കൊച്ചി: ആറാംമാസത്തില്‍ 550 ഗ്രാം തൂക്കവുമായി ജനിക്കുമ്പോള്‍ ആസിയ മെഹ്റിനെ ജീവിതത്തിലേക്ക് കൈപിടിച്ചുയര്‍ത്താനാകുമെന്ന പ്രതീക്ഷ ഡോക്ടര്‍മാര്‍ക്ക് പോലുമുണ്ടായിരുന്നില്ല. വികസിത രാജ്യങ്ങളിലെ അത്യാധുനിക സൗകര്യങ്ങളുള്ള ആശുപത്രികള്‍ പോലും ഇത്തരം കേസുകളില്‍ പലപ്പോഴും പരാജയപ്പെടാറാണ് പതിവ്. എന്നാല്‍, കേരളത്തിലെ ഒരു സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ പരിചരണത്തില്‍ അവള്‍ ജീവിതത്തിലേക്ക് തിരികെവന്നു. വൈദ്യശാസ്ത്രത്തെ പോലും അത്ഭുതപ്പെടുത്തിക്കൊണ്ട്.

asiya
ഫോട്ടോ: ടി.കെ.പ്രദീപ്കുമാര്‍

ജനിച്ച് ഒന്‍പതാംമാസം വരെ ഓക്സിജന്‍ സിലിണ്ടറിന്റെ സഹായത്താലാണ് ആസിയ ജീവിതം നിലനിര്‍ത്തിയത്. ആറുമാസത്തോളം ആശുപത്രിയില്‍ കഴിഞ്ഞു. ഒരുമാസത്തിലേറെ ജീവന്‍ നിലനിര്‍ത്തിയത് വെന്റിലേറ്ററിന്റെ സഹായത്താലായിരുന്നു. ഇതിനിടെ എറണാകുളം ലിസി ആശുപത്രിയില്‍ ഹൃദയം തുറന്നുള്ള ശസ്ത്രക്രിയയും നടത്തി. കണ്ണിന് ലേസര്‍ ചികിത്സ വേണ്ടിവന്നു. മാസം തികയാതെ പ്രസവിച്ചതുമൂലം ശ്വാസകോശം ഉള്‍പ്പെടെയുള്ള ആന്തരികാവയവങ്ങള്‍ക്ക് വേണ്ടത്ര വളര്‍ച്ചയില്ലാത്തതിന്റെ പ്രശ്നങ്ങള്‍ വേറെ.

പക്ഷേ, അവള്‍ അതിനെയെല്ലാം അതിജീവിച്ചു. ഇപ്പോള്‍ ആസിയ ആദ്യ ജന്‍മദിനം ആഘോഷിക്കുകയാണ്, മാതാപിതാക്കളുടെയും സഹോദരന്‍മാരുടെയും ഡോക്ടര്‍മാരുടെയും നഴ്സുമാരുടെയുമെല്ലാം സ്നേഹത്തണലില്‍. അത്ഭുതശിശുവിനായി എറണാകുളം മെഡിക്കല്‍ കോളേജില്‍ പ്രത്യേക ജന്‍മദിനാഘോഷവും ഒരുക്കിയിരുന്നു.

asiya
ഫോട്ടോ: ശിഹാബുദ്ദീന്‍ തങ്ങള്‍

അടിമാലി സ്വദേശികളായ മുഹമ്മദിന്റെയും ഫൗസിയയുടെയും മൂന്നാമത്തെ കുഞ്ഞാണ് ആസിയ. കഴിഞ്ഞ ഏപ്രിലില്‍ ആറാംമാസത്തില്‍ തന്നെ അസ്വസ്ഥത തോന്നിയതിനെ തുടര്‍ന്നാണ് ഫൗസിയയെ അടിമാലിയിലെ ആശുപത്രിയില്‍ എത്തിച്ചത്. സ്ഥിതി ഗുരുതരമാണെന്ന് കണ്ടതിനെ തുടര്‍ന്ന് ആശുപത്രി അധികൃതര്‍ ഉടന്‍തന്നെ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകാന്‍ നിര്‍ദേശിച്ചു. എന്നാല്‍, കോട്ടയത്തേക്കുള്ള യാത്രാമധ്യേ ഫൗസിയയുടെ നില കൂടുതല്‍ വഷളായതിനെ തുടര്‍ന്ന് തൊടുപുഴയിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും അവിടെവെച്ച് സിസേറിയനിലൂടെ കുഞ്ഞിനെ പുറത്തെടുക്കുകയുമായിരുന്നു.

