കള്‍ ഒന്നര വയസ്സുകാരി മഹാലക്ഷ്മിയെ ഡോക്ടര്‍ ലക്ഷ്മിപ്രിയ കണ്ടിട്ട് നാളുകള്‍ ഏറെയായി. മകളും തന്റെ മാതാപിതാക്കളും താമസിക്കുന്ന വീടിനു തൊട്ടടുത്തുള്ള ഔട്ട് ഹൗസിലാണ് ലക്ഷ്മിപ്രിയ ഇപ്പോള്‍ താമസിക്കുന്നത്. എന്നാല്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ജില്ലാ കളക്ടര്‍ കൂടി ആയതിനാല്‍ കുഞ്ഞിന്റെ അരികിലേക്ക് ഇപ്പോള്‍ പോകണ്ടെന്നാണ് ഡോ.ലക്ഷ്മിപ്രിയയുടെ തീരുമാനം.

Dr. Lakshmipriyaഅസമിലെ ബൊംഗൈ ഗാവ് ജില്ല കളക്ടറാണ് കോട്ടയം സ്വദേശിയായ ഡോ. എം.എസ്. ലക്ഷ്മിപ്രിയ. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍നിന്ന് എം.ബി.ബി.എസ്. പഠനം പൂര്‍ത്തിയാക്കിയ ശേഷം സിവില്‍ സര്‍വീസിലേക്ക് തിരിയുകയായിരുന്നു. 2014 അസം കേഡര്‍ ഐ.എ.എസ്. ഓഫീസറായ ലക്ഷ്മിപ്രിയ നിലവില്‍ ബൊംഗൈ ഗാവ് ജില്ലയുടെ ചുമതലയാണ് വഹിക്കുന്നത്. ബൊംഗൈ ഗാവ് ജില്ലയിലെ കോവിഡ് പ്രതിരോധത്തെ കുറിച്ച് ലക്ഷ്മിപ്രിയ സംസാരിക്കുന്നു.

കൂടുതലായും രോഗം സ്ഥിരീകരിച്ചിരിക്കുന്നത് ജോലിക്കായി ഇതരസംസ്ഥാനങ്ങളില്‍ പോയി മടങ്ങിയെത്തിയവരിലാണെന്നും വളരെ നന്നായി ആസൂത്രണം ചെയ്ത സമീപനമാണ് അസം സര്‍ക്കാര്‍ കോവിഡ് പ്രതിരോധത്തിനായി സ്വീകരിച്ചിരിക്കുന്നതെന്നും ലക്ഷ്മിപ്രിയ പറയുന്നു. അസം കെയേഴ്‌സ് എന്ന പേരില്‍ ഒരു പദ്ധതി സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയിട്ടുണ്ട്. പുറത്തുനിന്ന് വരുന്നവര്‍ക്ക് ഇതില്‍ രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കും. ഇതില്‍നിന്ന് കളക്ടര്‍ പരിശോധിച്ച് നല്‍കുന്ന ലിസ്റ്റ് പ്രകാരം സംസ്ഥാന സര്‍ക്കാര്‍ 6000 രൂപ മൂന്നു ഗഡുക്കളായി നല്‍കും. ഈ സംവിധാനം ഉണ്ടായിരുന്നതു കൊണ്ടു തന്നെ ജില്ലയിലേക്ക് എത്ര പേര്‍ വരുന്നു എന്നതിനെ കുറിച്ച് ധാരണയുണ്ടായിരുന്നു- കോവിഡ് പ്രതിരോധത്തിന്റെ ആദ്യ ചുവടിനെ കുറിച്ചുള്ള ലക്ഷ്മിപ്രിയയുടെ വാക്കുകള്‍ ഇങ്ങനെ.  

മിലി ജുലി, മൊറോം, സമര്‍ധന്‍ എന്നീ പേരുകളില്‍ ബൊംഗൈ ഗാവിനു വേണ്ടി രൂപവത്കരിച്ച മൂന്ന് പദ്ധതികളാണ് ജില്ലയുടെ കോവിഡ് പ്രതിരോധത്തിന്റെ നട്ടെല്ല്. കൊറോണ പ്രതിരോധത്തിന്റെ കാര്യത്തില്‍ അസമിലെ മറ്റു ജില്ലകളില്‍നിന്ന് ബൊംഗൈ ഗാവിനെ വ്യത്യസ്തമാക്കുന്നതും ഇവയാണ്.

