ഒല്ലൂര്‍: നിറഞ്ഞ സമൃദ്ധിയില്‍ മിച്ചം വന്നതല്ല, മറിച്ച് നീട്ടിയ കൈക്കുമ്പിളില്‍ ലഭിച്ചതിന്റെ ചെറിയൊരുഭാഗം അപരന്റെകൂടി വിശപ്പടക്കുന്ന കനിവിന്റെ പാഥേയമാണ് ഈ അഗതിഭവന്‍ ഓര്‍മപ്പെടുത്തുന്നത്.

ഉദാരമതികളുടെ കനിവിനാല്‍, നിരാലംബരെ സംരക്ഷിച്ചുപോരുന്ന ആശ്രയഭവന്‍ തെരുവോരങ്ങളില്‍ കഴിയുന്നവര്‍ക്കുകൂടി അന്നം എത്തിച്ചുനല്‍കി മറ്റൊരു സ്‌നേഹമാതൃക തീര്‍ക്കുകയാണ്. ആത്മഹത്യാമുനമ്പില്‍നിന്ന് തിരിച്ചെത്തിയ ലീന-പീറ്റര്‍ ദമ്പതിമാരാണ് നടത്തറയിലെ ആശ്രയഭവന്റെ നടത്തിപ്പുകാര്‍.

2001-ല്‍ ചാലക്കുടിയിലെ ഇവരുടെ വാടകവീട്ടില്‍നിന്നാണ് ആശ്രയഭവന്‍ തുടങ്ങിയത്. നാലഞ്ചുപേര്‍ക്കാണ് അന്ന് ഇവര്‍ അഭയമായി മാറിയത്. പിന്നീട് നടത്തറയിലെത്തി. ഇവിടെ നാല്‍പ്പതുപേരുണ്ട്. പോലീസും മറ്റു സന്നദ്ധപ്രവര്‍ത്തകരും കണ്ടെത്തുന്ന നിരാലംബ വയോധികരെ ഇവിടെയാണ് ഏല്‍പ്പിക്കുന്നത്. ഇവരെ തേടി പിന്നീട് ബന്ധുക്കളോ ഉറ്റവരോ വരാറില്ല. പലരും ജീവിതാവസാനം വരെ ഇവരുടെ തണലിലാണ് കഴിഞ്ഞുകൂടുന്നത്. മുണ്ടൂര്‍ ഏഴാംകല്ലിലും ഒരു ഭവനമുണ്ട്. അവിടെ മുപ്പത്തിയഞ്ചുപേരെയാണ് സംരക്ഷിച്ചുപോരുന്നത്.

ആശ്രയഭവന്‍ ഇരുപതാം വര്‍ഷത്തിലേക്ക് പ്രവേശിച്ചതിന്റെ ഭാഗമായാണ് തെരുവോരങ്ങളില്‍ കഴിയുന്നവര്‍ക്ക് ഉച്ചഭക്ഷണം നല്‍കുന്ന സേവനം ആരംഭിച്ചത്. രണ്ടുമാസം മുമ്പാണ് നഗരത്തിലെ വിവിധയിടങ്ങളില്‍, എഴുന്നേറ്റ് നടക്കാന്‍പോലും കഴിയാത്തവര്‍ക്കുവേണ്ടി ഭക്ഷണപ്പൊതികള്‍ എത്തിക്കുന്നത്. നടത്തറയില്‍ തയ്യാറാക്കുന്ന ഭക്ഷണം ഇവിടെയുള്ളവര്‍തന്നെയാണ് പൊതിയുന്നത്. ഉച്ചയ്ക്ക് ഇവിടെ ഭക്ഷണം നല്‍കും മുമ്പേ ഭക്ഷണപ്പൊതികള്‍ എത്തിക്കും. തെരുവിലുള്ള നൂറുപേര്‍ക്കാണ് ദിവസവും ഭക്ഷണമെത്തിക്കുന്നത്.

ചങ്ങനാശ്ശേരി സ്വദേശികളായ ലീനയും പീറ്ററും സ്വന്തമായി നടത്തിയിരുന്ന ബിസിനസ് തകര്‍ന്ന് വലിയ കടബാധ്യതയിലായി. തുടര്‍ന്നാണ് രണ്ടു മക്കളുമായി കൂട്ട ആത്മഹത്യയ്ക്ക് ശ്രമിച്ചത്. തിരിച്ചുകിട്ടിയ ജീവിതം പിന്നീട് നിരാലംബര്‍ക്കായി മാറ്റിവെക്കുകയായിരുന്നു. ഉദാരമതികളുടെ സഹായം മാത്രമാണ് ആശ്രയഭവന്റെ നിലനില്‍പ്പ്.

content highlights: asraya bhavan distributes free food to destitutes