അവിടെ നിന്ന് കൊണ്ടുപോകുന്നത് പോലും റിസ്‌കാണെന്നും ആംബുലന്‍സില്‍ എത്തിക്കാന്‍ വലിയ ചിലവാകുമെന്നുമാണ് അവിടത്തെ ഡോക്ടര്‍ പറഞ്ഞിരുന്നതെന്ന് ആസിയയുടെ പിതാവ് മുഹമ്മദ് പറയുന്നു. എന്നാല്‍, എന്നെക്കൊണ്ട് കഴിയുന്നതിന്റെ പരമാവധി എന്റെ മകള്‍ക്കായി ചെയ്യണമെന്ന് നിര്‍ബന്ധമായിരുന്നു. അതുകൊണ്ടാണ് ഉടന്‍തന്നെ വെന്റിലേറ്റര്‍ സൗകര്യമുള്ള ആംബുലന്‍സില്‍ കുട്ടിയെ കളമശ്ശേരിക്ക് കൊണ്ടുവന്നത് -മുഹമ്മദ് പറഞ്ഞു. 

asiya
ഫോട്ടോ: ടി.കെ.പ്രദീപ്കുമാര്‍

മെഡിക്കല്‍ കോളേജില്‍ വെന്റിലേറ്ററില്‍ രണ്ടാഴ്ച കഴിഞ്ഞപ്പോഴേക്കും കുഞ്ഞിന്റെ ഭാരം നൂറു ഗ്രാം കൂടി കുറഞ്ഞു. ഇതിനിടെ ഹൃദയത്തിന് ഗുരുതരമായ തകരാറും കണ്ടെത്തി. ഇതേത്തുടര്‍ന്ന് എറണാകുളം ലിസി ആശുപത്രി സൗജന്യമായി ശസ്ത്രക്രിയ നടത്താന്‍ തയ്യാറാവുകയായിരുന്നു. കളമശ്ശേരിയിലെ മെഡിക്കല്‍ കോളേജില്‍ നിന്ന് ഡോക്ടര്‍മാരുടെ സംഘം ആംബുലന്‍സില്‍ കുട്ടിയെ എറണാകുളത്തെ ലിസി ആശുപത്രിയില്‍ എത്തിച്ച് ശസ്ത്രക്രിയ നടത്തി അന്നു രാത്രി തന്നെ തിരികെ മെഡിക്കല്‍ കോളേജില്‍ എത്തിക്കുകയായിരുന്നു. ഡോ. തോമസ് മാത്യുവിന്റെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ. കേരളത്തില്‍ ആദ്യമായാണ് ഇത്രയും തൂക്കം കുറഞ്ഞ ഒരു കുഞ്ഞിന്റെ ഹൃദയശസ്ത്രക്രിയ നടത്തുന്നതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.

