ishtamaram challenge
വൃക്ഷ സംരക്ഷണ പദ്ധതിയായ 'ഇഷ്ടമരം ചലഞ്ചി'ന് തുടക്കം കുറിച്ച് ഈസ്റ്റ് മാറാടി ഇടമലപ്പട്ടയിലെ രമ്യയും ജിതിനും വിവാഹദിവസം വൃക്ഷത്തൈ നടുന്നു

മൂവാറ്റുപുഴ: രമ്യയും ജിതിനും പരസ്പരം ജീവിതത്തില്‍ തണലാകാന്‍ തീരുമാനിച്ചപ്പോള്‍ ഈ മണ്ണിനും ഒരു തണല്‍ സമ്മാനിച്ചു. 'ജീവിതത്തിലെ സന്തോഷനിമിഷങ്ങളില്‍ ഒരു വൃക്ഷത്തൈ നടൂ, അത് ഈ ജന്മത്തിന്റെ ഭൂമിയിലെ അടയാളമായി നില്‍ക്കട്ടെ' എന്ന സന്ദേശവുമായി മൂവാറ്റുപുഴ മാറാടിയില്‍ തുടങ്ങിയ ഇഷ്ടമരം ചലഞ്ചിന്റെ തുടക്കമായിരുന്നു അത്.

മിന്നുകെട്ടി പരസ്പരം കൈപിടിച്ചതിനു പിന്നാലെ ഇരുവരും ചേര്‍ന്ന് ഒരു വൃക്ഷത്തൈ നട്ടു. വധൂവരന്‍മാര്‍ക്ക് മുന്‍ പഞ്ചായത്തംഗം ബാബു തട്ടാര്‍കുന്നേല്‍ റംബൂട്ടാന്‍ തൈ നല്കി. വീട്ടുമുറ്റത്ത് ഇരുവരും ചേര്‍ന്ന് വൃക്ഷത്തൈ നട്ടു, നനച്ചു. ഇതോടെ ഇഷ്ടമരം ചലഞ്ചിന്റെ ഉദ്ഘാടനവുമായി.

ജന്മദിനം, വിവാഹം, വിവാഹ വാര്‍ഷികം, മറ്റ് വിശേഷ ദിവസങ്ങള്‍ തുടങ്ങിയവ എന്നും ഓര്‍മിക്കാനും ഒപ്പം ഭൂമിക്ക് തണലാകാനും ഒരു വൃക്ഷത്തൈ നടുന്ന വൃക്ഷ സംരക്ഷണ പദ്ധതിയാണ് ഇഷ്ടമരം ചലഞ്ച്. മികച്ച പരിസ്ഥിതി പ്രവര്‍ത്തകനുള്ള 'നന്മമരം' സംസ്ഥാന അവാര്‍ഡ് ജേതാവുകൂടിയായ ബാബു തട്ടാര്‍കുന്നേലിന്റെ നേതൃത്വത്തിലാണ് ചലഞ്ച്.

മാറാടി പഞ്ചായത്ത് എട്ടാം വാര്‍ഡിലെ ഇടമലപ്പട്ട ഉന്നക്കുപ്പ പുത്തന്‍പുര വീട്ടില്‍ രാജുവിന്റെയും അമ്മിണിയുടെയും മകള്‍ രമ്യയും നടുക്കര ഇഞ്ചക്കാലയില്‍ രാജുവിന്റെയും ലീലയുടെയും മകന്‍ ജിതിനുമായുള്ള വിവാഹംദിവസംതന്നെ ചലഞ്ചിന് തുടക്കം കുറിക്കാന്‍ തീരുമാനിക്കുകയായിരുന്നു. വിവാഹദിവസം വീട്ടുമുറ്റത്ത് ഒരു വൃക്ഷത്തൈ നട്ടതില്‍ അഭിമാനമുണ്ടെന്ന് വധൂവരന്‍മാര്‍ പറഞ്ഞു. 

ഈസ്റ്റ് മാറാടി സര്‍ക്കാര്‍ വി.എച്ച്.എസ്. സ്‌കൂളിലെ നാഷണല്‍ സര്‍വീസ് സ്‌കീം പ്രോഗ്രാം ഓഫീസര്‍ സമീര്‍ സിദ്ദീഖി, മുന്‍ വാര്‍ഡംഗം വത്സല ബിന്ദുക്കുട്ടന്‍, അധ്യാപകരായ രാജേഷ് കെ.ആര്‍., വിനോദ് ഇ.ആര്‍. തുടങ്ങിയവരും പങ്കെടുത്തു. ജീവിതത്തിലെ വിശേഷദിവസങ്ങളില്‍ വൃക്ഷത്തൈകള്‍ നട്ട് ഈ ചലഞ്ചിന്റെ ഭാഗമാകാന്‍ താത്പര്യമുള്ളവര്‍ക്ക് 9747232744 എന്ന വാട്സ് ആപ്പ് നമ്പരില്‍ തൈ നടുന്ന ഫൊട്ടോയെടുത്ത് അയയ്ക്കാം.

content highlights: bride and groom plants tree sapling on wedding day