പ്രായമായ അച്ഛന് സുഖമില്ലെന്നറിഞ്ഞ് ഒറ്റരാത്രികൊണ്ട് വിദേശത്തുനിന്ന് എത്തേണ്ടിവന്നു, ശരത് ശങ്കറിന്. ഒരു മരുന്നിനായി തൃശ്ശൂര്‍ ജില്ലയിലെ മുഴുവന്‍ മെഡിക്കല്‍ഷോപ്പിലും കയറിയിറങ്ങി. അത് 2018-ല്‍.... ഇന്ന് ഇതിനെല്ലാം പരിഹാരമുണ്ട്. ഒരു സംരംഭം വികസിപ്പിച്ചു, മൂര്‍ക്കനിക്കരക്കാരനായ ഈ 31-കാരന്‍. കോവിഡ്കാലത്ത് തൊഴില്‍ നഷ്ടപ്പെട്ടവരും അല്ലാത്തവരുമായവരെ കണ്ടെത്തിയാണ് ആതുരസേവന ഓണ്‍ലൈന്‍ പ്ലാറ്റ് ഫോം വികസിപ്പിച്ചത്. ഇതുവഴി 65 പേര്‍ക്ക് നേരിട്ട് തൊഴില്‍ നല്‍കാനായി. 

'ക്യൂവര്‍ ഷോപ്പ്' എന്ന ആപ്ലിക്കേഷനിലധിഷ്ഠിതമായ സംരംഭത്തിന്റെ പ്രത്യേകത ഇതുമാത്രമല്ല. നാട്ടിലുള്ള പ്രായമായ മാതാപിതാക്കളെയോര്‍ത്ത് നെഞ്ചെരിയുന്ന ആയിരക്കണത്തിന് പ്രവാസികള്‍ക്ക് ആശ്വാസവുമാണ് ഇന്നിത്.  തലവേദനയ്ക്കുള്ള ഗുളിക വീടുകളിലെത്തിക്കുന്നതുമുതല്‍ പ്രായമായവരെയും കിടപ്പുരോഗികളെയും ആശുപത്രിയിലെത്തിക്കുന്ന സേവനം വരെ ലഭ്യമാക്കുന്ന ആപ്പാണിവര്‍ വികസിപ്പിച്ചത്. കേരള സ്റ്റാര്‍ട്ടപ്പ് മിഷനില്‍ രജിസ്റ്റര്‍ചെയ്ത ഈ സംരംഭം അബുദാബി സര്‍ക്കാര്‍ സ്റ്റാര്‍ട്ടപ്പ് ഇന്നവേഷനായി അംഗീകരിച്ചു.

പ്രായമായവരെ വീട്ടിലെത്തി ആംബുലന്‍സില്‍ക്കയറ്റി അവര്‍ക്കിഷ്ടപ്പെട്ട ആശുപത്രിയില്‍ അവര്‍ ആഗ്രഹിക്കുന്ന ഡോക്ടറുടെ സേവനം ഈ ആപ്പിലൂടെ ലഭ്യമാണ്. സഹായിയെയും കൂടെ നിയോഗിക്കും. ഇതിനായി കേരളത്തിലെ ഭൂരിപക്ഷം ആശുപത്രികളുമായി ധാരണയിലെത്തി. വരിനില്‍ക്കാതെ ഡോക്ടറെ കാണാനുള്ള സേവനവും ആപ്പിലൂടെ ലഭ്യമാണ്.

മരുന്നുകള്‍ വിലക്കിഴിവില്‍ നല്‍കുന്നതിനായി 1000-ത്തില്‍പ്പരം മെഡിക്കല്‍ സ്റ്റോറുകളുമായി ധാരണയുണ്ടാക്കിയിട്ടുണ്ട്. അവശ്യക്കാര്‍ക്ക് മരുന്നെത്തിച്ചുനല്‍കുന്നതിന് ജീവനക്കാരെയും നിയോഗിച്ചിട്ടുണ്ട്. ചെറിയ ഫീസാണ് ഇതിനായി ഈടാക്കുക. വീടുകളിലെത്തിയുള്ള പരിചരണത്തിന് പാക്കേജാണ് തയ്യാറാക്കിയിരിക്കുന്നത്. ഹ്രസ്വകാല- ദീര്‍ഘകാല പാക്കേജുകളുണ്ട്.

യോഗ,ആയുര്‍വേദ ചികിത്സ, നേത്രചികിത്സ, ഇ.എന്‍.ടി. കോവിഡ് കെയര്‍, ബേബി കെയര്‍, പേഴ്സണല്‍ കെയര്‍, പെറ്റ് കെയര്‍, എല്‍ഡേര്‍ലി കെയര്‍, ഫസ്റ്റ് എയ്ഡ് തുടങ്ങി വിവിധ ശ്രേണികളിലെ ചികിത്സകള്‍ സംയോജിപ്പിച്ച സേവനമാണിത്. വിദേശങ്ങളിലുള്ളവരാണ് കൂടുതലായും നാട്ടിലുള്ള മാതാപിതാക്കളുടെ ആരോഗ്യസംരക്ഷണത്തിനായി അവലംബിക്കുന്നത്. മറ്റ് സംസ്ഥാനങ്ങളിലും മറ്റ് രാജ്യങ്ങളിലും സംരംഭം ആരംഭിക്കാനുള്ള നീക്കത്തിലാണ് ഈ യുവസംരംഭക കൂട്ടായ്മ.

content highlights: cure shop- application to provide health care facilities to oldage people