർഡ് ലഭിച്ചുവരുന്നു. അടൽ മാരത്തൺ, അടൽ സ്പേസ് ചലഞ്ച്, കിഡക്‌സ് ഓൾറൗണ്ടർ ചാമ്പ്യൻഷിപ്പ്, ബ്രിക്‌സ് മാത്‌സ്‌ പോലുള്ള ദേശീയതലമത്സരങ്ങളിൽ സ്ഥിരമായി പങ്കെടുത്ത് മിക്കതിലും വിജയതിലകമണിയുന്നുമുണ്ട്.

എ.ടി.എൽ. ഇൻചാർജ് കെ. ഫിർദൗസ് ബാനു, പി.കെ. മുഹമ്മദ് ബഷീർ, പി.പി. ഷംസീറ, ഡോ. കെ.പി. ആസിഫ, പി. റീഷ എന്നീ അധ്യാപകരാണ് ലാബിന്റെ എല്ലാ പ്രവർത്തനങ്ങൾക്കും ചുക്കാൻ പിടിക്കുന്നത്.

നാടിന് അഭിമാനം

കൊടുവള്ളി ഗവ. ഹയർസെക്കൻഡറി സ്കൂളിൽ വിദ്യാർഥികൾക്ക് നൂതന സാങ്കേതികവിദ്യയിൽ മികവുറ്റ പരിശീലനം നൽകുന്ന അടൽ ടിങ്കറിങ് ലാബ് പ്രവർത്തിക്കുന്നത് നാടിന് അഭിമാനമാണ്.

-മുഹമ്മദ് കുണ്ടുങ്ങര
പി.ടി.എ. പ്രസിഡന്റ്


വിദ്യാർഥികൾക്ക് ശോഭിക്കാൻ കഴിയും

സ്കൂൾതലത്തിൽതന്നെ വിദ്യാർഥികൾക്ക് അടൽ ടിങ്കറിങ് ലാ ബിൽ പരിശീലനം ലഭിക്കുന്നതുകൊണ്ട് ഉന്നതവിദ്യാഭ്യാസം നേടുമ്പോൾ അവർക്ക് നല്ലരീതിയിൽ ശോഭിക്കാൻ കഴിയും.

-പി.പി. മുഹമ്മദ് അബ്ദുൽമജീദ്

പ്രിൻസിപ്പൽ

പ്രശംസനീയം ഈ പ്രവർത്തനം

വിദ്യാർഥികളുടെ നവീന ആശയങ്ങൾ ശാസ്ത്രവും സാങ്കേതികവിദ്യയും സമന്വയിപ്പിച്ച് പദ്ധതികളാക്കിമാറ്റുന്ന സ്കൂളിലെ അടൽ ടിങ്കറിങ് ലാബിന്റെ പ്രവർത്തനം പ്രശംസനീയമാണ്.

-പി. ഗീത
പ്രധാനാധ്യാപിക


മുതൽക്കൂട്ട്

എന്റെ അഭിരുചിയെന്തെന്ന് തിരിച്ചറിയാൻ കഴിഞ്ഞതും നൂതന സാങ്കേതികവിദ്യയിൽ കൂടുതൽ അറിവ് ലഭിച്ചതും അടൽ ടിങ്കറിങ് ലാബിൽ വന്നതിനുശേഷമാണ്.

-കെ. മുഹമ്മദ് സിനാൻ
എ.ടി.എൽ. ടാലന്റ് ഗ്രൂപ്പ് ലീഡർ