മൂന്നരപ്പതിറ്റാണ്ടായി കളക്ടറേറ്റില്‍ സൈക്കിള്‍ ചവിട്ടി വരുന്നൊരു നിഴലുണ്ട്... കളക്ടറുടെ നിഴല്‍. തൂവെള്ള ഉടുപ്പും തൊപ്പിയുമുള്ള ആ നിഴല്‍ വെള്ളിയാഴ്ച വിരമിക്കുകയാണ്. കോഴിപ്പറമ്പില്‍ പരമേശ്വരന്‍ സത്യനെന്ന ഡഫേദാര്‍ യാത്രപറയുകയാണ് കളക്ടറേറ്റിനോട്, ഒരേ ഓഫീസില്‍ മുപ്പത്തിയഞ്ച് വര്‍ഷം ജോലിചെയ്ത സംതൃപ്തിയോടെ. ഈ കാലയളവില്‍ 27 കളക്ടര്‍മാര്‍ക്കൊപ്പം നിഴലായി നിന്നു.

വെള്ളിയാഴ്ച രാവിലെ എല്‍ത്തുരുത്തില്‍നിന്നൊരു ഹീറോ സൈക്കിള്‍ പുറപ്പെടും. അത് ചവിട്ടുക മുണ്ടുടുത്ത സത്യനെന്ന 'ഹീറോ' ആയിരിക്കും. പക്ഷേ പോകുന്നത് യാത്രപറയാനാണ്. കളക്ടറേറ്റിലെ മുന്നൂറ് പേര്‍ക്ക് ചായസത്കാരം നടത്താന്‍. യാത്രയയപ്പ് വേണ്ടെന്നു പറഞ്ഞ സത്യനോട് കളക്ടര്‍ ടി.വി. അനുപമ ചോദിച്ചു, 'എന്താ സെന്റ് ഓഫ് വേണ്ടെന്നു പറഞ്ഞത്....?' ഡഫേദാര്‍ കളക്ടറോട് പറഞ്ഞതിങ്ങനെ: 'വേണ്ട മാഡം, എനിക്കതൊരു ബുദ്ധിമുട്ടാണ്...'

'ആളുകള്‍ നമ്മളെക്കുറിച്ച് സ്നേഹത്തോടെ പറയുന്നത് കേട്ടാല്‍ ഞാന്‍ കരഞ്ഞുപോകും. ഒരുപാട് പേര്‍ കരയുന്നത് ഇക്കാലത്തിനിടയ്ക്ക് കണ്ടിട്ടുണ്ട്; ചില കളക്ടര്‍മാര്‍ വരെ'. യാത്രയയപ്പ് വേണ്ടാത്തതിന്റെ യഥാര്‍ഥ കാരണം അല്‍പം വിഷമത്തോടെയെങ്കിലും ഡഫേദാര്‍ സത്യന്‍ പറയുന്നു.

ബ്രിട്ടീഷ് ഭരണത്തിന്റെ ബാക്കിപത്രമാണ് ഡഫേദാര്‍. പണ്ടത്തെ കൊട്ടാരം കാവല്‍ക്കാരനെന്ന് തോന്നുന്ന വേഷം. വെള്ള പാന്റ്സും ഷര്‍ട്ടും തലപ്പാവും ചുവപ്പ് ക്രോസ്ബെല്‍റ്റുമാണ് ഔദ്യോഗിക വേഷം. കുറച്ചുകാലം മുന്‍പ് തലപ്പാവിനു പകരം സാധാരണ തൊപ്പിയാക്കിയതാണ് വേഷത്തില്‍ ആകെ വന്ന പരിഷ്‌കാരം. ശംഖുരൂപത്തില്‍ സ്വര്‍ണക്കരയുള്ള ചുവന്ന ക്രോസ്ബെല്‍റ്റില്‍ കൊളുത്തിയിട്ട സര്‍ക്കാര്‍ മുദ്ര ഇവര്‍ക്കുള്ള അംഗീകാരമാണ്. ജില്ലാ കളക്ടറുടെ കാവല്‍ക്കാരാണ് സര്‍ജന്റ് പ്രൊട്ടക്ടര്‍ എന്ന ഡഫേദാര്‍.