പ്രോജക്ട്‌ മിലി ജുലി

mili juliബൊംഗൈ ഗാവിലേക്ക് തിരികെ വരുന്നവര്‍ക്കു വേണ്ടി മൂന്ന് പദ്ധതികളാണ് ലക്ഷ്മിപ്രിയയും സംഘവും നടപ്പാക്കിയത്. ആദ്യത്തേത്-മിലി ജുലി(ഒന്നിച്ച് എന്നാണ് അസമീസ് ഭാഷയില്‍ ഈ വാക്കിന്റെ അര്‍ഥം). 563 ഗ്രാമങ്ങളാണ് ബൊംഗൈ ഗാവിലുള്ളത്. 65 പഞ്ചായത്തുകളുമുണ്ട്.

എല്ലാ പഞ്ചായത്തുകളിലും ഗ്രാമങ്ങളിലും കൊറോണ പ്രതിരോധി ദള്‍ എന്നൊരു ഗ്രൂപ്പ് രൂപവത്കരിച്ചു. കൊറോണ പ്രതിരോധത്തിന്റെ ഫസ്റ്റ് ലെവല്‍ ഓഫ് ഡിഫന്‍സ് ആയാണ് ഇത് പ്രവര്‍ത്തിക്കുന്നത്.

ഗ്രാമങ്ങളിലെ സ്‌കൂളിലെ പ്രധാന അധ്യാപകനാണ് കൊറോണ പ്രതിരോധി ദളിന് നേതൃത്വം നല്‍കുന്നത്. ആശ പ്രവര്‍ത്തകര്‍, വില്ലേജ് ഡിഫന്‍സ് പാര്‍ട്ടി എന്ന സംവിധാനത്തിലെ അംഗങ്ങള്‍, അങ്കണവാടി പ്രവര്‍ത്തകര്‍, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എന്നിവരൊക്കെയാണ് കൊറോണ പ്രതിരോധി ദളിലെ അംഗങ്ങള്‍.

പുറത്തുനിന്ന് ആളുകള്‍ തിരികെയെത്തുന്ന വീടുകളില്‍ എത്തി കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കുക തുടങ്ങിയ കാര്യങ്ങളാണ് ഇവര്‍ ചെയ്യുന്നത്. മടങ്ങിയെത്തുന്ന ആളുകളെ സ്രവം ശേഖരിച്ച ശേഷം അവരുടെ വീടുകളുടെ ഏറ്റവും അടുത്തുള്ള സ്‌കൂളുകളിലാണ് ക്വാറന്റീന്‍ ചെയ്യുന്നത്.

ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റീനു ശേഷം വീടുകളിലേക്ക് മടങ്ങുന്നവര്‍ക്ക് ആദ്യം റൂം ക്വാറന്റീന്‍ ആയിരുന്നു ഏര്‍പ്പെടുത്തിയിരുന്നത്. പിന്നീട് അത് ഹൗസ് ക്വാറന്റീന്‍ ആക്കി. ഒരാള്‍ വീട്ടിലേക്ക് തിരിച്ചു പോവുകയാണെങ്കില്‍, പത്തുദിവസത്തേക്ക് നാലുപേര്‍ക്ക് ആവശ്യമായ അരിയും പലവ്യഞ്ജനങ്ങളും ഉള്‍പ്പെട്ട 2000 രൂപയുടെ കിറ്റ് നല്‍കും. വീട്ടില്‍നിന്ന് ആരും പുറത്തേക്ക് പോകുന്നില്ല എന്ന് ഉറപ്പാക്കാനായിരുന്നു ഇത്.

പ്രോജക്ട്‌ മൊറോം

സ്‌നേഹം എന്നാണ് മൊറോം എന്ന അസമീസ് വാക്കിന്റെ അര്‍ഥം. തിരിച്ചുവന്നവരില്‍ ഗര്‍ഭിണികള്‍, കുട്ടികള്‍, വയോധികര്‍, ഭിന്നശേഷിക്കാര്‍, പ്രത്യേക പരിഗണന ആവശ്യമുള്ളവര്‍ എന്നിങ്ങനെ അഞ്ച് വിഭാഗങ്ങളിലുള്ളവരെയാണ് മൊറോം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയത്. ക്വാറന്റീന്‍ കാലയളവില്‍ ഇവര്‍ക്ക് പ്രത്യേകം കിറ്റുകള്‍ നല്‍കും. പാല്‍,മുട്ട, പോഷകാഹാരങ്ങള്‍ എന്നിവ ഉള്‍പ്പെട്ട എക്‌സട്രാ കിറ്റുകളാണ് ഇവര്‍ക്ക് നല്‍കുന്നത്. കുട്ടികള്‍ക്ക് ഡ്രോയിങ് പുസ്തകങ്ങളും നല്‍കാറുണ്ട്.

