എരമംഗലം(മലപ്പുറം): തിരഞ്ഞെടുപ്പില്‍ തോറ്റെന്ന വിഷമം ഇന്ന് ഷാജിക്കില്ല. കാരണം അതിലും വലിയകാര്യം നടത്താന്‍ ഈ തിരഞ്ഞെടുപ്പിലൂടെ സാധിച്ച സന്തോഷത്തിലാണ് ഇദ്ദേഹം. ജില്ലാ പഞ്ചായത്ത് മാറഞ്ചേരി ഡിവിഷനില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച ഷാജി കാളിയത്തേലാണ് പനമ്പാട് തെക്കേക്കര ക്ഷേത്രത്തിനു സമീപം താമസിക്കുന്ന ബാബുവിനും കുടുംബത്തിനും വീടൊരുക്കാന്‍ മുന്നിട്ടിറങ്ങിയത്.

തിരഞ്ഞെടുപ്പ് പര്യടനത്തിനിടയിലെ അനുഭവമാണ് ഷാജിയെ ഇതിലേക്ക് നയിച്ചത്. ബാബുവിന്റെ ഭിന്നശേഷിക്കാരനായ മകനെ സമീപത്തെ തെങ്ങിനും മരത്തിനും ഇടയില്‍ കെട്ടിയിട്ട് അമ്മ കണ്ണിമവെട്ടാതെ പരിപാലിക്കുന്ന കാഴ്ച ജീവകാരുണ്യപ്രവര്‍ത്തകന്‍ കൂടിയായ ഷാജി കാണാനിടയായി. ഈ കുടുംബത്തിന്റെ ദുരിതജീവിതം നേരില്‍ക്കണ്ട് ഇവരുടെ ആവശ്യം ചോദിച്ചപ്പോള്‍ 'എന്റെ മരണത്തിന് മുന്‍പായി മകന് സ്വസ്ഥമായി കിടക്കാന്‍ ചെറിയൊരു വീട് ഉണ്ടായിക്കാണണം' എന്നായിരുന്നു ബാബുവിന്റെ ഭാര്യ ഷാജിയോട് പറഞ്ഞത്.

തിരഞ്ഞെടുപ്പ് കഴിഞ്ഞാലുടന്‍ ആവശ്യമായ സഹായം ചെയ്യുമെന്ന് ഉറപ്പും നല്‍കിയാണ് അന്ന് മടങ്ങിയത്. തിരഞ്ഞെടുപ്പില്‍ തോറ്റെങ്കിലും ഈ കുടുംബത്തിന്റെ സ്വപ്നം യാഥാര്‍ഥ്യമാക്കാന്‍ മുന്നിട്ടറിങ്ങുകയായിരുന്നു അദ്ദേഹം.

ഷാജി, സുഹൃത്തും സ്പര്‍ശം ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാനും ഗായകനുമായ സലീം കോടത്തൂരുമായി പനമ്പാട്ടെ കുടുംബത്തിന്റെ അവസ്ഥ പങ്കുവെക്കുകയും സലീം തന്റെ ഗുരുനാഥനായ ഹംസ വൈദ്യരെ സമീപിക്കുകയും വീട് നിര്‍മിക്കാനാവശ്യമായ മുഴുവന്‍ തുകയും വൈദ്യര്‍ വഹിക്കാമെന്ന് ഉറപ്പു നല്‍കുകയും ചെയ്യുകയായിരുന്നു.

മൊയ്തു മൗലവി ട്രസ്റ്റിന്റേയും സ്പര്‍ശം ട്രസ്റ്റിന്റേയും മേല്‍നോട്ടത്തിലാണ് വീട് നിര്‍മാണം. വീടിന്റെ തറക്കല്ലിടല്‍ ഹംസ വൈദ്യര്‍ നിര്‍വഹിച്ചു. ഷാജി കാളിയത്തേല്‍, സലീം കോടത്തൂര്‍, വാര്‍ഡംഗം ടി. ഉബൈദ്, അബ്ദുറഹ്മാന്‍പോക്കര്‍, സക്കീര്‍പൂളക്കല്‍, ബാബു കാളിയത്തേല്‍, റംഷാദ് സൈബര്‍ മീഡിയ, പി.കെ. സുബൈര്‍, മുഹമ്മദാലി മാറഞ്ചേരി, സി.കെ. കുഞ്ഞിമോന്‍ എന്നിവര്‍ പങ്കെടുത്തു.

content highlights: failed candidate takes initiative to built house for poor family