കളക്ടറുടെ ശിപായിയാണ് ഇവര്‍. കളക്ടര്‍ക്കൊപ്പം നിഴല്‍പോലെ ഉണ്ടാകും. ജില്ലയിലെ ഏറ്റവും സീനിയറായ ഓഫീസ് അറ്റന്‍ഡറെയാണ് ഡഫേദാറായി നിയമിക്കുന്നത്. കളക്ടറുടെ സന്ദര്‍ശകരെ നിയന്ത്രിക്കുക, കളക്ടര്‍ എവിടെ പോയാലും മുന്‍പില്‍ വഴിയൊരുക്കി നടക്കുക, ഏല്‍പ്പിക്കുന്ന മറ്റ് ജോലികള്‍ ചെയ്യുക എന്നിവയൊക്കെയാണ് ഡഫേദാര്‍ ചെയ്യുക. പ്രത്യേക സമയക്രമമൊന്നുമില്ല ഇവര്‍ക്ക്. കളക്ടര്‍ വിളിക്കുമ്പോള്‍ അല്ലെങ്കില്‍ കളക്ടര്‍ ഓഫീസിലെത്തിയാല്‍, അതിപ്പോള്‍ രാവിലെയായാലും രാത്രിയായാലും ഡഫേദാര്‍ ഹാജരായിരിക്കണം.

സത്യന്‍ 1984 ജനുവരി 20-നാണ് കളക്ടറേറ്റില്‍ പ്യൂണ്‍ ആയി ജോലിക്ക് കയറുന്നത്. ദിനേശ് ശര്‍മ 1990-ല്‍ കളക്ടറായിരിക്കേയാണ് സത്യന്‍ കളക്ടറുടെ ചേംബറിലെ പ്യൂണ്‍ ആകുന്നത്. ഒരു വര്‍ഷത്തിനുശേഷം ദിനേശ് ശര്‍മ സ്ഥലംമാറിപ്പോയി. പക്ഷേ, സത്യന്‍ ഒരുകാലത്തും സ്ഥലംമാറാതെ ചേംബറില്‍ ഉറച്ചു. എല്ലാവരോടും സ്നേഹത്തോടെയും വിനയത്തോടെയുമുള്ള സത്യന്റെ പെരുമാറ്റത്തിലൂടെ ആ സ്ഥാനം അറിയാതെ ഉറച്ചുപോവുകയായിരുന്നു. ഇരുപത്തിയേഴ് കളക്ടര്‍മാരില്‍ ഒരാള്‍ക്കുപോലും സത്യനെ വേണ്ടെന്ന് തോന്നിയില്ല.

ഡോ.എം. ബീന കളക്ടറായിരിക്കേ 2006-ലാണ് സത്യന്‍ ഡഫേദാറാകുന്നത്. അതിന് മുമ്പൊരു കഥ പറയണം, എന്നാലേ ഡഫേദാര്‍ കഥ പൂര്‍ണമാകൂ. സത്യന്റെ എക്കാലത്തെയും വേഷം മുണ്ടും ഷര്‍ട്ടുമായിരുന്നു. ഡഫേദാറാകുന്നതിനു മുമ്പ് ഒരിക്കല്‍ പോലും പാന്റ്സിട്ടിട്ടില്ല. ഡഫേദാറായാല്‍ പാന്റ്സിടേണ്ടിവരുമെന്ന പേടികാരണം ആ സ്ഥാനം വേണ്ടെന്ന് എഴുതിക്കൊടുത്തയാളാണ് 13 വര്‍ഷം ഡഫേദാറായി പണിയെടുത്ത നിറഞ്ഞ ചിരിയുള്ള എല്‍ത്തുരുത്തുകാരന്‍. ഇപ്പോഴും വീട്ടില്‍നിന്ന് മുണ്ടുടുത്താണ് ഓഫീസിലേക്കുള്ള പോക്ക്.

