ചേർപ്പ്: ബിഹാറുകാരനായ കുന്ദൻ കുമാറിന് (14) അധ്യാപിക മാത്രമല്ല, അമ്മകൂടിയാണ് കോടന്നൂർ സെയ്ന്റ് ആന്റണീസ് യു.പി. സ്കൂളിലെ പ്രധാനാധ്യാപികയായ സ്മിതാ സെബാസ്റ്റ്യൻ. അമ്മയെന്നാണ് കുന്ദൻ വിളിക്കുക. തിരിച്ച് മോനേ എന്നും. "എനിക്ക് രണ്ട് പെൺമക്കൾ ആണുള്ളത്. പിറക്കാതെപോയ മകനാണ് കുന്ദൻ" എന്ന് സ്മിത പറയുന്നു.

ബിഹാർ സ്വദേശിയായ രാംലോചൻ ടാക്കൂറിന്റെയും ബിന്ദുവിന്റെയും മകനാണ് കുന്ദൻ . കോടന്നൂരിൽ മരക്കമ്പനി തൊഴിലാളിയാണ് രാംലോചൻ. അൽപ്പം കുറുമ്പ് കാട്ടിയപ്പോഴാണ് കുന്ദനെ സ്മിത ആദ്യം ശ്രദ്ധിച്ചതും കൂടുതൽ അറിയുന്നതും. അത് ഒരു ആത്മബന്ധമായി വളർന്നു. ഫുട്ബോൾ, ചിത്രംവര, കരകൗശലം, ഫോട്ടോഗ്രാഫി എന്നിവയിൽ വലിയ താത്‌പര്യം കാണിച്ചിരുന്നു അവൻ. പ്രവൃത്തിപരിചയമേളയിൽ സമ്മാനങ്ങൾ വാങ്ങിയിട്ടുണ്ട്. തൃശ്ശൂർ റെഡ്സ്റ്റാർ ഫുട്ബോൾ ടീമിൽ അംഗമാണ്. കുന്ദന് പുതിയ പന്തും ബൂട്ടും വാങ്ങിക്കൊടുത്തത് ടീച്ചറമ്മയാണ്. ഇഷ്ടപ്പെട്ട വസ്ത്രങ്ങൾ നൽകി. ഭക്ഷണം നൽകി. സിനിമകൾ കാണിച്ചുകൊടുത്തു. പുഴയ്ക്കലിലെ കെട്ടിടത്തിനു മുകളിൽ കൊണ്ടുപോയി നഗരക്കാഴ്ചകൾ കാണിച്ചുകൊടുത്തു. മൊബൈൽഫോൺ വാങ്ങിക്കൊടുത്തു. അത് മിതമായും ശ്രദ്ധയോടെയും ഉപയോഗിക്കാൻ പഠിപ്പിച്ചു.

Pencil drawing
കുന്ദൻ കുമാർ പെൻസിൽ കൊണ്ട് വരച്ച
അധ്യാപികയുടെ ചിത്രം

"കുന്ദനെ അവന്റെ മാതാപിതാക്കൾ നന്നായി നോക്കുന്നുണ്ട്. എന്നാൽ, കഴിയാവുന്ന സഹായങ്ങളും ഞാൻ നൽകുന്നു എന്നു മാത്രം. എന്റെ വീട്ടിലേക്ക് മോനെ കൂട്ടിക്കൊണ്ടുപോയിട്ടുണ്ട്. എന്റെ ബന്ധുക്കൾക്കൊപ്പവും അവനെയും കൂട്ടി യാത്ര ചെയ്തിട്ടുണ്ട്. അവന്റെ വീട്ടിലേക്കും പോകാറുണ്ട്.” ടീച്ചർ പറഞ്ഞു.

ലോക്ഡൗൺ കാലത്ത് കുന്ദൻ നിരവധി ചിത്രങ്ങൾ വരച്ചു. കരകൗശലസാധനങ്ങൾ നിർമ്മിച്ചു. വേണ്ട സാധനങ്ങൾ നൽകിയും സൃഷ്ടികൾ ഫേസ്ബുക്കിൽ ഇട്ടും സ്മിത പ്രോത്സാഹിപ്പിച്ചു. പെൻസിലിൽ വരച്ച മുഖചിത്രം അടക്കം കുറേ സൃഷ്ടികൾ ടീച്ചർക്ക് സമ്മാനമായി നൽകി. സമയം കിട്ടുമ്പോഴെല്ലാം കുന്ദനെ മലയാളം പഠിപ്പിച്ചു."അമ്മയെന്നും മകനെന്നും ഉള്ള വിളികൾ കേട്ട് ഞങ്ങൾ ശരിക്കും അമ്മയും മകനുമാണോയെന്ന് തെറ്റിദ്ധരിക്കുന്നവർ ഉണ്ട്. അതൊന്നും ഞാൻ തിരുത്താറില്ല"-കുന്ദൻ പറഞ്ഞു.