lakshmi priya

പ്രോജക്ട്‌ സമര്‍ധന്‍

പിന്തുണ എന്നാണ് അസമീസില്‍ സമര്‍ധന്‍ എന്ന വാക്കിന്റെ അര്‍ഥം. കോവിഡ് കാലത്ത് മറ്റുള്ളവരെ സാമ്പത്തികമായി സഹായിക്കാന്‍ ബൊംഗൈ ഗാവിലുള്ള പലരും മുന്നോട്ടു വന്നിരുന്നു. എന്നാല്‍ അവരില്‍നിന്ന് പണമായി സ്വീകരിച്ചില്ല. പകരം ആ പണം കൊണ്ട് മറ്റുള്ളവര്‍ക്ക് ചെയ്യാന്‍ കഴിയുന്ന കാര്യങ്ങള്‍ കണ്ടെത്തി ചെയ്യിപ്പിച്ചു.

കോവിഡ് കാലത്ത് ജോലി നഷ്ടപ്പെട്ട റെയില്‍വേ കോളനിയിലും മറ്റും ജോലി നഷ്ടപ്പെട്ട ആളുകള്‍ക്ക് ഭക്ഷ്യകിറ്റുകള്‍ നല്‍കുക, കുട്ടികള്‍ ഒക്കെ വീട്ടിലിരിക്കുന്ന സമയം ആയതിനാല്‍ അവര്‍ക്കായി നടത്തുന്ന ചിത്രരചന മത്സരത്തിന് സമ്മാനം സ്‌പോണ്‍സര്‍ ചെയ്യിക്കുക തുടങ്ങിയ കാര്യങ്ങള്‍ പ്രോജക്ട് സമര്‍ധന്‍ വഴി ചെയ്യാന്‍ സാധിച്ചു.

രോഗത്തിന്റെ വരവ്

മേയ്, ജൂണ്‍ മാസങ്ങളിലായാണ് ബൊംഗൈഗാവില്‍ രോഗം സ്ഥിരീകരിച്ചു തുടങ്ങിയത്. ഇതുവരെ 87 പേര്‍ക്കാണ് ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 16 പേര്‍ രോഗമുക്തി നേടി. മരണങ്ങളൊന്നും ഉണ്ടായില്ല. 85 വയസ്സുള്ള ആളാണ് രോഗമുക്തി നേടിയ ഏറ്റവും പ്രായമുള്ളയാള്‍. ലോക്ക്ഡൗണ്‍ കാലത്ത് നല്ല സഹകരണമായിരുന്നു ജനങ്ങളുടെ ഭാഗത്തുനിന്നുണ്ടായിരുന്നത്. അതുകൊണ്ടു തന്നെ കര്‍ക്കശ നടപടികള്‍ വേണ്ടി വന്നിരുന്നില്ല.

'ഡോക്ടര്‍ ആയത് ഏറെ സഹായകമായി'

ഡോക്ടറായത് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഒരുപാട് സഹായിച്ചിട്ടുണ്ടെന്ന് ലക്ഷ്മിപ്രിയ പറയുന്നു. അസുഖത്തെ കുറിച്ച് വ്യക്തമായ ഒരു ചിത്രമുണ്ട്. എന്തൊക്കെ രീതിയില്‍ അത് പടരും, എന്തൊക്കെ മാനദണ്ഡങ്ങളാണ് പിന്തുടരേണ്ടത് ഇവയെ കുറിച്ച് വ്യക്തമായ ധാരണയുണ്ടാകും. കമ്യൂണിറ്റി സ്‌പ്രെഡിനെ കുറിച്ച് ആശങ്കപ്പെടേണ്ട ഒരു സാഹചര്യം ഇപ്പോള്‍ ജില്ലയില്‍ ഇല്ല. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ പ്രധാനപ്പെട്ട റെയില്‍വേ സ്‌റ്റേഷനുകളിലൊന്നാണ് ന്യൂ ബൊംഗൈ ഗാവ് റെയില്‍വേ സ്റ്റേഷന്‍. ഒരുപാട് ആളുകള്‍ എത്തിച്ചേരുന്നതും ഗുഡ്‌സ് ട്രെയിനുകള്‍ പുറപ്പെടുന്നതുമായ സ്റ്റേഷനാണ്. മറ്റ് വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലേക്ക് പോകുന്നവരും ഈ സ്‌റ്റേഷനാണ് ഉപയോഗിച്ചിരുന്നത്. അതുകൊണ്ടു തന്നെ അവിടം അല്‍പം ആശങ്ക സൃഷ്ടിച്ചിരുന്നു. തുടര്‍ന്ന് അവിടം കേന്ദ്രീകരിച്ച് കൂടുതല്‍ പരിശോധനകള്‍ നടത്തി. എന്നാല്‍ അവിടെ നിന്ന് കേസുകളൊന്നും സ്ഥിരീകരിച്ചില്ലെന്നത് ആശ്വാസം നല്‍കിയെന്നും അവര്‍ കൂട്ടിച്ചേര്‍ക്കുന്നു.

