കൊല്ലം: ലോക്ഡൗണ്‍കാലത്തുമാത്രം ആരോരുമില്ലാത്ത 300-ഓളം പേരെ ആശുപത്രിയിലും പിന്നെ അഭയകേന്ദ്രങ്ങളിലും എത്തിച്ചിട്ടുണ്ട് ഗണേഷ്. അപകടത്തില്‍ രക്ഷിച്ചവരെത്രയെന്ന് എണ്ണിയിട്ടില്ല. ജില്ലാ ആശുപത്രിയിലും നഗരത്തിലെ പോലീസ് സ്റ്റേഷനുകളിലും ഈ പേരും ഫോണ്‍ നമ്പറും കുറിച്ചുവെച്ചിട്ടുണ്ട്.
''ലാഭമുണ്ടാക്കാനോ പേരെടുക്കാനോ ഒന്നുമല്ലാതെയുള്ള ഈ സത്കര്‍മത്തിന് കഴിഞ്ഞ ദിവസം ഒരു സര്‍ട്ടിഫിക്കറ്റ് കിട്ടി. മറ്റൊന്നുമല്ല. കളക്ടര്‍ ബി.അബ്ദുള്‍ നാസറിന്റെ ഒരു സന്ദേശം. നിങ്ങളുടെ പ്രവൃത്തി ഞങ്ങള്‍ക്കുകൂടി പ്രചോദനമാണെന്നും ശ്ലാഘനീയമാണെന്നും ഒരു ദിവസം ഓഫീസിലേക്ക് വരണമെന്നും അദ്ദേഹം പറഞ്ഞപ്പോള്‍ ഒരു സന്തോഷം. ഇനി അങ്ങനെ ഒരു നല്ല വാക്ക് കിട്ടിയില്ലെങ്കിലും ഈ കര്‍മം തുടരും. 35 കൊല്ലമായി തുടരുന്നതാണ്. അത് എന്റെ ഒരു മനസ്സാണ്''-ഗണേഷ് പറയുന്നു.
''ദേശീയപാതയോരത്ത് തയ്യല്‍ക്കടയിലാണ് എനിക്ക് ജോലി. അപകടം ഉണ്ടാവുമ്പോ അവിടെ പാഞ്ഞെത്തും. എല്ലാവരും എടുക്കാന്‍ മടിക്കുമ്പോ ഞാന്‍ ചെല്ലും. ഹോസ്പിറ്റലില്‍ കൊണ്ടുപോകും. ആദ്യമൊക്കെ അവിടെ ചെന്നാല്‍ പഞ്ഞിമുതല്‍ മരുന്നുവരെ നമ്മള്‍ സംഘടിപ്പിച്ചുകൊടുക്കണം. അതെല്ലാം ചെയ്ത് തിരിച്ചുവരും. പത്തിരുപത്തഞ്ച് തവണ രക്തവും കൊടുത്തു. ആദ്യകാലത്ത് കൈയില്‍നിന്ന് കാശൊത്തിരി പോവുമായിരുന്നു. ഇപ്പം പിന്നെ ആശുപത്രിയില്‍ത്തന്നെ കിട്ടും. തിരിച്ചുവരാന്‍ ആരെങ്കിലും വണ്ടിയില്‍ ലിഫ്റ്റ് തന്ന് സഹായിക്കും. നാളെ നമ്മളാണെങ്കിലും ആരെങ്കിലും ഓടിവരണ്ടേ എന്ന ചിന്തയില്‍നിന്നാണ് അത്. ഇപ്പോ പോലീസുകാര്‍തന്നെ വിളിക്കും. ആംബുലന്‍സുമായി ചെല്ലാന്‍. അലഞ്ഞുതിരിയുന്നവരെ പുനരധിവസിപ്പിക്കുംമുന്‍പ് വൃത്തിയാക്കാനും അവരെ അഭയകേന്ദ്രങ്ങളിലെത്തിക്കാനും ചെല്ലും.
വൃത്തിഹീനമായി അലഞ്ഞുതിരിയുന്നവരെയെല്ലാം കുളിപ്പിച്ച് പുത്തന്‍ ഉടുപ്പ് ധരിപ്പിച്ച് മനുഷ്യക്കോലത്തിലാക്കിയെടുത്തത് ഗണേഷായിരുന്നെന്ന് ട്രാഫിക് എസ്.ഐ. പ്രദീപ് പറഞ്ഞു. അപകടത്തില്‍പ്പെടുന്നവരുടെയൊക്കെ വീഡിയോയും അഗതികളെ എവിടെ കൊണ്ടുപോയാലും അതിന്റെ രേഖകളും ഗണേഷ് ഇപ്പോള്‍ സൂക്ഷിച്ചുവെക്കാറുണ്ട്. കൂട്ടത്തിലൊരാളെ ഹരിപ്പാട്ടെ അഗതിമന്ദിരത്തില്‍ എത്തിച്ചിരുന്നു. അവിടെവെച്ച് മരിച്ചപ്പോള്‍ അവര്‍ ഗണേഷിനെത്തന്നെ വിളിച്ചു. അവിടെ അടക്കാന്‍ സൗകര്യമില്ലാത്തതായിരുന്നു പ്രശ്‌നം. പിന്നെ ഇവിടെനിന്ന് ആംബുലന്‍സുമായി പോയി അയാളെ ഇവിടെ കൊണ്ടുവന്ന് പോളയത്തോട് ശ്മശാനത്തില്‍ സംസ്‌കരിക്കുകയായിരുന്നു.'' ഗണേഷിന്റെ ഈ സേവനത്തില്‍ ഫയര്‍ ഫോഴ്സിലെ മനോജ്, കാറ്ററിങ് നടത്തുന്ന ബാബു, ശ്രീജിത്ത് എന്നീ സുഹൃത്തുക്കളും ഇപ്പോള്‍ സഹായിക്കുന്നുണ്ട്.
content highlights: ganesh- man who helps destitutes and accident victims