പ്രളയകാലത്തെ അഞ്ചുദിവസം

കളക്ടര്‍ അനുപമയോടൊപ്പം പ്രളയകാലത്ത് അഞ്ചുദിവസം വീട്ടില്‍ പോകാതെ, രാപകലില്ലാതെ ജോലിചെയ്തതാണ് സത്യന്റെ ഓര്‍മകളുടെ ജലനിരപ്പിന്റെ തുഞ്ചത്ത് നില്‍ക്കുന്നത്. 'ആ സമയത്ത് വല്ലാത്ത ടെന്‍ഷന്‍ ആയിരുന്നു. രാത്രിയെന്നോ പകലെന്നോ ഇല്ലാതെ മീറ്റിങ്ങുകള്‍, ഫോണ്‍വിളികള്‍... തൃശ്ശൂരിലെ മന്ത്രിമാരുമായുള്ള യോഗമൊക്കെ മിക്കപ്പോഴും രാത്രി 10-11 മണി കഴിഞ്ഞിട്ടാകും. ഇടയ്ക്ക് എന്നോട് പറയും പോയ് കിടന്നുറങ്ങിക്കോയെന്ന്. മാഡം ഭക്ഷണം പോലും കഴിക്കാതെ ജോലിചെയ്യുന്നത് കണ്ടിട്ടുണ്ട്...'

രാജുനാരായണസ്വാമിയുടെ 'കുഞ്ഞ്'

daffedar
ഡഫേദാര്‍ കെ.പി സത്യന്‍, വിരമിക്കുന്ന സത്യന്‍ തന്റെ
യൂണിഫോമിലെ ചുവന്ന ക്രോസ് പുതിയ ഡഫേദാര്‍ സി.കെ ജോഷിക്ക് കൈമാറിയപ്പോള്‍ 

രാജുനാരായണസ്വാമിയായിരുന്നു 1998-99 കാലത്ത് തൃശ്ശൂരിന്റെ കളക്ടര്‍. ആ സമയത്ത് കളക്ടറുടെ ചേംബറില്‍ ജോലിചെയ്തിരുന്ന സത്യനെ 'കുഞ്ഞേ...' എന്നായിരുന്നു അദ്ദേഹം വിളിച്ചിരുന്നത്. കുറച്ചു കഴിഞ്ഞ് മടിച്ചുമടിച്ചാണെങ്കിലും സത്യന്‍ അദ്ദേഹത്തോട് പറഞ്ഞു... 'സാറിന് എന്നേക്കാള്‍ പ്രായം കുറവല്ലേ... അപ്പോ ഈ കുഞ്ഞേ വിളി...' ശീലിച്ചുപോയില്ലേ, ഇനി മാറ്റാന്‍ ബുദ്ധിമുട്ടാണെന്നായിരുന്നു സ്വാമിയുടെ മറുപടി. മറ്റൊരു കളക്ടറായിരുന്ന പി.ബി. സിദ്ധാര്‍ഥന്‍ 'അനിയാ' എന്നാണ് സത്യനെ വിളിച്ചിരുന്നത്.

ഇപ്പോഴും വിളിക്കുന്ന എം.എസ്. ജയ

സ്ഥലംമാറിപ്പോയെങ്കിലും കളക്ടര്‍മാരില്‍ ചിലര്‍ ഇപ്പോഴും വിളിച്ച് സത്യന്റെ വിശേഷമന്വേഷിക്കാറുണ്ട്. തൃശ്ശൂര്‍ കളക്ടറായിരുന്ന ഇപ്പോഴത്തെ സപ്ലൈകോ സി.എം.ഡി. എം.എസ്. ജയ ഇടയ്ക്ക് വിളിച്ച് വിശേഷമന്വേഷിക്കാറുണ്ടെന്ന് സത്യന്‍ പറയുന്നു. 'രണ്ടുദിവസം മുന്നേ വിളിച്ചു. ഞാന്‍ വിരമിക്കുന്ന ദിവസം മാഡവും വിരമിക്കുകയാണ്...'

കളക്ടറായിരുന്ന കെ.എസ്. പ്രേമചന്ദ്രക്കുറുപ്പ്, കളക്ടറുടെ കോണ്‍ഫിഡെന്‍ഷ്യല്‍ അസിസ്റ്റന്റ് ആയ എം.കെ. രമേശന്‍, എ.ഡി.എം. ആയിരുന്ന സി.വി. സജന്‍ എന്നിവരൊക്കെ തന്നെ വ്യക്തിപരമായിപ്പോലും സഹായിച്ചിട്ടുണ്ടെന്ന് സത്യന്‍ പറയുന്നു.

