തൃശ്ശൂര്‍: കോവിഡ് പ്രതിസന്ധിയില്‍ സാധാരണക്കാര്‍ പോലും പതറുമ്പോള്‍ കാഴ്ച പരിമിതിയുള്ള ഗീത പുതുസംരംഭങ്ങളിലൂെട മുന്നേറുകയാണ്. കോവിഡ് കാലം തുടങ്ങും വരെ വീട്ടിലെ ജോലിയൊക്കെ എടുത്ത് കഴിയുകയായിരുന്നു തൃശ്ശൂര്‍ അമല നഗറിലെ ഗീത. ഭര്‍ത്താവ് സലേഷിന് ജോലിയില്ലാതായി വരുമാനം നിലച്ചു. സലേഷിന് മരുന്ന് മേഖലയിലാണ് ജോലി.

ഭര്‍ത്താവ് ജോലിയില്ലാതെ വീട്ടിലിരുന്നപ്പോഴാണ് പുതിയ സംരംഭത്തെപ്പറ്റിയുള്ള ആഗ്രഹം ഗീത പറഞ്ഞത്. തൈരും നെയ്യും വീട്ടില്‍ ഉണ്ടാക്കിയെടുത്ത് വില്‍പ്പന നടത്തുന്ന സംരംഭമായിരുന്നു. അടുത്ത വീട്ടിലെ പശുഫാമില്‍നിന്ന് പാല്‍ വാങ്ങി പരീക്ഷണാര്‍ഥം ചെറിയ തോതില്‍ തുടങ്ങി. 'പശൂമ്പ' എന്ന പേരിലായിരുന്നു വില്‍പ്പന. അത് വിജയിച്ചു. ആവശ്യക്കാര്‍ ഏറിയതോടെ ഇപ്പോള്‍ പ്രതിദിനം 24 ലിറ്റര്‍ പാലില്‍നിന്നുള്ള നെയ്യാണ് ഉണ്ടാക്കുന്നത്. 24 ലിറ്റര്‍ പാലില്‍ നിന്നാണ് ഒരു ലിറ്റര്‍ നെയ്യ് ഉണ്ടാക്കുന്നത്.

മണ്‍കലത്തില്‍ കൈകൊണ്ട് കടഞ്ഞാണ് വെണ്ണയെടുക്കുന്നത്.പിന്നീട് ഉരുക്കി നെയ്യാക്കി ചില്ലുകുപ്പിയിലാക്കി ഓണ്‍ലൈനിലൂടെയാണ് വില്‍പ്പന. പാല്‍ വാങ്ങുന്നത് മുതല്‍ ഓണ്‍ലൈനില്‍ അയയ്ക്കുന്നത് വരെ എല്ലാം ചെയ്യുന്നത് ഗീത തനിയെയാണ്. ഹോം ടു ഹോം എന്ന ബ്രാന്‍ഡ് നാമത്തിലാണ് നെയ്യ്് വില്‍ക്കുന്നത്.

കോവിഡ് രണ്ടാം തരംഗത്തില്‍ തുടങ്ങിയ അച്ചാര്‍ വ്യാപാരവും പച്ചപിടിച്ചു. കാടമുട്ട അച്ചാര്‍ മുതല്‍ അമ്പഴങ്ങ അച്ചാര്‍ വരെയുണ്ട്. മുട്ടയ്ക്കായി 100 കാടയെ വീട്ടില്‍ വളര്‍ത്തുന്നുണ്ട്. 50 നാടന്‍കോഴികളുമുണ്ട്. ഇവയുടെ പരിചരണവും ഗീതയാണ് ചെയ്യുന്നത്. ഒറ്റപ്പാലം സ്വദേശിയായ ഗീതയ്ക്ക് എട്ടാം ക്ലാസ് വരെ കാഴ്ചയുണ്ടായിരുന്നു. പിന്നീട് അസുഖം വന്ന് കാഴ്ച പൂര്‍ണമായി പോയി. എറണാകുളത്തെ ബ്ലൈന്‍ഡ് സ്‌കൂളില്‍ പഠിച്ചു. വാടകവീട്ടിലാണ് താമസം. ഗയ, ഗസല്‍ എന്നിവരാണ് മക്കള്‍.

content highlights: geetha defeats blindness, emerges as victorious entrepreneur