വെള്ളപ്പൊക്കത്തിന്റെ കാലത്തെ കൊറോണ പ്രതിരോധം

അസമില്‍ ഇത് വെള്ളപ്പൊക്കത്തിന്റെ കാലമാണ്. ബ്രഹ്മപുത്ര നദിയില്‍ വെള്ളം പൊങ്ങിയിട്ടുണ്ട്. എല്ലാ വര്‍ഷവും വെള്ളപ്പൊക്കം ഉണ്ടാകുന്നതിനാല്‍ ഒരുമാസം മുമ്പേ തന്നെ അതിനെ നേരിടാനുള്ള ശ്രമങ്ങള്‍ നടത്തിയിരുന്നുവെന്ന് ലക്ഷ്മിപ്രിയ പറഞ്ഞു. മുന്‍ വര്‍ഷങ്ങളില്‍ വെള്ളം പൊങ്ങിയ സ്ഥലങ്ങള്‍ നേരത്തെ തന്നെ തിരിച്ചറിഞ്ഞിരുന്നു. രക്ഷാപ്രവര്‍ത്തനത്തിന് വരുന്ന എന്‍.ഡി.ആര്‍.എഫ്. സംഘങ്ങള്‍ക്കും മറ്റും മാസ്‌കും സാനിറ്റൈസറും ഉള്‍പ്പെടെയുള്ളവ നല്‍കിയിരുന്നതായും അവര്‍ കൂട്ടിച്ചേര്‍ക്കുന്നു.

മകളെ മിസ് ചെയ്യുന്ന അമ്മ

അമ്മ കോവിഡ് പ്രതിരോധത്തിന്റെ തിരക്കിലായതോടെ ഒന്നര വയസ്സുകാരിയായ മകള്‍ മഹാലക്ഷ്മി, ലക്ഷ്മിപ്രിയയുടെ മാതാപിതാക്കള്‍ക്കൊപ്പമാണ്. അച്ഛനും അമ്മയുമാണ് കുഞ്ഞിനെ നോക്കുന്നത്. എങ്ങാനും കോവിഡ് പോസിറ്റീവ് ആവുകയാണെങ്കില്‍ അവരിലേക്കും കുഞ്ഞിനും രോഗം വരാതിരിക്കുക എന്ന മുന്‍കരുതലിന്റെ ഭാഗമായാണ് ഔട്ട് ഹൗസിലാണ് താമസിക്കുന്നത്-ലക്ഷ്മിപ്രിയ പറയുന്നു.

lakshmi priya
ലക്ഷ്മിപ്രിയ മകള്‍ക്കും മാതാപിതാക്കള്‍ക്കും ഒപ്പം

കുഞ്ഞിനെ കണ്ടിട്ട് ഒരുപാടു ദിവസമായി. പലപ്പോഴും ജോലി കഴിഞ്ഞ് മടങ്ങിവരുന്നത് വൈകിയാണ്. അപ്പോള്‍ പിന്നെ അവരെ ബുദ്ധിമുട്ടിക്കണ്ടെന്ന് കരുതി വേണ്ടെന്ന് കരുതി തനിച്ച് താമസിക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ക്കുന്നു.  മഹാരാഷ്ട്ര സ്വദേശിയും ഡല്‍ഹിയില്‍ ഇന്ത്യന്‍ ഓഡിറ്റ് ആന്‍ഡ് അക്കൗണ്ട് സര്‍വീസ് ഓഫീസറുമായ വിശ്വജീത് യാദവാണ് ലക്ഷ്മിപ്രിയയുടെ ഭര്‍ത്താവ്.

Content Highlights: assam bongaigaon district collector dr ms lakshmipriya speaks about covid prevention