600 ഗ്രാമില്‍ താഴെ തൂക്കമുള്ള കുട്ടിയുടെ ജീവന്‍ രക്ഷിക്കുക എന്നത് ഒരു അത്ഭുതം തന്നെയാണെന്ന് മെഡിക്കല്‍ കോളേജിലെ നവജാത ശിശുരോഗ വിദഗ്ധനായ ഡോ. പീറ്റര്‍ വാഴയില്‍ പറഞ്ഞു. സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികളുടെ കൂട്ടായ്മയാണ് ഒരു കുരുന്നു ജീവന്‍ രക്ഷിക്കാന്‍ തുണയായത്. മുഹമ്മദിന്റെയും കുടുംബത്തിന്റെയും നിശ്ചയദാര്‍ഢ്യമാണ് തങ്ങള്‍ക്ക് ഊര്‍ജമായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കുഞ്ഞിനെ തിരികെ ലഭിച്ചത് ഒരുപാട് പേരുടെ പരിശ്രമം കൊണ്ടാണെന്നും അവള്‍ക്കായി ഇനിയും കഴിയുന്നതെല്ലാം ചെയ്യുമെന്നും ആസിയയുടെ പിതാവ് മുഹമ്മദ് മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു. നിലവില്‍ ആസിയയുടെ നില തൃപ്തികരമാണെങ്കിലും മാസമെത്താതെ ജനിച്ചതിനാല്‍ വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും ശ്രദ്ധവേണമെന്ന് ഡോക്ടര്‍മാരും ഓര്‍മിപ്പിക്കുന്നു.

asiya
ഫോട്ടോ: ടി.കെ.പ്രദീപ്കുമാര്‍

അടിമാലി ഇരുമ്പുപാലം സ്വദേശികളാണ് മുഹമ്മദും ഫൗസിയയും. 12 വര്‍ഷം മുമ്പാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. ആസിയയെ കൂടാതെ രണ്ടു മക്കള്‍ കൂടിയുണ്ട് ഇവര്‍ക്ക്. ആറാംക്ലാസുകാരന്‍ ആദില്‍ മുഹമ്മദും രണ്ടാംക്ലാസില്‍ പഠിക്കുന്ന അമാന്‍ മുഹമ്മദും. ഡ്രൈവറായ മുഹമ്മദ് ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ പണിപ്പെടുന്നതിനിടെയാണ് ആസിയയുടെ ജനനം. കുറേക്കാലം ആംബുലന്‍സ് ഡ്രൈവറായും ഇദ്ദേഹം ജോലി ചെയ്തിട്ടുണ്ട്. അപ്പോള്‍ താന്‍ ചെയ്ത ഏതെങ്കിലും പുണ്യമാകും മകളെ രക്ഷിച്ചതെന്ന് മുഹമ്മദ് വിശ്വസിക്കുന്നു. കുഞ്ഞിനെ തൊടുപുഴയില്‍ നിന്ന് മെഡിക്കല്‍ കോളേജില്‍ എത്തിച്ച ആംബുലന്‍സിന്റെ പണം പോലും മറ്റാരോ ആണ് കൊടുത്തതെന്നും മെഡിക്കല്‍ കോളേജിലെ ജന്‍മദിനാഘോഷ ചടങ്ങില്‍ മുഹമ്മദ് പറഞ്ഞു.

`കഴിഞ്ഞ ഒരു വര്‍ഷക്കാലയളവിനിടെ ഒരുപാടുപേര്‍ കാരുണ്യവുമായെത്തി. മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരും നഴ്സുമാരും മറ്റു സ്റ്റാഫുകളും എന്തിന് കോണ്‍ക്രീറ്റ് ചുവരുകള്‍ പോലും കാരുണ്യം കാണിച്ചിരുന്നു. ഇവിടെയെത്തിയ ആംബുലന്‍സിന്റെ ചാര്‍ജ് പോലും ഞാനല്ല കൊടുത്തത്. മറ്റാരോ ആണ്. വീട്ടില്‍ ഓക്സിജന്‍ എത്തിക്കാനും പല സംഘടനകളും സഹായിച്ചു. എല്ലാവരോടും പറയാന്‍ നന്ദി മാത്രമേയുള്ളൂ' -മുഹമ്മദ് വികാരാധീനനായി.

asiya
ഫോട്ടോ: ടി.കെ.പ്രദീപ്കുമാര്‍

content highlights: Asifa Mehr, Cochin Govt Medical College Hospital, Good News