കളക്ടര്‍മാര്‍ക്ക് 'പ്രസാദം' നല്‍കുന്ന ഡഫേദാര്‍

പെരുമാറ്റത്തിലൂടെ മാത്രമല്ല സത്യന്‍ കളക്ടര്‍മാരെ പ്രസാദമുള്ളവരാക്കുന്നത്. നിത്യേന ക്ഷേത്രദര്‍ശനം നടത്തുന്നയാളായതിനാല്‍ താത്പര്യമുള്ള കളക്ടര്‍മാര്‍ക്ക് അമ്പലത്തിലെ പ്രസാദവും നല്‍കും. ഇപ്പോഴത്തെ കളക്ടര്‍ അനുപമയ്ക്ക് പഴനിയിലെ പഞ്ചാമൃതം ഇഷ്ടമാണ്. ഇടയ്ക്ക് പഴനിയില്‍ പോകുന്ന സത്യന്‍ കളക്ടറുടെ ഓഫീസില്‍ പ്രത്യക്ഷപ്പെടുക പഞ്ചാമൃതവുമായിട്ടായിരിക്കും. എം.എസ്. ജയയ്ക്കും എ. കൗശിഗനുമെല്ലാം ശബരിമലയിലെ പ്രസാദം നല്‍കുമായിരുന്നു.

സൈക്കിള്‍ യാത്ര

മൂന്നരപ്പതിറ്റാണ്ടിന്റെ ജോലിക്കാലത്ത് സൈക്കിളായിരുന്നു സത്യന്റെ മയില്‍വാഹനം. ഏഴു സൈക്കിളുകള്‍ മാറിമാറി ഉപയോഗിച്ചു. എല്ലാം 'ഹീറോ' സൈക്കിളുകള്‍. അതേക്കുറിച്ച് പറയുന്നതിങ്ങനെ: 'രാവിലെ അഞ്ച് അമ്പലങ്ങളിലെങ്കിലും പോയിട്ടാണ് ഓഫീസിലെത്തുക. അതിന് സൗകര്യം സൈക്കിളാണ്. പിന്നെ തിരിച്ച് ഓഫീസില്‍ നിന്നിറങ്ങുക ചിലപ്പോള്‍ രാത്രിയിലാകും. വണ്ടികിട്ടാതെ വിഷമിക്കേണ്ടല്ലോ...' ഇന്ധനവിലയും ഹര്‍ത്താലുമൊന്നും ബാധിക്കാതെ സൈക്കിള്‍ സത്യനെ മൂന്നരപ്പതിറ്റാണ്ട് സേവിച്ചു. സൂര്യകലയാണ് ഭാര്യ.

പുതിയ ഡഫേദാര്‍ ഇതാ

സത്യന്‍ വിരമിക്കുമ്പോള്‍ തൃശ്ശൂരിനൊരു പുതിയ ഡഫേദാറുണ്ട്, ചെന്ത്രാപ്പിന്നിക്കാരനായ സി.കെ. ജോഷി. കൊടുങ്ങല്ലൂര്‍ താലൂക്കിലെ ഓഫീസ് അറ്റന്‍ഡന്റ് ആയ ജോഷി 23 വര്‍ഷത്തെ സേവനത്തിന് ശേഷമാണ് ഡഫേദാറാകുന്നത്. ഇനി പത്തുവര്‍ഷം തൃശ്ശൂര്‍ കളക്ടറുടെ നിഴലായി ജോഷിയുണ്ടാകും. തന്റെ ഔദ്യോഗിക ചിഹ്നമായ സ്വര്‍ണക്കസവുള്ള ചുവന്ന ക്രോസ്ബെല്‍റ്റ് ജോഷിക്ക് കൈമാറിയാണ് സത്യന്റെ മടക്കം.

Content Highlights: daffedar sathyan retirement after 35 years of service, thrissur collectorate, collector tv anupama IAS