തൃശ്ശൂർ: ഷഹാന രാഗത്തിലുള്ള വർണം പാടിക്കൊണ്ട് പൂജാ രമേഷ് കച്ചേരി തുടങ്ങിയപ്പോൾ വഴിമാറിക്കൊടുത്തത് അവളെ ജീവിതത്തിൽ തോൽപ്പിക്കാൻ നോക്കിയ ഓട്ടിസമായിരുന്നു. തില്ലാനയടക്കം 11 ഇനങ്ങൾ പാടി അവസാനിപ്പിച്ചപ്പോൾ സദസ്സിൽനിന്നുയർന്ന കരഘോഷവും പൂജയുടെ വിജയത്തെ ശരിവെച്ചു.

മൈലിപ്പാടം ചേതന മ്യൂസിക് കോളേജിൽ നടന്ന അരങ്ങേറ്റത്തിലാണ് പൂജ  ആസ്വാദകരെ വിസ്മയിപ്പിച്ചത്. ചേതനയിൽനിന്ന് ബി.എ. മ്യൂസിക് പൂർത്തിയാക്കിയ പൂജയ്ക്ക് ഒന്നര വയസ്സിലാണ് ഓട്ടിസമാണെന്ന് തിരിച്ചറിഞ്ഞത്. സംഗീതം മകളിലുണ്ടാക്കിയ മാറ്റങ്ങൾ മനസ്സിലാക്കിയ മാതാപിതാക്കളായ വി.എസ്. രമേശനും എ.ആർ. സുജാതയും പൂജയെ പാട്ടിന്റെ ലോകത്തേക്ക് വഴികാണിക്കുകയായിരുന്നു. കച്ചേരിക്ക് ബി. രഘു (വയലിൻ), ശ്രീദേവ് ശ്രീനിവാസ് (മൃദംഗം), ആലുവ ആർ. രാജേഷ് (ഘടം) എന്നിവർ പക്കമേളമൊരുക്കി.

അരങ്ങേറ്റത്തിന്റെ ഭാഗമായി നടന്ന ആദരണച്ചടങ്ങ് ഏങ്ങണ്ടിയൂർ എം.ഐ. ആശുപത്രി ഡയറക്ടർ ഫാ.ഡോ. ഫ്രാൻസിസ് ആലപ്പാട്ട് ഉദ്ഘാടനം ചെയ്തു. ദേവമാതാ പ്രൊവിൻഷ്യൽ ഫാ.വാൾട്ടർ തേലപ്പിള്ളി അധ്യക്ഷനായി. പൂജയുടെ സംഗീതാധ്യാപകരായിരുന്ന ഡോ.കൃഷ്ണ ഗോപിനാഥ്, കലാ പരശുറാം, റിസോഴ്‌സ് അധ്യാപിക പി.കെ. രമാദേവി എന്നിവരെ ആദരിച്ചു. ചേതന മ്യൂസിക് കോളേജ് പ്രിൻസിപ്പൽ ഫാ.ഡോ. പോൾ പൂവത്തിങ്കൽ, അധ്യാപകൻ ദേശമംഗലം നാരായണൻ നമ്പൂതിരി, പൂജയുടെ അച്ഛൻ വി.എസ്. രമേശൻ തുടങ്ങിയവർ പ്രസംഗിച്ചു.

content highlights: Autistic girl Pooja Ramesh from Thrissur performs classical music