ഒരു ഇറച്ചിവെട്ടുകാരൻ വളർത്തിയ കുതിരയുടെ കഥയാണിത്. പുഴുവരിച്ചുള്ള മരണത്തിൽനിന്ന് ജീവിതം തിരിച്ചുകിട്ടിയ കുതിരയുടെ കഥ. ചോരപൊടിയുന്ന വ്രണവുമായി നിലത്തുകുത്താൻ പോലും കഴിയാത്ത കാലുമായി എത്തി ഒരു നാടിന്റെ താരമായി മാറിയിരിക്കുകയാണ് ഇന്ന് ഈ കുതിര

haneefa
ഹനീഫ കുതിരയുമായി

റുക്കാൻ പോത്തുകളെ വാങ്ങാനാണ് കാഞ്ഞങ്ങാട് ആവിയിൽ ബിലാൽ മീറ്റ്സ്റ്റാൾ ഉടമ ആവിയിൽ ഹനീഫ അന്ന് ബദിയഡുക്കയിൽ എത്തിയത്. കുംബഡാജെയിലെ മമ്മദിന്റെ വീട്ടുപറമ്പിൽ കിടക്കുന്ന കുതിരക്കുട്ടിയിൽ അദ്ദേഹത്തിന്റെ കണ്ണുടക്കി. വ്രണം വന്ന് കാൽ നിലത്ത് കുത്താനാകാതെ എല്ലും തോലുമായി കിടന്ന ആൺകുതിരയെ ഹനീഫ കാഞ്ഞങ്ങാട്ടേക്ക് കൊണ്ടുവന്നു. അങ്ങനെ, കൊല്ലാനാണോ വളർത്താനാണോ എന്നറിയാതെ പോത്തുകൾക്കൊപ്പം ലോറിയിൽ കുതിരക്കുട്ടി കാഞ്ഞങ്ങാട്ടെത്തി.  

മെലിഞ്ഞ് എല്ലുന്തിയ കോലാടിനെ പോലുള്ള കുതിരയെ കണ്ടവർ ഹനീഫയെ കളിയാക്കി. 'കുയിച്ചിടാനോ ഈനെ കൊണ്ടന്നത്' എന്ന് പലരും ചോദിച്ചു.  പെട്രോൾ ഒഴിച്ച് കാലിലെ മുറിവിൽ നിന്ന് പുഴുക്കളെ കൊല്ലുകയാണ് ഹനീഫ ആദ്യം ചെയ്തത്. പിന്നെ മൃഗഡോക്ടറെ കാണിച്ച് മരുന്ന് പുരട്ടിത്തുടങ്ങി. നല്ല ഭക്ഷണം കൊടുത്തു. ദിവസങ്ങൾക്കുള്ളിൽ മുറിവുണങ്ങി. ജീവൻ തിരിച്ചുകൊടുത്ത ഹനീഫയോട് കുതിര ഇണങ്ങി. 

ഇന്ന് ഹനീഫയെ ദൂരത്തെവിടെ കണ്ടാലും കുതിര പ്രത്യേക ശബ്ദം ഉണ്ടാക്കി വിളിക്കും. ഹനീഫ വിളിച്ചാൽ ഏത് വാഹനത്തിൽ കയറാനും കുതിരയ്ക്ക് മടിയില്ല. ഒരുപ​േക്ഷ അതറിയുന്നുണ്ടാകും, കൊലക്കത്തിക്കു മുന്നിലേക്ക് ഹനീഫ തന്നെ കൊണ്ടുപോകില്ലെന്ന്. ഇപ്പോൾ കുതിരയ്ക്ക് മൂന്നുവയസ്സായെന്നാണ് ഹനീഫയുടെ കണക്ക്. ചാരനിറത്തിലുള്ള കുഞ്ചിരോമവും വെളുത്ത വാലും കാറ്റിൽ പറത്തി ആവിയിൽ ഹനീഫയുടെ പറമ്പിൽ തലയുയർത്തി വളരുകയാണ് കുതിര. 

ഇന്ന് കുതിരയെ വാങ്ങാൻ വിലപറഞ്ഞ് വരുകയാണ് പണ്ട് കളിയാക്കിയവരിൽ പലരും എന്ന് ഹനീഫ പറയുന്നു. മൈസൂരുവിൽനിന്നാണ് മമ്മദ് കുതിരക്കുട്ടിയെ വാങ്ങിയത്. കുംബഡാജെയിലെ പാറക്കല്ലുകളിൽ തട്ടിയാണ് കുതിരയുടെ കാലിൽ വ്രണം വന്നതെന്നാണ് ഹനീഫയുടെ അഭിപ്രായം. ആവിയിലെ മണൽ അസുഖം മാറാനുള്ള ഒരു കാരണമാണെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.

അരുമയെപ്പോലെ വീട്ടുകാർക്കൊപ്പം

പുല്ലും കാലിത്തീറ്റയുമാണ് കുതിരയുടെ പ്രധാന ഭക്ഷണം. ഹനീഫയുടെ ഭാര്യ മിസിറിയക്കും കുതിര ഇപ്പോൾ പ്രിയപ്പെട്ടതാണ്. സമയത്ത് ഭക്ഷണം നൽകുന്നതിന് അവരും ശ്രദ്ധിക്കുന്നു. നീലേശ്വരത്തെ സ്വന്തം പറമ്പിൽ മേയ്ക്കുന്നതിന് കുതിരയെ ഹനീഫ കൊണ്ടുപോകാറുണ്ട്. ഇറച്ചിമാടുകളെ കയറ്റിക്കൊണ്ടുപോകുന്ന വാഹനത്തിലാണ് അവിടേക്കുള്ള യാത്ര. ഇന്ന് പൂർണ ആരോഗ്യവാനാണ് കുതിര. നാട്ടിലെ കുട്ടികൾക്കെല്ലാം കളിക്കൂട്ടുകാരനുമാണവൻ. എന്നാൽ, മുതിർന്നവരുമായി അധികം കൂട്ടില്ല. 

അടുത്തയിടെ നാട്ടിൽ നടന്ന ഘോഷയാത്രയിൽ ഹനീഫയുടെ കുതിരയായിരുന്നു മുഖ്യ ആകർഷണം. സാധാരണ കുതിരയ്ക്ക് നൽകാറുള്ള പരിശീലനമൊന്നും ഇതിന് നാളിതുവരെ നൽകിയിട്ടില്ല. പശുവിനെപ്പോലെയാണ് ഹനീഫയുടെ വീട്ടിൽ ഇത് വളരുന്നത്. പന്തയക്കുതിരയെപ്പോലെ മനുഷ്യരെ മുകളിൽ കയറ്റി ഓടാനും നിൽക്കാനും അവനറിയില്ല. ഹനീഫയുടെ കുടുംബ സംഗമം അടുത്തയിടെ നീലേശ്വരത്തെ തറവാട്ടിൽ നടന്നിരുന്നു. അവിടെ അതിഥികൾക്ക് മുന്നിൽ താരമായിരുന്നു കുതിരയെന്നും ഹനീഫ പറയുന്നു.