തൃശ്ശൂര്‍: പാലസ് റോഡിലെ തിരക്കിനിടയിലും ഡിവൈഡറില്‍ പൂത്തുനില്‍ക്കുന്ന പത്തുമണിച്ചെടിയെ ഒന്നുനോക്കാതെ പോകാനാവില്ല ആര്‍ക്കും. എന്നാല്‍, ഇതിനു പിന്നിലെ അധ്വാനം എത്രപേര്‍ ആലോചിച്ചിട്ടുണ്ടാവും. ചീറിപ്പായുന്ന വാഹനങ്ങള്‍ക്കിടയില്‍ നേരിയ ഡിവൈഡറില്‍ നല്ല മണ്ണിട്ട് ചെടിവെച്ച് കുട്ടികളെപ്പോലെ വളര്‍ത്തിക്കൊണ്ടു വരണം. ചെടികളോട് കിന്നാരംപറഞ്ഞ് തൊട്ടു തലോടി നില്‍ക്കുമ്പോള്‍ നട്ടുച്ചയിലെ വെയിലും തിരക്കും അറിയാറില്ലെന്ന് ഇവയെ നട്ടുവളര്‍ത്തിയ മൈലിപ്പാടം അന്തിക്കാടന്‍ വീട്ടില്‍ ദേവകി പറയുന്നു. തൃശ്ശൂര്‍ കോര്‍പ്പറേഷനിലെ ദിവസവേതന ക്ലീനിങ് തൊഴിലാളിയാണ് ഇവര്‍.

കഴിഞ്ഞ ലോക്ഡൗണ്‍ കാലത്ത് തുടങ്ങിയതാണ് ചെടി നട്ടുവളര്‍ത്താന്‍. സാമൂഹിക അകലം പാലിച്ച് ജോലിചെയ്യാന്‍ ഇവരുടെ ചുമതലയുള്ള ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരും ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരും നിര്‍ദേശിച്ചിരുന്നു. പലരും കൂട്ടംകൂടാതെ പല സ്ഥലങ്ങളിലായി ജോലി ചെയ്തു. അതില്‍ പാലസ് റോഡാണ് ദേവകിക്ക് കിട്ടിയത്. ഡിവൈഡറിലെ പുല്ല് ചെത്തിമാറ്റുന്ന ജോലി കഴിഞ്ഞപ്പോള്‍ ദേവകിയാണ് ചോദിച്ചത് ഇവിടെ ചെടി നട്ടാലോയെന്ന്.

ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടറായ സുരേഷ് പേരോത്ത് ഇതിന് അനുമതി നല്‍കി. പാര്‍ക്കില്‍നിന്ന് കുറച്ച് ചെടിയെത്തിച്ചുകൊടുത്തു. ഇത് നട്ടു വളര്‍ത്തി വലുതാകുന്നതിനിടെ എല്ലാം നാട്ടുകാര്‍ പറിച്ചുകൊണ്ടുപോയി. പിന്നെയാണ് പത്തുമണിച്ചെടി നടാന്‍ തീരുമാനിച്ചത്. സുരേഷ് നല്‍കിയതു പോരാതെ വീടുകളില്‍നിന്നും ഓട്ടോറിക്ഷ തൊഴിലാളികളില്‍ നിന്നും വാങ്ങിയാണ് നട്ടുവളര്‍ത്തിയത്. ചെടി നനയ്ക്കാന്‍ അടുത്തുള്ള കടകളെയും താലൂക്ക് ഓഫീസിനെയും രാമനിലയത്തിനെയുമെല്ലാം ആശ്രയിച്ചു. ഒടുവില്‍ രണ്ടുമൂന്നുമാസമായി കോര്‍പ്പറേഷന്‍ നനയ്ക്കാന്‍ തുടങ്ങി. ഇപ്പോള്‍ ചെടി നനയ്ക്കുന്ന വാഹനത്തിന്റെ ഡ്രൈവര്‍ക്ക് കോവിഡ് വന്നതിനെത്തുടര്‍ന്ന് നനയ്ക്കുന്ന ജോലി സ്വയം ഏറ്റെടുത്തിരിക്കുകയാണ് ദേവകി.

content highlights: devaki, cleaning staff of thrissur corporation makes garden in divider