ന്ദനക്കുട്ടിയുടെ ജീവനായിരുന്നു ആ ബാര്‍ബി പാവ. അതുകൊണ്ടാണ് സുന്ദരിപ്പാവയുടെ ഉടുപ്പ് മുഷിഞ്ഞപ്പോള്‍ അവള്‍ക്ക് സങ്കടം വന്നത്. മാറിയിടാന്‍ കുഞ്ഞുടുപ്പ് കിട്ടാഞ്ഞതോടെ നന്ദനക്കുട്ടി സൂചിയും നൂലും കൈയിലെടുത്തു. മനോഹരമായ കുഞ്ഞുടുപ്പ് നെയ്തു. അന്നത്തെ ആറാം ക്ലാസുകാരി എട്ടാം ക്ലാസിലായി. ബാര്‍ബിക്ക് മാത്രമല്ല, വീട്ടിലുള്ള എല്ലാവര്‍ക്കും കുപ്പായം തുന്നുന്നത് ഇപ്പോള്‍ ഈ മിടുക്കിക്കുട്ടിയാണ്. ഇടുക്കി റോസാപ്പൂക്കണ്ടം മണിഭവനില്‍ കറുപ്പുസ്വാമിയുടെയും ജയശ്രീയുടെയും മകള്‍ നന്ദനാദേവിയാണ് പ്രത്യേക പരിശീലനമൊന്നുമില്ലാതെ ഒരു കുടുംബത്തിലെ മുഴുവന്‍ അംഗങ്ങള്‍ക്കും ഉടുപ്പ് തുന്നുന്നത്. ഇപ്പോള്‍ പ്രദേശവാസികളും തുണിയുമായി നന്ദനയെ തേടിയെത്തുന്നുണ്ട്.

യൂട്യൂബ് മാഷായി, നല്ല തയ്യല്‍ക്കാരിയായി

ആറാം ക്ലാസില്‍ പഠിക്കുമ്പോള്‍ അച്ഛന്‍ വാങ്ങി നല്‍കിയ പാവയ്ക്ക് കൈത്തുന്നലിലൂടെ പുതിയ ഉടുപ്പ് ഒരുക്കിയാണ് തുടക്കം. മകളുടെ കഴിവ് മനസ്സിലാക്കിയ അമ്മ ജയശ്രീ അവള്‍ക്ക് തുന്നുന്നതിനായി ചെറിയ തുണികള്‍ നല്‍കി.

വൈദഗ്ധ്യമുള്ളവരെപോലെ അവള്‍ വീണ്ടും തുന്നിയപ്പോള്‍ അതിശയമായി.സാമ്പത്തികമായി വലിയ ബുദ്ധിമുട്ടുകളുണ്ടെങ്കിലും അച്ഛന്‍ അവള്‍ക്ക് തയ്യല്‍മെഷീന്‍ വാങ്ങിക്കൊടുത്തു. ഓണ്‍ലൈന്‍ ക്ലാസിനുശേഷം ഒഴിവുള്ള സമയത്ത് യൂട്യൂബിന്റെ സഹായത്തോടെ തയ്യല്‍ പഠിക്കാന്‍ ആരംഭിച്ചു. അളവുകള്‍ എഴുതിയെടുത്തും അതിനനുസരിച്ച് തുണികള്‍ വെട്ടിയെടുത്തും പഴയ തയ്യല്‍മെഷീന്‍ ചവിട്ടി നന്ദന അമ്മയ്ക്കൊരു അമ്പ്രല്ല ഫ്രോക്കാണ് ആദ്യം തുന്നിയത്. പിന്നീട് അച്ഛനും സഹോദരങ്ങള്‍ക്കും ഷര്‍ട്ട് തയ്ച്ച് നല്‍കി. പരിശീലനമൊന്നുമില്ലാതെ നന്ദന തയ്ക്കുന്ന കാര്യം ചര്‍ച്ചയായി. എന്നാല്‍ ഇതിനിടെ പഴയ തയ്യല്‍മെഷീന്‍ കേടായി.

അച്ഛനും അമ്മയും ചേര്‍ന്ന് പതിനയ്യായിരത്തോളം രൂപ കടമെടുത്ത് കമ്പത്ത് നിന്ന് മകള്‍ക്കായി തയ്യല്‍മെഷീന്‍ വാങ്ങി. പുതിയ മെഷീന്‍ കിട്ടിയതോടെ നന്ദന ഉഷാറായി. വിവിധ തരത്തിലുള്ള ഫ്രോക്കുകള്‍, ഉടുപ്പുകള്‍, നൈറ്റികള്‍, മാസ്‌കുകള്‍, ഷര്‍ട്ടുകള്‍, ജുബ്ബ തുടങ്ങിയവ തയ്ച്ചെടുത്തു. പ്രദേശവാസികള്‍ ഉള്‍പ്പെടെ ഒട്ടേറെപേര്‍ ഇപ്പോള്‍ നന്ദനയ്ക്ക് തയ്ക്കാന്‍ തുണികള്‍ ഏല്‍പ്പിച്ചുതുടങ്ങിയിട്ടുണ്ട്. അമരാവതി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയായ നന്ദനയ്ക്ക് ഫാഷന്‍ ഡിസൈനറാകാനാണ് താത്പര്യം. എത്ര കഷ്ടപ്പെട്ടാണെങ്കിലും മകളുടെ ആഗ്രഹം നേടിക്കൊടുക്കുമെന്ന ഉറച്ച തീരുമാനത്തിലാണ് റോസാപ്പൂക്കണ്ടം മണിഭവനിലെ ഈ കൊച്ചുകുടുംബം. സഹോദരങ്ങളായ വിഷ്ണുവും അനന്തുവും പിന്തുണയുമായി ഒപ്പമുണ്ട്.

content highlights: eightth standard student nandana devi and her passion for tailoring