കോവിഡ് മഹാമാരിക്കു മുന്നില്‍ വിറങ്ങലിച്ചു നില്‍ക്കുകയാണ് രാജ്യം. എങ്ങുനിന്നും എപ്പോള്‍ വേണമെങ്കിലും അശുഭവാര്‍ത്തകള്‍ എത്താവുന്ന സാഹചര്യം. ഭയത്തിന്റെയും അശാന്തിയുടെയും ഈ കാലത്തുപോലും നന്മ പൊഴിക്കുന്ന ചിലരുണ്ട് നമുക്കു ചുറ്റും. അത്തരത്തിലുള്ള ഒരാളാണ് ഈ മനുഷ്യന്‍. പേര്: രാകേഷ് കുമാര്‍. ഡല്‍ഹി ഹസ്രത് നിസാമുദ്ദീന്‍ സ്‌റ്റേഷനിലെ എ.എസ്.ഐയാണ് ഇദ്ദേഹം. 

ഡല്‍ഹി ലോധി റോഡ് ശ്മശാനത്തില്‍ ഡ്യൂട്ടിയിലുള്ള രാകേഷ്, കഴിഞ്ഞ ഏപ്രില്‍ 13 മുതല്‍ 1,100ല്‍ അധികം ആളുകളുടെ അന്തിമസംസ്‌കാര ചടങ്ങുകള്‍ക്ക് ആവശ്യമായ സഹായം ചെയ്തുകൊടുത്തിട്ടുണ്ട്. ഇതില്‍ പലരും കോവിഡ് ബാധിച്ച് മരിച്ചവരുമായിരുന്നു. അമ്പതിലധികം ചിതകള്‍ക്ക് ഇദ്ദേഹം തന്നെയാണ് തീ കൊളുത്തിയതും. അന്തിമ സംസ്‌കാര ചടങ്ങുകള്‍ നിര്‍വഹിക്കാന്‍ ആരുമില്ലാതെ പോയ നിരവധി ഭൗതികദേഹങ്ങള്‍ക്കാണ് മാന്യമായ യാത്രാമൊഴി നല്‍കാന്‍ രാകേഷ് സഹായിച്ചത്. 

ശ്മശാനത്തില്‍ ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ടതിനു പിന്നാലെ എല്ലാദിവസും രാവിലെ ഏഴുമണിയോടെ രാകേഷ് സ്ഥലത്തെത്തും. അന്തിമസംസ്‌കാര ചടങ്ങുകള്‍ക്കും സ്ഥലം ഒരുക്കുന്നതിനും മറ്റും പുരോഹിതരെ സഹായിക്കും. ചിതയ്ക്ക് തീകൊളുത്തുക, മൃതദേഹങ്ങള്‍ എടുത്തുകൊണ്ടുവരിക, പൂജയ്ക്കു വേണ്ട സാമഗ്രികള്‍ വാങ്ങുക, ആംബുലന്‍സ് ഡ്രൈവര്‍മാരുമായി കാര്യങ്ങള്‍ ഏകോപിപ്പിക്കുക തുടങ്ങിയ കാര്യങ്ങളാണ് രാകേഷ് ചെയ്യുക. 

ഏപ്രില്‍ 13 മുതല്‍ 1,100-ല്‍ അധികം മൃതദേഹങ്ങളുടെ സംസ്‌കാരചടങ്ങുകള്‍ക്ക് സഹായിച്ചിട്ടുണ്ടെന്ന് രാകേഷിനെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്‌സ്പ്രസ് ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്യുന്നു. പലതും കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങളായിരുന്നു. അവരുടെ കുടുംബാംഗങ്ങള്‍ക്ക് അവിടേക്ക് വരാനാകുമായിരുന്നില്ല. അവിടേക്ക് വരാന്‍ അനുമതി ലഭിച്ചിട്ടുള്ള ഒരാള്‍ക്ക് ആവശ്യമായ സഹായം രാകേഷ് ചെയ്തുകൊടുക്കും. വൈകുന്നേരം 7-8 മണിയോടെയാണ് രാകേഷ് തന്റെ ഡ്യൂട്ടി അവസാനിപ്പിക്കുന്നത്. 

അമ്പത്താറുകാരനായ രാകേഷ്, ഭാര്യക്കും മൂന്നുമക്കള്‍ക്കുമൊപ്പം നിസാമുദീനിലെ ബാരക്കിലാണ് താമസം. ഡ്യൂട്ടിയില്‍നിന്ന് മാറിനില്‍ക്കാനാവാത്തതിനാല്‍ മകളുടെ വിവാഹം പോലും മറ്റൊരു ദിവസത്തേക്ക് രാകേഷ് മാറ്റിവെച്ചു. മേയ് ഏഴിനായിരുന്നു വിവാഹം നിശ്ചയിച്ചിരുന്നത്. രാകേഷിന്റെ ഈ നിസ്വാര്‍ഥ സേവനത്തെ കുറിച്ച് ഡല്‍ഹി പോലീസാണ് ട്വിറ്ററിലൂടെ അറിയിച്ചത്. തുടര്‍ന്ന് ഡല്‍ഹി പോലീസ് കമ്മിഷണര്‍ എസ്.എന്‍. ശ്രീവാസ്തവയും രാകേഷിന് അഭിനന്ദനവുമായി എത്തി. കൂടാതെ നിരവധി സാമൂഹിക ഉപയോക്താക്കളും രാകേഷിന് അഭിനന്ദനം ചൊരിയുന്നുണ്ട്. 

content highlights: delhi policeman helped cremate more than 1000 people