കുന്നംകുളം: ബൈക്കപകടത്തില്‍ പരിക്കേറ്റ് തളര്‍ന്നുകിടക്കുന്ന പഴുന്നാന കൊട്ടിലിങ്ങല്‍ വിഷ്ണുവിന് തന്റെ കൂട്ടുകാരെക്കുറിച്ച് പറയുന്നത് അഭിമാനമാണ്. തന്റെ ചികിത്സച്ചെലവും സഹോദരിയുടെ പഠനച്ചെലവും അവരാണ് വഹിക്കുന്നത്. ഇപ്പോഴിതാ സഹോദരി വിസ്മയയുടെ വിവാഹത്തിന് അഞ്ചുപവന്റെ സ്വര്‍ണാഭരണങ്ങളുമായാണ് കൂട്ടുകാര്‍ എത്തിയത്.

2014 ഡിസംബറിലാണ് പഴുന്നാന കൊട്ടിലിങ്ങല്‍ കുമാരന്റെയും പ്രീതിയുടെയും മകനായ വിഷ്ണുവിന് ബൈക്കപകടത്തില്‍ പരിക്കേറ്റത്. നട്ടെല്ലിന് പരിക്കേറ്റതിനാല്‍ പിന്നീട് എഴുന്നേറ്റ് നടക്കാനായിട്ടില്ല. തുടര്‍ചികിത്സയ്ക്ക് വഴിയില്ലാതെ ബുദ്ധിമുട്ടിയപ്പോള്‍ പൊതുപ്രവര്‍ത്തകന്‍ ലബീബ് ഹസ്സന്റെ സഹായമാണ് ഇവര്‍ക്ക് തുണയായത്.

വിഷ്ണുവിനൊപ്പം മരത്തംകോട് ഗവ. ഹൈസ്‌കൂളിലും ചെമ്മണ്ണൂര്‍ അപ്പുണ്ണി സ്മാരക ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലും പഠിച്ചിരുന്നവരുടെ വിവരങ്ങള്‍ ശേഖരിച്ച് സഹപാഠികളുടെ യോഗം നടത്തി.

മാസംതോറും 5,000 രൂപ വിഷ്ണുവിന്റെ അമ്മയുടെ അക്കൗണ്ടിലേക്ക് നല്‍കാനും സഹോദരി വിസ്മയയുടെ പഠനച്ചെലവ് ഏറ്റെടുക്കാനുമാണ് ആ കൂട്ടായ്മ തീരുമാനിച്ചത്. ഇവരുടെ സഹായത്തോടെ വിസ്മയ, ലാബ് ടെക്നീഷ്യന്‍ കോഴ്സ് പൂര്‍ത്തിയാക്കി. ചൊവ്വന്നൂരിലെ സ്വകാര്യ ലാബില്‍ ജോലി കിട്ടുന്നതുവരെ കൂട്ടുകാരുടെ സഹായവുമുണ്ടായിരുന്നു. പിന്നീട് വിശേഷാവസരങ്ങളിലെല്ലാം ഇവരെത്താറുണ്ട്.

ഞായറാഴ്ച നടക്കുന്ന വിസ്മയയുടെ വിവാഹത്തിന് വീണ്ടും കൂട്ടുകാരെത്തി. സഹപാഠികളും സുഹൃത്തുക്കളും സമാഹരിച്ച തുകയോടൊപ്പം കുന്നംകുളത്തെ ഷെയര്‍ ആന്‍ഡ് കെയര്‍ ചാരിറ്റബിള്‍ സൊസൈറ്റിയുടെ സഹായവും ചേര്‍ത്താണ് അഞ്ചുപവന്‍ സ്വര്‍ണാഭരണങ്ങള്‍ വാങ്ങിയത്.

പഴുന്നാനയിലെ വീട്ടിലെത്തിയ ഇവര്‍ വിഷ്ണുവിന്റെ സ്‌നേഹസമ്മാനമായി ആഭരണങ്ങള്‍ കൈമാറി. സൊസൈറ്റി പ്രസിഡന്റ് ലബീബ് ഹസ്സന്‍, സെക്രട്ടറി എം. ബിജുബാല്‍, ഷെമീര്‍ ഇഞ്ചിക്കാലയില്‍, തോമസ് തെക്കേക്കര, സഹപാഠികളായ വി.എച്ച്. ജുസൈര്‍, പി.ആര്‍. അഖില്‍, വി.എസ്. നവാസ് തുടങ്ങിയവര്‍ പങ്കെടുത്തു.

content highlights: friends helps accident victim vishnu and his family