പാലോട്‌: വരകളും വര്‍ണങ്ങളും ഇഴചേരുമ്പോള്‍ ഇവിടെ ഭാഷയും അതിര്‍ത്തികളും ഒന്നാകുന്നു. ബിഹാറിന്റെ തനതു പാരമ്പര്യമായ മധുബനിയും ആന്ധ്രയിലെ ചെറിയാല്‍ ചിത്രകലാപാരമ്പര്യവും ചെറ്റച്ചല്‍ ജവഹര്‍ നവോദയ വിദ്യാലയത്തിലെ ചുവരുകളില്‍ വര്‍ണക്കൂട്ടൊരുക്കുന്നു.

ഭാഷയ്ക്കപ്പുറമുള്ള കലാസമ്പ്രദായം ഇവിടെ സമന്വയിക്കുകയാണ്. സൗഹൃദത്തിന്റെ വര്‍ണങ്ങള്‍ ചാലിച്ച് കുട്ടികള്‍ തീര്‍ത്തത് എണ്‍പതടിയോളം നീളമുള്ള ചുവര്‍ച്ചിത്രങ്ങളാണ്. പള്ളിക്കൂടത്തോടനുബന്ധിച്ചുള്ള ഭോജനാലയത്തിന്റെ ഭിത്തിയാണ് ഇവര്‍ വരകള്‍ക്കായി തിരഞ്ഞെടുത്ത നെടുനീളന്‍ കാന്‍വാസ്. നേരത്തെ പുറത്തെ ഭിത്തിയും സ്‌കൂള്‍ ചുവരുകളും ഇവര്‍ ചിത്രങ്ങള്‍ കൊണ്ട് മനോഹരമാക്കിയിരുന്നു.

ആറു മുതല്‍ പതിനൊന്നാം ക്ലാസ് വരെയുള്ള 350 വിദ്യാര്‍ഥികളാണ് ഈ നീണ്ട യജ്ഞത്തില്‍ പങ്കാളികളായത്. പഠനസമയത്തെ തെല്ലും ബാധിക്കാതെ ഒഴിവുസമയവും അവധിദിനങ്ങളും പരമാവധി പ്രയോജനപ്പെടുത്തി രണ്ടുമാസം കൊണ്ടാണ് ചിത്രംവര പൂര്‍ത്തിയാക്കിയത്. വിവിധ നിറങ്ങളിലുള്ള എമല്‍ഷെന്‍ എക്സ്റ്റീരിയര്‍ പെയിന്റുകളാണ് വരയ്ക്കാന്‍ തിരഞ്ഞെടുത്തത്. മിനുസപ്പെടുത്തിയ ചുമരില്‍ ആദ്യം ഔട്ട് ലൈന്‍. പോരായ്മകള്‍ തിരുത്തി ചിത്രത്തില്‍ മാറ്റങ്ങള്‍. കലാധ്യാപകന്റെ വിദഗ്ധ ഉപദേശം. ഇങ്ങനെ പടിപടിയായിട്ടാണ് ചിത്രമെഴുത്ത് പുരോഗമിച്ചത്.

നവോദയ വിദ്യാലയത്തില്‍ പുതുതായെത്തിയ ചിത്രകലാധ്യാപകന്‍ ഡോ. എ.ആര്‍.വിനോദിന്റെ പരിശീലനത്തിലായിരുന്നൂ കൂറ്റന്‍ കാന്‍വാസിലെ ചിത്രരചന. ഭാരതത്തിലെ ചിത്രകലാ സമ്പ്രദായങ്ങള്‍ക്കൊപ്പം ഈജിപ്ഷ്യന്‍ മാതൃകകളെയും വിദ്യാര്‍ഥികള്‍ അനുഗമിക്കുന്നുണ്ട്. ഭോജനാലയത്തിന്റെ കവാടഭിത്തിയില്‍ വരച്ചിട്ടുള്ള ടൂടാന്‍ഖാമന്റെ വലിയ ചിത്രം ഇതിനുദാഹരണമാണ്.

content highlights: chettachal navodaya vidyalaya students painting