കലഞ്ഞൂര്‍(പത്തനംതിട്ട): കോവിഡ് പ്രതിസന്ധിയില്‍ സ്‌കൂളുകളില്ലാത്തത് പല കുട്ടികള്‍ക്കും വിഷമതകള്‍ സൃഷ്ടിക്കുന്നുവെന്ന് പറയുമ്പോള്‍ ഇവിടെ ആഞ്ചലീന ഹാപ്പിയാണ്.

ഓണ്‍ലൈന്‍ ക്ലാസ് കഴിഞ്ഞാലും ആഞ്ചലീനയ്ക്ക് മുറ്റം നിറയെ കൂട്ടുകാരുണ്ട്. അവരുമായി എത്രനേരം സംസാരിച്ചാലും തീരാത്ത വിശേഷങ്ങളുമുണ്ട് പറയാന്‍.

കോവിഡ് നിയന്ത്രണത്തില്‍ മുറ്റംനിറയെ എത്തിയ പുതിയ കൂട്ടുകാര്‍ ആഞ്ചലീനയുടെ സ്വന്തം ചെടികളാണ്. കൊട്ടന്തറ പ്ലാവിളയില്‍ വീട്ടിലെത്തിയാല്‍ ഉപയോഗശൂന്യമായ ഗ്ലാസ് മുതല്‍ ഒഴിഞ്ഞ ടിന്നുകളിലും കുപ്പികളിലും എല്ലാം മനോഹരമായ ചെടികളുടെ ശേഖരണം കാണാം.

സ്‌കൂളില്ലാത്തതിനാല്‍ വീട്ടില്‍ വെറുതേയിരുന്നപ്പോഴാണ് മുറ്റത്ത് ചെടികള്‍ വച്ചുപിടിപ്പിക്കാന്‍ ആഗ്രഹം തോന്നിയത്. അതിനായി, കൂടെ പഠിച്ച കൂട്ടുകാരില്‍നിന്നുതന്നെ ആദ്യം തൈകളും വിത്തുകളും ശേഖരിച്ചു.

കലഞ്ഞൂര്‍ കൊട്ടന്തറ പ്ലാവിളയില്‍ ഫോട്ടോഗ്രാഫറായ വൈ.ബിജുവിന്റെയും ജി.ലേഖയുടെയും മകളാണ്, കലഞ്ഞൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ആറാംക്ലാസ് വിദ്യാര്‍ഥിനിയായ ആഞ്ചലീന മറിയം ബിജു. മകളുടെ ആഗ്രഹത്തിനനുസരിച്ച് ഇപ്പോള്‍ വീട്ടിലെല്ലാവരും ചെടികളുടെ ശേഖരണത്തിലേക്ക് മാറി. ആയിരത്തിലധികം ചെടികളാണ് വീടിനുചുറ്റും മനോഹരമായി ഒരുക്കിയിട്ടുള്ളത്.

വ്യത്യസ്തതരത്തിലുള്ള ഓര്‍ക്കിഡുകള്‍, പത്തുമണിച്ചെടികള്‍, റോസ്, തെറ്റി, അഡീനിയ തുടങ്ങി നൂറുകണക്കിന് ചെടികളുടെ ശേഖരവും ഈ കൊച്ചുമിടുക്കിക്കുണ്ട്. ഒപ്പം ചിത്രരചനയിലും പാചകത്തിലും ഉള്‍പ്പെടെ ആഞ്ചലീനയുണ്ട്.

ചെടികളോടുള്ള അനുജത്തിയുടെ ഇഷ്ടത്തിന് കൂട്ടായി പ്ലസ്ടു വിദ്യാര്‍ഥിനിയായ ചേച്ചി എയ്ഞ്ചലയുമുണ്ട്. ഓണ്‍ലൈന്‍ ക്ലാസിന്റെ സമയം കഴിഞ്ഞാല്‍ പാട്ടും പാടി ചെടികളുടെ അടുത്തുനിന്ന് മാറാതെ അവയെ നോക്കും.

content highlights: angelina mariyam biju student from pathanamthitta maintains garden